Sorry, you need to enable JavaScript to visit this website.

'ചാക്കി'ടാത്ത ചാക്കും കെണിയും

വിശ്വാസമാണ് പ്രധാനം. 'തകർക്കാൻ പറ്റാത്ത വിശ്വാസം' എന്ന് പാമ്പൻപാലത്തിനു ഉപയോഗിച്ച സിമന്റിനെക്കുറിച്ചുള്ള പരസ്യം മറക്കാൻ കഴിയില്ല. അതുപോലെ, നല്ല ഉറച്ച കോൺക്രീറ്റിൽ പണിഞ്ഞ വിശ്വാസമാണ് മുല്ലപ്പള്ളി രാമചന്ദ്രന്റേത്. അതേസമയം ഇടതുമുന്നണിയോ? ദിവസം പ്രതി ഭയവും പരാജയബോധവും നിമിത്തം ക്ഷീണിച്ച്, ക്ഷയിച്ച്, എല്ലുകൾ ഉന്തിയ കോലം മാത്രമായിക്കൊണ്ടിരിക്കുന്നു. അക്കാര്യം 'കണ്ടു'പിടിച്ചതും പരസ്യപ്പെടുത്തിയതും മുല്ലപ്പള്ളി തന്നെ. 'കരുതൽ വൃക്ഷത്തൈ' സേവാദൾ പ്രവർത്തകർക്കു വിതരണം ചെയ്യുന്നതിനായിരുന്നു സന്ദർശനം. കേരളം കോവിഡിനെ കരുതിയിരിക്കണമെന്നാണോ, അതോ സേവാദളങ്ങൾ കരുതണമെന്നാണോ എന്നു വ്യക്തമല്ല. ഒരു ഗുണമുണ്ടായി, മൺമറഞ്ഞുവെന്നു പലരും സംശയിച്ചിരുന്ന ആ 'ദളം' ഇപ്പോഴും ശ്വാസം വലിച്ചു കഴിയുന്നുണ്ട്. പുരാവസ്തു ഗവേഷകരെ ഇക്കാര്യം അറിയിക്കുന്നതു നന്നാവും.

പുനർ ഗവേഷണത്തിനു ഫണ്ട്/ ഗ്രാന്റ് വല്ലതും തരപ്പെടും. പാർട്ടിയുടെ സാമ്പത്തികം വല്ലാതെ ഞെരുങ്ങുന്നത് 'ധർണ' നടത്തുന്നതു കാണുമ്പോൾ അറിയുന്നുണ്ട്. മുല്ലപ്പള്ളി വിതരണം ചെയ്ത വൃക്ഷത്തൈകൾ എവിടെയൊക്കെ നട്ടുവെന്നുകൂടി വെളിപ്പെടുത്തണം. കൃഷിയാപ്പീസിൽനിന്നും വളവും മെയിൻ റോഡിലെ പൈപ്പിൽനിന്നും വെള്ളവും സൗജന്യമായി ലഭിക്കും. 'വളം' ആരും അടിച്ചുമാറ്റാതെ ശ്രദ്ധിക്കണം. പാർട്ടി ഫണ്ടും 'വീക്ഷണം' ഫണ്ടും വിഴുങ്ങി ശീലിച്ചവരാണ് കൂടെയുള്ളവർ. തൈ വിതരണക്കാര്യത്തിനിടയ്ക്ക് മുല്ലപ്പള്ളി ഇടതുമുന്നണിയുടെ പരാജയഭീതിയെക്കുറിച്ചു തുറന്നടിച്ചതു നന്നായി. അല്ലെങ്കിൽ സി.പി.എമ്മിന്റെ കോട്ടയം ജില്ലാ സെക്രട്ടറി ഒരു മാതിരി മോഹിപ്പിക്കുന്ന വർത്തമാനവുമായി കേരളാ കോൺഗ്രസുകളുടെ പുറകെ നടക്കുമോ? വെറുതെ കാറ്റുകൊള്ളാമെന്നു പറഞ്ഞ് മുഖാവരണവും എടുത്തണിഞ്ഞ് പാലാ വഴിയും തൊടുപുഴ വഴിയുമൊക്കെ സഞ്ചരിക്കുന്നത് ആരും കണ്ടില്ലെന്നാണോ? വാസവൻ പ്രസ്താവന പോരാഞ്ഞിട്ട് ചികിത്സയും വിശ്രമവും ഊണും ഉറക്കവുമായി കഴിയുന്ന കോടിയേരി സഖാവും മുന്നണി വിപുലീകരിക്കാൻ മടിക്കില്ല എന്നൊരു തട്ടുതട്ടി. കാലുടക്കി ആരെങ്കിലും വീഴുന്നെങ്കിൽ എടുത്തുപോക്കാം. ചാക്ക് റെഡി. എന്നാൽ, ആരെയും ചാക്കിട്ടു പിടിക്കുകയുമില്ല. അതിനെ രാഷ്ട്രീയത്തിൽ 'തന്ത്ര'മെന്നു പറയും. രാഷ്ട്രീയത്തിനു പുറത്ത് മറ്റു ചിലതു പറയും. എഴുതാൻ കൊള്ളില്ല.

****
'പെൺബുദ്ധി പിൻബുദ്ധി' എന്ന ചൊല്ല് പുരുഷമേധാവിത്വം അടക്കിവാണ കാലത്തുണ്ടായതാണ്. ചില മണ്ടന്മാർ 'വിമെൻ ഇൻ ആക്ടീവും' 'കളക്ടീവും' 'മീ ടു'വുമൊക്കെ വീശിയടിച്ച കാലത്തും ഇത്തരം പഴഞ്ചൊല്ലുകളെ മനസ്സിലിട്ടു കളിക്കുന്നുണ്ട്. എം.സി. ജോസഫൈൻ സഖാവിന് ഒരു 'നാവിന്റെ പിഴ' പറ്റിപ്പോയി. ഷൊർണൂരിലെ എമ്മെല്ലേ സഖാവിന്റെ സ്വഭാവം മറ്റു പലരിലും രോഗലക്ഷണമായി കണ്ടതോടെ പറഞ്ഞുപോയതാണ്. അർഥം വ്യാഖ്യാനിച്ചവരാണ് കുളമാക്കിയത്. 'പാർട്ടി തന്നെയാണ് പോലീസും കോടതിയും' എന്നു പറഞ്ഞാൽ അത് പകൽപോലെ വ്യക്തവും രാത്രിപോലെ ഇരുണ്ടതുമായ സത്യം മാത്രം. പാർട്ടിക്കാർക്ക് അതു വേദവാക്യം. ഒരു തെരഞ്ഞെടുപ്പിൽപോലും ജയിക്കാത്ത ജോസഫൈൻ സഖാവിന് അക്കാര്യം ദിവസേന മൂന്നുനേരം ആഹാരത്തിനുമുമ്പും പിമ്പും ഉരുവിട്ട് പ്രാർഥിക്കാതെ വയ്യ. കെ. മുരളീധരൻ ആ മുറിവിലാണ് ഉപ്പു തേച്ചത്. എന്നിട്ടും സഹനത്തിന്റെയും ത്യാഗത്തിന്റെയും ഇടവഴിയിലൂടെ മാത്രം നടന്നു ശീലിച്ച വിമൻസ് കമ്മീഷൻ ചെയർപേഴ്‌സൺ മിണ്ടിയില്ല.

പാർട്ടിയാണ് എല്ലാമെങ്കിൽ മാഡം എന്തിനാണ് ഇത്രയും ശമ്പളം കൈപ്പറ്റി ഇങ്ങനെയൊരു പദവിയിൽ കഴിയുന്നതെന്ന ചോദ്യം അത്യന്തം മൃഗീയവും ദയാഹീനവും പൈശാചികവുമാണ്. 'ചൈനയിൽ പോലും ജനാധിപത്യം മോഹിക്കുന്നവരുണ്ട്. ഇവിടെയാണ് പാർട്ടി പാർട്ടി എന്നു മാത്രം ജപിക്കുന്നതെന്നാണ് അടുത്ത ആയുധ പ്രയോഗം. പരാക്രമം സ്ത്രീകളോടല്ല വേണ്ടൂ എന്നേ പറയാനുള്ളൂ. കേന്ദ്രത്തിലെ വനിതാ കമ്മീഷൻ രേഖാ ശർമാജിയും ജോസഫൈൻ സഖാവിനെ രാഷ്ട്രീയം ആരോപിക്കുന്നതു കേട്ടു. രേഖ നേർരേഖയിലാണോ സഞ്ചരിക്കുന്നതും നടപടിയെടുക്കുന്നതും എന്ന് കേരള വനിതാ കമ്മീഷൻ തിരിച്ചു ചോദിച്ചില്ല. ഒന്നും അങ്ങനെ തിരിച്ചു ചോദിച്ചു ശീലമില്ല. സഹനത്തിന്റെ മാത്രം വഴിയേ ആയിപ്പോയി ജീവിതം. ത്യാഗത്തിന്റെ കാര്യം തൽക്കാലം ആലോചിക്കുന്നില്ല. മത്സരിച്ച മണ്ഡലങ്ങളിലൊക്കെ തോറ്റിട്ടുണ്ട്. നോമിനേഷനുകൾ കൊണ്ട് കഷ്ടിച്ചു കഴിഞ്ഞു പോരുന്നു. ഇനി ത്യാഗത്തിന്റെ ചിന്ത ഉദിച്ചാൽ തന്നെ, കണ്ടുപിടിച്ച്, രാജിെവപ്പിച്ച്, ആ കസേരയിൽ കയറി ഇരിക്കാൻ മടിക്കാത്ത വനിതാ സഖാക്കൾ ഏറെയുണ്ട്. നോ ത്യാഗം!

****
കോട്ടയം പുഷ്പനാഥ് ജീവിച്ചിരുന്ന കാലത്ത് ഒരു അന്താരാഷ്ട്ര വിമാനത്താവളത്തിലും പോയിട്ടില്ല; ഈജിപ്തിലെ മരുഭൂമിയിലും. എന്നാലെന്ത്? അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ സഞ്ചരിക്കാത്ത ഭൂഖണ്ഡങ്ങളില്ല. നമ്മുടെ മൃഗസ്‌നേഹിയായ മേനക ഗാന്ധിയും അത്തരം ഒരു ജനുസ്സിൽപ്പെടുന്നുവെന്നു കരുതണം. വിവിധ ഭാഷാ സഹായികളുടെയും മേശപ്പുറത്തെ ഭൂഗോളത്തിന്റെയും ചുമരിലെ കലണ്ടറിന്റെയുമൊക്കെ സഹായം അത്ര നിസ്സാരമല്ല. അവർ അങ്ങനെ പാലക്കാട്ടു ചുറ്റി ആനയെ തിരഞ്ഞ് എത്തിയത് മലപ്പുറത്താണ്. അങ്ങനെ ബോംബുവെച്ച കൈതച്ചക്ക കഴിച്ചു ചരമമടഞ്ഞ ആനയുടെ ജില്ല മാറിപ്പോയി. പിന്നെ പറഞ്ഞു ശീലിച്ച കാര്യം- തത്തമ്മേ പൂച്ച പൂച്ച എന്ന താളത്തിൽ മലപ്പുറത്തെ നാലു കുറ്റവും പറഞ്ഞു. പ്രഥമ ദൃഷ്ട്യാ പാലക്കാടിന്റെയും രണ്ടാമക്ഷരം 'ല' ആയതിനാൽ പറ്റിപ്പോയ അബദ്ധമാണ്. ആനക്കാര്യവുമായി വിശിഷ്യാ ചത്തുപോയ ആനയുടെ പ്രേതവുമായി ആരെങ്കിലും സുപ്രീം കോടതിയിൽ പോകുമെന്ന് ആരും നിരീക്ഷിച്ചതല്ല.

മേനക ഗാന്ധിയുടെ പരസ്യമായ മാപ്പപേക്ഷ അഥവാ ഖേദപ്രകടനത്തിലൂടെ അധ്യായം കേസു ചെയ്യണമെന്ന അഭ്യർഥനയുമുണ്ട്. ഇനി അടുത്ത തവണ ഏതെങ്കിലും നാൽക്കാലിയുടെ മരണവാർത്ത അറിഞ്ഞിട്ടേ വാതുറക്കൂ എന്നൊരു സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ടോ എന്നറിയില്ല. ഏതായാലും മനുഷ്യമരണത്തെ പാടേ അവഗണിക്കുകയാണ് മാഡത്തിന്റെ ശീലം. ഒരു പിടിയാനയ്ക്കു വേണ്ടി ശബ്ദമുയർത്തിയ പെൺമനസ്സിനെ ആരും നമിച്ചുപോകും. കേരളപ്പഴമയുടെ കഥയായ കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ     'ഐതിഹ്യമാല'യിൽ പോലും ഗജവീരന്മാരുടെ ചരിത്രമേയുള്ളൂ; പിടിയാനകളെ തിരിഞ്ഞുനോക്കിയിട്ടില്ല. ഏതു നാൽക്കാലിയെ ആര് ഹിംസിച്ചാലും അതു പെണ്ണെങ്കിൽ, പ്രസ്താവനയിറക്കാൻ ഇനിയും മേനകഗാന്ധിമാർ ഉണ്ടാകട്ടെ എന്ന് ആശിക്കാം. അമിതമാകാതിരുന്നാൽ മതി. അങ്ങനെയാണ് മേനകയ്ക്ക് ഇക്കുറി മന്ത്രിസഭയിൽ പടികടക്കാൻ കഴിയാതെ പോയതെന്ന് ശ്രുതിയുണ്ട്.

*****
പാലക്കാടോ, മലപ്പുറമോ അല്ല വയനാട്ടിലെ ബത്തേരി. പന്നിയെ പിടികൂടാൻ വെച്ച കെണിയിൽ പുലി വീണത് അവിടെയാണ്. പുലിയുമായി കോവിഡ് അകലം പാലിക്കാൻ ടേപ്പുമായി എത്തിയതാണ് വനംവകുപ്പ്. എന്തു ചെയ്യാം! മുഖാവരണം പോലും താടിയുടെ സംരക്ഷണത്തിലേക്ക് തരംതാഴ്ത്തിക്കൊണ്ട് പൊതുജനം തടിച്ചുകൂടി. 'മാസ്'ക്കുള്ള വനംവകുപ്പും ഇല്ലാത്ത ജനവും. ആകപ്പാടെ വിരണ്ടുപോയ പുലി കൂടുതൽ ആലോചിച്ചില്ല; കെണിയെ പപ്പടമാക്കി ജീവനുംകൊണ്ട് കടന്നു. വയനാട് രാഹുൽഗാന്ധിയുടെ മണ്ഡലമാണ്. സ്മൃതി ഇറാനി എന്ന രാഹുലിന്റെ സ്ഥിരം വില്ലത്തി ഇതൊന്നും ഭൂമിശാസ്ത്രവുമൊക്കെയായി അരഡസൻ ഗൃഹപാഠമെങ്കിലും സ്ഥലം എം.പിക്ക് ഇട്ടുകൊടുത്തേനെ. കടന്ന പുലിയെ പിന്നീട് മയക്കുവെടിവെച്ചു പിടിച്ചെങ്കിലും അത് ആണോ പെണ്ണോ എന്ന് മേനക ഗാന്ധിയുടെ ശ്രദ്ധയിൽപെടാത്തതും നന്നായി. പുലിയെ മുഖാവരണം ധരിപ്പിക്കുന്നതിൽ വീഴ്ചയുണ്ടായോ എന്ന കാര്യത്തിൽ ഏതെങ്കിലും കേന്ദ്ര ഏജൻസി സ്വമേധയാ കേസെടുത്തേക്കും; സംസ്ഥാന കേരളമാണല്ലോ. പന്നിയെ പിടിക്കാൻ വെച്ചതും പുലി വീണതുമായ കെണിയുടെ ഉടമ ഏലിയാസിന്റെ കാര്യമാണ് കഷ്ടം. അഞ്ചു കെണികൾ തൊണ്ടിമുതലായി എടുത്ത് അങ്ങോരുടെ പേരിൽ കേസും എടുത്തു. കെണി വെച്ചില്ലെങ്കിൽ കൃഷിനാശം; കെണിവെച്ചാൽ കേസും കോടതിയും നിമിത്തം നാശം...... അതാണ് കേരള കർഷകൻ!

Latest News