Sorry, you need to enable JavaScript to visit this website.

പഞ്ചായത്ത് ഓഫീസില്‍ ജീവനക്കാരെ കത്തിക്കാന്‍ ശ്രമം; ക്ലർക്ക് അറസ്റ്റില്‍

പാലാ- കടനാട് പഞ്ചായത്ത് ഓഫീസില്‍ ക്ലർക്ക് സഹജീവനക്കാരുടെമേൽ പെട്രോൾ ഒഴിച്ചു കത്തിക്കാൻ ശ്രമിച്ചു. തീ കത്തിക്കാൻ തീപ്പട്ടിയുരച്ചപ്പോൾ മറ്റു ജീവനക്കാർ പിടികൂടിയതിനാൽ വൻദുരന്തം ഒഴിവായി. ജീവനക്കാരുടെ സമയോചിതമായ ഇടപെടലാണ് ദുരന്തം ഒഴിവാക്കിയതെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് ജയ്സൺ പുത്തൻകണ്ടം പറഞ്ഞു.

യു.ഡി.ക്ലർക്ക് തലയോലപ്പറമ്പ് സ്വദേശി സുനിലിനെ  മേലുകാവ് പോലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് സംഭവം. മുൻ ദിവസങ്ങളിൽ അനുമതിയില്ലാതെ അവധിയെടുത്തിരുന്ന സുനിൽ ഹാജർ ബുക്ക് ബലമായി എടുത്തത് അസിസ്റ്റന്റ് സെക്രട്ടറി വിനോയി തടഞ്ഞപ്പോഴാണ് പ്രകോപിതനായത്. പിന്നീട് പെട്രോളുമായി എത്തിയ സുനിൽ ജീവനക്കാരുടെമേൽ പെട്രോൾ ഒഴിക്കുകയായിരുന്നു.

സ്ത്രീകൾ ഉൾപ്പടെ നാലുജീവനക്കാരുടെ ശരീരത്തിലാണ് പെട്രോളൊഴിച്ചത്. തീപ്പെട്ടി ഉരച്ച് തീ ജീവനക്കാരുടെ ശരീരത്തിലേയ്ക്ക് പടർത്തുവാൻ ശ്രമിച്ചപ്പോൾ ഓടിയെത്തിയ മറ്റു ജീവനക്കാർ ബലമായി പിടിച്ചു നിർത്തുകയായിരുന്നു.

ഇതിനിടയിൽ പെട്രോൾ ദേഹത്ത് വീണ ജീവനക്കാർ ഓഫീസിൽ നിന്ന് ഇറങ്ങിയോടി. പാലായിൽ നിന്ന് അഗ്നിരക്ഷാസേന  സ്ഥലത്തെത്തിയിരുന്നു.  സുനിൽ ഓഫീസിൽ സ്ഥിരമായി എത്താറില്ലെന്നു പഞ്ചായത്ത് പ്രസിഡന്റ് ജയ്സൺ പുത്തൻകണ്ടം പറഞ്ഞു. പല തവണ മെമ്മോയും നല്കിയിരുന്നു. ഹാജരാകാത്ത ദിവസത്തെ ഒപ്പ് ജോലിക്ക് വരുന്ന ദിവസം ഇടാറുണ്ടെന്നും പറയുന്നു. അച്ചടക്ക ലംഘനം തുടർച്ചയായ സാഹചര്യത്തിൽ സസ്പെന്റു ചെയ്യാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയായിരുന്നു. 

Latest News