കൊച്ചി- നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയെന്ന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധി നാളെ. ഹരജിയില്‍ പ്രതിഭാഗം വാദം പൂര്‍ത്തിയായി. അന്വേഷണ വിവരങ്ങള്‍ അറിയിക്കുന്നില്ലെന്ന് ഒന്നര മണിക്കര്‍ നീണ്ട വാദത്തില്‍ പ്രതിഭാഗം പരാതിപ്പെട്ടു. റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഒരുവിവരവും ഉള്‍പ്പെടുത്തുന്നില്ലെന്നും എന്തൊക്കെ കുറ്റങ്ങളാണ് ചേര്‍ത്തിരിക്കുന്നതെന്ന് അറിയുന്നില്ലെന്നും ചൂണ്ടിക്കാട്ടി.
കേസില്‍ യുക്തി ഭദ്രമായ അന്വേഷണമല്ല നടക്കുന്നത്. പള്‍സര്‍ സുനിയെപ്പോലുളള പ്രതികളുടെ മൊഴികളെ മാത്രം അടിസ്ഥാനമാക്കിയാണ് അന്വേഷണം. ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈലിന്റെ പേരിലാണ് ദിലീപിന് ഓരോ തവണയും ജാമ്യം നിഷേധിക്കുന്നത്. എന്നാല്‍ അത് കണ്ടെടുക്കാന്‍ ഏഴുമാസമായിട്ടും പോലീസിന് കഴിഞ്ഞിട്ടില്ല.
ഇത് അഞ്ചാം തവണയാണ് ദിലീപ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. മുന്‍പ് നാലുതവണയും വാദം കേട്ട കോടതികള്‍ അപേക്ഷ തള്ളുകയായിരുന്നു. ഹൈക്കോടതിയില്‍ ഇതു മൂന്നാം തവണയാണ് ദിലീപ് ജാമ്യം തേടി എത്തുന്നത്. അതേസമയം, അടുത്തമാസം ഏഴിനകം ദിലീപിനെതിരായ കുറ്റപത്രം അങ്കമാലി കോടതിയില്‍ സമര്‍പ്പിക്കാനുള്ള തയാറെടുപ്പിലാണ് അന്വേഷണ സംഘമെന്നാണ് റിപ്പോര്‍ട്ട്.






