Sorry, you need to enable JavaScript to visit this website.

സോളാർ; മുൻ മുഖ്യമന്ത്രിയുടെ ഓഫീസിന് വീഴ്ച്ച പറ്റിയെന്ന് ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട്

തിരുവനന്തപുരം- സോളാർ ഇടപാടിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് വീഴ്ച്ച പറ്റിയതായി സോളാർ കമ്മീഷൻ റിപ്പോർട്ട്. റിപ്പോർട്ട് ഇന്ന് മുഖ്യമന്ത്രിക്ക് സമർപ്പിച്ചു. റിപ്പോർട്ട് സംബന്ധിച്ച് പിന്നീട് പ്രതികരിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 
നാലു ഭാഗങ്ങളായാണ് ജസ്റ്റീസ് ബി. ശിവരാമൻ അധ്യക്ഷനായ ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചത്. മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ ഓഫീസ് ദുരുപയോഗം ചെയ്താണ് തട്ടിപ്പിന് ആളുകളെ സമീപിച്ചത് എന്നും റിപ്പോർട്ടിലുണ്ടെന്നാണ് സൂചന. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പേര് ദുരുപയോഗം ചെയ്തത് കൊണ്ടാണ് തട്ടിപ്പിന് ഇത്രയേറെ വ്യാപ്തിയുണ്ടായതെന്നും റിപ്പോർട്ടിലുണ്ട്.

സോളാർ കമ്മിഷൻ റിപ്പോർട്ട് സത്യസന്ധമാണെന്ന് വിശ്വസിക്കുകയേ നിവൃത്തിയുള്ളൂവെന്നു കേസിലെ മുഖ്യപ്രതി സരിത എസ്.നായർ പറഞ്ഞു. കമ്മിഷന്റെ നടപടികളോടു പൂർണമായി സഹകരിച്ചിരുന്നു. ശാസ്ത്രീയ തെളിവുകൾ കമ്മിഷൻ ശേഖരിച്ചിട്ടുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായും കേസുകൾ തുടരുമെന്നും സരിത പറഞ്ഞു.  

2013 ഒക്ടോബർ 23നാണ് ജസ്റ്റിസ് ശിവരാജൻ അധ്യക്ഷനായ ഏകാംഗകമ്മിഷനെ അന്നത്തെ യു.ഡി.എഫ് സർക്കാർ നിയോഗിച്ചത്. പ്രതിപക്ഷ ആവശ്യത്തെത്തുടർന്ന് മുഖ്യമന്ത്രിയുടെ ഓഫീസും അന്വേഷണപരിധിയിൽ ഉൾപ്പെടുത്തി. ഉമ്മൻ ചാണ്ടിയുടെ പേഴ്‌സണൽ സ്റ്റാഫിൽ ഉണ്ടായിരുന്നവർ സരിതയുമായി നടത്തിയ ഫോൺരേഖകൾ പുറത്തുവന്ന സാഹചര്യത്തിലായിരുന്നു ഇത്. പ്രധാനസാക്ഷിയായ സരിതയിൽനിന്നടക്കം തെളിവുകൾ ശേഖരിക്കാൻ വൈകിയതാണ് കമ്മിഷൻ റിപ്പോർട്ട് വൈകാൻ കാരണം. 
സംസ്ഥാനത്ത് സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ സൗരോർജസംവിധാനം സ്ഥാപിക്കാമെന്ന വാഗ്ദാനവുമായി സമീപിച്ച ടീം സോളാർ കമ്പനിയുടെ പേരിൽ നടന്ന തട്ടിപ്പാണ് കമ്മിഷൻ അന്വേഷിച്ചത്. 

Latest News