കൊല്‍ക്കത്ത-മുന്‍ അത്‌ലറ്റും സിപിഐഎം എംപിയുമായിരുന്ന ജ്യോതിര്‍മയി സിക്ദാര്‍ ബിജെപിയില്‍ ചേര്‍ന്നു. പശ്ചിമബംഗാള്‍ പാര്‍ട്ടി പ്രസിഡന്റ് ദിലീപ് ഗോഷുമായി നടത്തിയ ചര്‍ച്ചക്കൊടുവിലാണ് ബിജെപി അംഗത്വം സ്വീകരിച്ചത്.പശ്ചിമബംഗാളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് വരുന്ന വര്‍ഷം നടക്കാനിരിക്കെയാണ് നേതാവിന്റെ കൂടുമാറ്റം.
മിഡില്‍ ഡിസ്റ്റന്‍സ് റണ്ണറായ സിക്ദാര്‍ 1995 ലും 1998 ലും നടന്ന ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് 800 മീറ്റര്‍, 1,500 മീറ്റര്‍ മത്സരങ്ങളില്‍ പങ്കെടുത്തു. സ്വര്‍ണ്ണവും വെങ്കലവും ഉള്‍പ്പെടെ നിരവധി സമ്മാനങ്ങള്‍ രാജ്യത്തിനായി നേടിയിട്ടുണ്ട്, കൂടാതെ 1998 ല്‍ ബാങ്കോക്കില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ്ണവും നേടി.
2004 ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഐഎം സ്ഥാനാര്‍ത്ഥിയായി കൃഷ്ണനഗര്‍ സീറ്റില്‍ നിന്ന് മത്സരിച്ച അവര്‍ ബിജെപി സ്ഥാനാര്‍ത്ഥി സത്യബ്രത മുഖര്‍ജിയെയാണ് പരാജയപ്പെടുത്തിയത്.
2009 ലെ തിരഞ്ഞെടുപ്പില്‍ സിക്ദാര്‍ വീണ്ടും കൃഷ്ണനഗര്‍ നിയോജകമണ്ഡലത്തില്‍ നിന്ന് മത്സരിച്ചെങ്കിലും നടനും രാഷ്ട്രീയക്കാരനുമായ തപസ് പോളിനോട് പരാജയപ്പെട്ടു.തുടര്‍ന്ന്, കഴിഞ്ഞ വര്‍ഷം വരെ രാഷ്ട്രീയ പ്രചാരണത്തില്‍ നിന്ന് സിക്ദാര്‍ മാറിനില്‍ക്കുകയും ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പിന്തുണ നല്‍കുകയും ചെയ്തിരുന്നു. ബംഗാള്‍ സന്ദര്‍ശനത്തിന് ശേഷം മമതയില്‍ നിന്ന് സംസ്ഥാനം പിടിക്കുമെന്ന് അമിത്ഷാ പ്രസ്താവിച്ചിരുന്നു. ഇതിന് ശേഷമാണ് സിക്ദാറിന്റെ ബിജെപി പ്രവേശനമെന്നതും ശ്രദ്ധേയമാണ്.






