മസ്‌കത്ത് - കാലാവധി അവസാനിച്ച ഐ.ഡി, ഡ്രൈവിംഗ് ലൈസന്‍സ്, പാസ്‌പോര്‍ട്ട് എന്നിവക്ക് പിഴ ഈടാക്കില്ലെന്ന് ഒമാന്‍ റോയല്‍ പോലീസ് അറിയിച്ചു. കസ്റ്റമര്‍ കെയര്‍ സര്‍വീസ് വീണ്ടും തുറക്കുന്ന മുറക്ക് ഈ രേഖകളെല്ലാം പുതുക്കി നല്‍കുമെന്നും അവര്‍ വ്യക്തമാക്കി. കോവിഡ് വ്യാപനം നിയന്ത്രിക്കാന്‍ ഒമാന്‍ ഭരണനേതൃത്വം നിശ്ചയിച്ച മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് ഈ തീരുമാനം. കോവിഡ് പശ്ചാതലത്തില്‍ രാജ്യത്തെ മുഴുവന്‍ പാര്‍ക്കുകളും അടച്ചുപൂട്ടുകയും ജനം കൂടുന്ന വിവാഹം, മരണാനന്തര ചടങ്ങുകള്‍ തുടങ്ങി എല്ലാ പൊതുപരിപാടികളും ഒമാന്‍ നിര്‍ത്തലാക്കിരുന്നു. കൂടാതെ, വെള്ളിയാഴ്ച ജുമുഅയും രാജ്യത്ത് നിര്‍ത്തിവെച്ചിരുന്നു.
കൂടാതെ കൊറോണ വൈറസ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നേരത്തെ നിശ്ചയിച്ച ഷെഡ്യൂളിന് മുമ്പായി എല്ലാ സ്‌കൂളുകളും യൂനിവേഴ്‌സിറ്റികളും ഒമാന്‍ ഗവണ്‍മെന്റ് അടച്ചുപൂട്ടിയിരുന്നു. ജി.സി.സി രാഷ്ട്രങ്ങളിലെ പൗരന്മാര്‍ക്ക് ഒഴികെ മറ്റെല്ലാ വിദേശികള്‍ക്കും രാജ്യത്തേക്കുള്ള പ്രവേശനം വിലക്കിയിട്ടുണ്ട്. ഒമാനിലെത്തുന്ന ഏതൊരാള്‍ക്കും ക്വാറന്റൈനില്‍ കഴിയാനും നിര്‍ദേശമുണ്ട്. എങ്കിലും സാമ്പത്തിക പദ്ധതികളുടെ പുരോഗമനം ലക്ഷ്യമാക്കി ആഭ്യന്തര, അന്താരാഷ്ട്ര വിമാനയാത്രക്ക് അനുമതി നല്‍കുന്നതായി ഒമാന്‍ തിങ്കളാഴ്ച പ്രസ്താവിച്ചിരുന്നു.