ഖത്തറിലേക്കുള്ള ഫോൺ വിളി എന്തിനായിരുന്നു; വിശദീകരണവുമായി മന്ത്രി ജലീൽ

കോഴിക്കോട്- ഖത്തറിലെ ടാക്‌സി ഡ്രൈവറുമായി ടെലിഫോണിൽ സംസാരിച്ച വിഷയത്തിൽ പരോക്ഷ വിശദീകരണവുമായി മന്ത്രി കെ.ടി ജലീൽ. ഖത്തറിൽനിന്ന് വിമാനം ചാർട്ടർ ചെയ്യുന്നുണ്ടെങ്കിൽ തന്നെ അറിയിക്കണമെന്ന് ശ്രീജിത്ത് എന്ന ടാക്‌സി ഡ്രൈവറുമായി മന്ത്രി ജലീൽ സംസാരിക്കുന്നതിന്റെ ഓഡിയോ പുറത്തുവന്നിരുന്നു. നല്ല കാര്യങ്ങൾ ചെയ്യുന്ന എല്ലാവരേയും ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ അഭിനന്ദിക്കാറുണ്ടെന്നും പ്രയാസമനുഭവിക്കുന്നവരെ വിളിച്ച് സാന്ത്വനിപ്പിക്കാറുണ്ടെന്നും ജലീൽ പറഞ്ഞു. മറ്റുള്ളവരുമായുള്ള അടുപ്പവും ബന്ധവും പ്രയോജനപ്പെടുത്തി കഴിയുന്ന സഹായങ്ങൾ കക്ഷിരാഷ്ട്രീയം നോക്കാതെ എല്ലാവർക്കും ചെയ്ത് കൊടുക്കാറുമുണ്ടെന്നും ജലീൽ പറഞ്ഞു. നാട്ടിലും മറുനാട്ടിലും സേവനം ചെയ്യുന്നത് തങ്ങൾമാത്രമാണെന്ന് കരുതുന്ന പൊട്ടക്കിണറ്റിലെ തവളകളെ കുറിച്ച് എന്തു പറയാൻ? നൂറു രൂപയുടെ സഹായം ചെയ്ത് അത് പരസ്യപ്പെടുത്താൻ ആയിരം രൂപ ചെലവാക്കുന്ന 'സേവനവ്യാപാരികൾ' ആയിരം കൊല്ലം കിണഞ്ഞ് പണിപ്പെട്ടാലും കേരള സർക്കാരിന്റെ കീർത്തിക്ക് ഒരു തരിമ്പ് പോലും മങ്ങലേൽപ്പിക്കാൻ കഴിയില്ലെന്നും ജലീൽ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

 

Latest News