പെണ്‍കുട്ടിയെ സെക്‌സി എന്നു കമന്റടിച്ച യുവാക്കള്‍ക്ക് ആറു മാസം തടവ്

മുംബൈ- പെണ്‍കുട്ടിയോട് 'ഹായ്, സെക്‌സി ഹെലോ സെക്‌സി' എന്നു കമന്റടിച്ച രണ്ടു യുവാക്കളെ കോടതി ആറു മാസത്തെ തടവിനു ശിക്ഷിച്ചു. ആയിരം രൂപ പിഴയിടുകയും ചെയ്തു. ഇരയാക്കപ്പെട്ട പെണ്‍കുട്ടിയെ മനപ്പൂര്‍വ്വം അപമാനിക്കുന്നതാണീ വാക് പ്രയോഗങ്ങളെന്ന് വ്യക്തമാക്കിയാണ് മഹാരാഷ്ട്രയിലെ ഒരു കീഴ്‌കോടതി ശിക്ഷ വിധിച്ചത്. 24-കാരനായ അവിനാശ് ഭവെക്കര്‍, 22 കാരന്‍ രവി ഭവേക്കര്‍ എന്നിവരേയാണ് ശിക്ഷിച്ചത്. 

2015-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായിരുന്ന പെണ്‍കുട്ടി രാത്രി എട്ടു മണിക്ക് വീട്ടിലേക്ക് മടങ്ങിപ്പോകുന്നതിനിടെയാണ് വഴിയില്‍ വച്ച് യുവാക്കള്‍ കമന്റടിച്ചത്. ആദ്യം ഇത് അവഗണിച്ചെങ്കിലും പിന്നീട് തുടര്‍ച്ചയായി തന്നെ അപമാനിച്ചതായി പോലീസിനു നല്‍കിയ പരാതിയില്‍ പെണ്‍കുട്ടി വ്യക്തമാക്കുന്നു. പിന്നീട് പേരു വിളിച്ച് പരസ്യമായി അപമാനിച്ചെന്നും പെണ്‍കുട്ടി പരാതിപ്പെട്ടിരുന്നു. കമന്റടിച്ചതിന് ഇത്രയും കടുത്ത ശിക്ഷ നല്‍കിയത് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ കുറക്കാന്‍ സഹായിക്കുമെന്നാണ് നിയമവിദഗ്ധരുടെ വിലയിരുത്തല്‍.

Latest News