ന്യൂദല്‍ഹി- ദല്‍ഹിയിലെ ആശുപത്രി കിടക്കകള്‍ ദേശീയ തലസ്ഥാനത്തെ താമസക്കാര്‍ക്കു മാത്രം പരിമിതപ്പെടുത്തിയ തീരുമാനം നടപ്പിലാക്കില്ലെന്നും ലഫ്. ഗവര്‍ണര്‍ അനില്‍ ബൈജാലിന്റെ നിര്‍ദേശം അക്ഷരംപ്രതി പിന്തുടരുമെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍.
തിങ്കളാഴ്ചയാണ് ദല്‍ഹി മന്ത്രിസഭയുടെ തീരുമാനം ഗവര്‍ണര്‍ റദ്ദാക്കിയിരുന്നത്. ദല്‍ഹിയിലെ ആശുപത്രികളില്‍ എല്ലാവര്‍ക്കും ചികിത്സ നല്‍കാന്‍ ലഫ്.ഗവര്‍ണര്‍ ഉത്തരവിടുകയായിരുന്നു.
കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുക്കുകയും ഗവര്‍ണര്‍ ഉത്തരവിടുകയുമായിരുന്നു. അദ്ദേഹത്തിന്റെ ഉത്തരവ് യഥാവിധം നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി കെജ്‌രിവാള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. തീരുമാനമെടുക്കുന്നവര്‍ക്കിടയില്‍ മറുവാദങ്ങള്‍ ഉന്നയിക്കേണ്ട സമയമല്ല ഇതെന്ന് അദ്ദേഹം പറഞ്ഞു.
സമത്വവും ജീവിക്കാനുള്ള അവകാശവും ഉറപ്പുനല്‍കുന്ന ഭരണഘടനക്കെതിരായതിനാലണ് കെജ് രിവാള്‍ സര്‍ക്കാരിന്റെ ഉത്തരവ് റദ്ദാക്കാന്‍ താന്‍ നിര്‍ബന്ധിതനായതെന്ന് ലഫ്.ഗവര്‍ണര്‍ ബൈജാല്‍ കഴിഞ്ഞ ദിവസം വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞിരുന്നു.
ദേശീയ തലസ്ഥാനത്ത് കോവിഡ് അതിവേഗം വ്യാപിക്കാനിടയുണ്ടെന്നാണ് സംസ്ഥാന ദുരന്ത മാനേജ്‌മെന്റ് അതോറിറ്റി യോഗം കണക്കുകള്‍ പരിശോധിച്ച് വിലയിരുത്തിയതെന്ന് കെജ്‌രിവാള്‍ പറഞ്ഞു.
ജൂണ്‍ 15 ആകുമ്പോഴേക്കും ദല്‍ഹിയില്‍ 44,000 കോവിഡ് കേസുകളുണ്ടാകുമെന്നാണ് കരുതുന്നത്. ഇത് ജൂണ്‍ 30 ആകുമ്പോഴേക്കും ഒരു ലക്ഷവും ജൂലൈ 31 ആകുമ്പോഴേക്കും 5.32 ലക്ഷവുമാകുമെന്ന് ഭയപ്പെടുന്നു. ഈ മാസം 15 ന് നമുക്ക് 6681 ആശുപത്രി കിടക്കകള്‍ ആവശ്യമായി വരും. ജൂണ്‍ 30 ന് ഇത് 15,000 ആയും ജൂലൈ 31 ന് 80,000 ആയും വര്‍ധിക്കും-കെജ് രിവാള്‍ പറഞ്ഞു.
ഇത് പരസ്പരം പോരടിക്കാനും രാഷ്ട്രീയം കളിക്കാനുമുള്ള സമയമല്ല. കോവിഡിനെ പരാജയപ്പെടുത്താന്‍ എല്ലാ സര്‍ക്കാരുകളും സംഘടനകളും ഒരുമിച്ചു നില്‍ക്കേണ്ട സമയമാണ്. നഗരത്തില്‍ സാമൂഹിക അകലം പാലിക്കലും മാസ്‌ക് ധരിക്കലും ജനകീയ പ്രസ്ഥാനമായി മാറണമെന്ന് അദ്ദേഹം പറഞ്ഞു.
തന്റെ കോവിഡ് പരിശോധന ഫലം നെഗറ്റീവാണെന്നും ആശംസ നേരുകയും അനുഗ്രഹിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്ത എല്ലാവര്‍ക്കും നന്ദി അറിയിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഞായാറാഴ്ച പനിയും തൊണ്ട വേദനയും അനുഭവപ്പെട്ട കെജ് രിവാള്‍ പൊതുപരിപാടികള്‍ റദ്ദാക്കി ക്വാറന്റൈനില്‍ പ്രവേശിച്ചിരുന്നു.