ലഖ്‌നൗ- രുദ്രാഭിഷേക ചടങ്ങോടെ അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിനു തുടക്കം കുറിച്ചു. കുബര്‍ ടില ക്ഷേത്രത്തില്‍ ബുധനാഴ്ച രാവിലെ നടന്ന രുദ്രാഭിഷേക ചടങ്ങിനുശേഷമാണ് രാമക്ഷേത്ര നിര്‍മാണത്തിനുള്ള ആദ്യ ശിലയിട്ടതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ശ്രീരാമ ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് മഹന്ത് നൃത്യ ഗോപാല്‍ ദാസിന്റെ വക്താവ് മഹന്ത് കമല്‍ നയന്‍ ദാസിന്റെ നേതൃത്വത്തില്‍ 25 പുരോഹിതന്മാര്‍ ചടങ്ങില്‍ സംബന്ധിച്ചു.
ശിവന്റെ പ്രതീക്കുവേണ്ടിയും ക്ഷേത്രനിര്‍മാണ വഴയില്‍ തടസ്സങ്ങളുണ്ടാകാതിരിക്കാനുമാണ് രുദ്രാഭിഷേക ചടങ്ങ് നടത്തിയതെന്ന് മഹന്ത് നയന്‍ദാസ് പറഞ്ഞു.
ക്ഷേത്രത്തിന്റെ അടിസ്ഥാന ജോലികള്‍ ഇപ്പോള്‍ തുടങ്ങുമെങ്കിലും യഥാര്‍ഥ നിര്‍മാണം പിന്നീട് മാത്രമേ ഉണ്ടാകുകയുള്ളൂ. വലിയ ചടങ്ങായി ഭൂമി പൂജ നടത്താനുള്ള തീരുമാനം കോവിഡ് പശ്ചാത്തലത്തില്‍ മാറ്റിവെച്ചിരിക്കയാണ്.
കഴിഞ്ഞ മാര്‍ച്ചില്‍ താല്‍ക്കാലിക ക്ഷേത്രത്തില്‍നിന്ന് രാമ വിഗ്രഹം പുതിയ സ്ഥലത്തേക്ക് മാറ്റിയിരുന്നു. ക്ഷേത്രനിര്‍മാണം തുടങ്ങുന്നതിനുവേണ്ടിയായിരുന്നു ഇത്. ഭൂമി നിരപ്പാക്കുന്നതിനുള്ള സാമഗ്രികള്‍ മേയ് 11-ന് സ്ഥലത്തെത്തിച്ചു.
ഭൂമി നിരപ്പാക്കിയതിനെ തുടര്‍ന്ന് ക്ഷേത്രനിര്‍മാണം ആരംഭിച്ചതായി നേരത്തെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പതിനാറാം നൂറ്റാണ്ടില്‍ നിര്‍മിച്ച ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്താണ് രാമക്ഷേത്രം നിര്‍മിക്കുന്നത്. നേരത്തെ അവിടെ രാമക്ഷേത്രമുണ്ടായിരുന്നുവെന്ന് വാദിച്ചാണ് കര്‍സേവകര്‍ 1992 ല്‍ മസ്ജിദ് തകര്‍ത്തത്.