Sorry, you need to enable JavaScript to visit this website.

കേരള കോണ്‍ഗ്രസില്‍ പൊരിഞ്ഞ  അടി, പഞ്ചായത്താക്കാന്‍  ലീഗ് 

തിരുവനന്തപുരം- കേരള കോണ്‍ഗ്രസിലെ ജോസഫ്‌ജോസ് കെ മാണി വിഭാഗത്തിന്റെ അടി തീര്‍ക്കാന്‍ യു.ഡി.എഫിന്റെ തീവ്ര ശ്രമം. പ്രശ്‌നം രമ്യതയില്‍ അവസാനിപ്പിക്കാനാണ് യു.ഡി.എഫ് ശ്രമം. ഇതിനായി നേതൃത്വത്തില്‍ ചര്‍ച്ചകള്‍ തുടങ്ങി. മുസ്‌ലിം ലീഗ്, കോണ്‍ഗ്രസ് നേതൃത്വങ്ങളാണ് സമവായ ചര്‍ച്ചയ്ക്ക് ചുക്കാന്‍ പിടിക്കുന്നത്.
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തിലെ അധികാര മാറ്റത്തെച്ചൊല്ലിയാണ് കേരള കോണ്‍ഗ്രസിലെ ഇരുവിഭാഗങ്ങളും തമ്മില്‍ പരസ്യ പോരിലേക്ക് നീങ്ങിയത്. ഇത് മുന്നണിയുടെ പ്രതിച്ഛായയെ ബാധിക്കും എന്ന നിലയിലേക്ക് നീങ്ങിയതോടെയാണ് തകൃതിയായ ചര്‍ച്ചകള്‍ക്ക് തുടക്കമായത്. മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, യു.ഡി.എഫ് കണ്‍വീനല്‍ ബെന്നി ബെഹനാന്‍ തുടങ്ങിയവരാണ് ചര്‍ച്ച നടത്തുന്നത്.
ഇക്കാര്യം ചര്‍ച്ച ചെയ്ത കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി രണ്ട് നിര്‍ദ്ദേശങ്ങള്‍ രൂപപ്പെടുത്തിയിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് ഭരണവുമായി യു.ഡി.എഫ് നേരത്തെ എത്തിച്ചേര്‍ന്നിരുന്ന ധാരണ പാലിക്കണം. ഇരു വിഭാഗങ്ങളും അച്ചടക്കത്തോടെ മുന്നണിയില്‍ തുടരണം എന്നിങ്ങനെയാണ് നിര്‍ദ്ദേശങ്ങള്‍.ഈ നിര്‍ദ്ദേശങ്ങള്‍ ഇരുവിഭാഗവും അംഗീകരിക്കണം എന്ന നിലപാടാണ് മുസ്‌ലിം ലീഗിനുള്ളത്. മുന്നണിയുടെ പ്രതിച്ഛായക്ക് കോട്ടം തട്ടുന്ന തര്‍ക്കങ്ങളില്‍നിന്ന് യു.ഡി.എഫിനെ മുക്തമാക്കേണ്ടതുണ്ടെന്നും സമിതി വിലയിരുത്തി. മുന്നണിക്കുള്ളില്‍ നടക്കുന്ന പടലപ്പിണക്കങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ ജോസഫ്‌ജോസ് കെ മാണി പ്രശ്‌നം ഉടന്‍ പരിഹരിക്കണമെന്നാണ് സമിതിയുടെ ആവശ്യം.
നിലവില്‍ പഞ്ചായത്ത് പ്രസിഡന്റ് ജോസ് കെ മാണി വിഭാഗത്തില്‍നിന്നുള്ളയാളാണ്. പ്രശ്‌നം പരിഹരിക്കപ്പെടണമെങ്കില്‍ ഇദ്ദേഹം രാജിവെച്ച് അധികാരം ജോസഫ് വിഭാഗത്തിന് കൈമാറണം. എന്നാല്‍ രാജിവെക്കില്ലെന്ന നിലപാടിലാണ് ജോസ് കെ മാണി വിഭാഗം. ധാരണ പാലിക്കാന്‍ തയ്യാറായില്ലെങ്കില്‍ കടുത്ത തീരുമാനങ്ങളിലേക്ക് നീങ്ങുമെന്ന് ജോസഫ് വിഭാഗവും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.ധാരണ പ്രകാരം അവസാന ആറുമാസം ഭരിക്കേണ്ടത് ജോസഫ് വിഭാഗമാണ്. സ്ഥാനമൊഴിയാന്‍ ജോസ് കെ മാണി വിഭാഗം തയ്യാറാവാതിരുന്നതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. തീരുമാനത്തില്‍ അയവ് വരുത്താന്‍ ജോസ് കെ മാണി ഇതുവരെ തയ്യാറായിട്ടില്ല.
 

Latest News