കേരളത്തിന്റെ സ്വന്തം ലാപ്‌ടോപ് കൊക്കോണിക്‌സ് ആമസോണില്‍

തിരുവനന്തപുരം-കേരളത്തിന്റെ  സ്വന്തം ലാപ്‌ടോപ് കൊക്കോണിക്‌സ് ഓണ്‍ലൈന്‍ വിപണന ശൃംഖലയായ ആമസോണില്‍ ലഭ്യമായി തുടങ്ങി. ഉടന്‍ തന്നെ  പൊതുവിപണിയിലുമെത്തുമെന്നാണ് സൂചന.  ബഹുരാഷ്ട്ര കമ്പനികളുടെ ലാപ്‌ടോപ്പുകളേക്കാള്‍ വിലക്കുറവാണ്  കൊക്കോണിക്‌സിന്റെ പ്രധാന ആകര്‍ഷണം.   29,000 മുതല്‍ 39,000 വരെ വിലയുള്ള മൂന്ന് വ്യത്യസ്ത മോഡലാണ് ഇപ്പോള്‍ ലഭ്യമാകുന്നത്. പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍, ഇലക്ട്രോണിക് ഉല്‍പ്പാദനരംഗത്തെ ആഗോള കമ്പനിയായ യുഎസ്ടി ഗ്ലോബല്‍, ഇന്റല്‍, കെഎസ്‌ഐഡിസി, സ്റ്റാര്‍ട്ടപ്പായ ആക്‌സിലറോണ്‍ എന്നീ സ്ഥാപനങ്ങള്‍ ചേര്‍ന്ന സംരംഭമാണ് കൊക്കോണിക്‌സ്. കെല്‍ട്രോണിന്റെ  തിരുവനന്തപുരം മണ്‍വിളയിലുള്ള പഴയ പ്രിന്റഡ് സര്‍ക്യൂട്ട് നിര്‍മാണശാലയാണ് കൊക്കോണിക്‌സിന് നിര്‍മ്മാണത്തിനായി കൈമാറിയത്. വര്‍ഷം രണ്ടര ലക്ഷം ലാപ്‌ടോപ് നിര്‍മിക്കുകയാണ് ലക്ഷ്യം. 
സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുത്ത് സ്ഥാപിച്ച കൊക്കോണിക്‌സ്  പൊതു സ്വകാര്യ പങ്കാളിത്തത്തോടെ ലാപ്‌ടോപ് നിര്‍മിക്കുന്ന രാജ്യത്തെ ആദ്യസംരംഭമാണ്. 
 

Latest News