ന്യൂദല്‍ഹി- രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ അടുത്ത അധ്യയന വര്‍ഷം പാഠ്യപദ്ധതിയും അധ്യയന മണിക്കൂറുകളും കുറയ്ക്കുന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നു. കോവിഡ് തടയുന്നതിനായി ലോക്ഡൗണ്‍ പ്രഖ്യാപിച്ചതുമുതല്‍ രാജ്യത്തെ സ്‌കൂളുകളും കോളേജുകളും അടച്ചിട്ട് പരീക്ഷകള്‍ നിര്‍ത്തിവെച്ചിരിക്കയാണ്.
ആഭ്യന്തര മന്ത്രാലയവുമായും ആരോഗ്യമന്ത്രാലയവുമായും കൂടിയാലോചിച്ച് ഓഗസ്റ്റ് 15 ന്‌ശേഷം സ്‌കൂളുകളും കോളേജുകളും തുറക്കുമെന്ന് മാനവശേഷി വികസന മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ കുട്ടികളുടെ സുരക്ഷക്ക് മുഖ്യപരിഗണന നല്‍കേണ്ടതിനാല്‍ കോവിഡ് സ്ഥിതിഗതികള്‍ സാധാരണ നിലയിലാകുന്നതുവരെ സ്‌കൂളുകള്‍ തുറക്കേണ്ടതില്ലെന്ന് പുതിയ തീരുമാനമെടുത്തതായി മാനവ ശേഷി മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
അടുത്ത അധ്യയന വര്‍ഷം പാഠ്യപദ്ധതിയും അധ്യയന മണിക്കൂറുകളും കുറയ്ക്കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് മാനവ ശേഷി വികസന മന്ത്രി രമേഷ് പൊഖ് റിയാല്‍ നിശാങ്ക് ട്വിറ്ററിലാണ് അറിയിച്ചത്.
നിലവിലെ സാഹചര്യത്തില്‍ രക്ഷിതാക്കളില്‍നിന്നും വിദ്യാര്‍ഥികളില്‍നിന്നും അധ്യാപകരില്‍നിന്നും ഇതു സംബന്ധിച്ച് ധാരാളം നിവേദനങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. വിദ്യാഭ്യാസ വിദഗ്ധരും അധ്യാപകരും ഇതുസംബന്ധിച്ച് തങ്ങളുടെ അഭിപ്രായങ്ങള്‍ അറിയിക്കാന്‍ മന്ത്രി അഭ്യര്‍ഥിച്ചു. മന്ത്രാലയത്തിന്റേയും മന്ത്രിയുടേയും ഫേസ് ബുക്ക്, ട്വിറ്റര്‍ പേജുകളില്‍ അഭിപ്രായം അറിയിക്കാം.
മാര്‍ച്ച് മുതല്‍ അടച്ചിട്ടിരിക്കുന്ന സ്‌കൂളുകള്‍ തുറക്കുന്നതു സംബന്ധിച്ച് മന്ത്രാലയം സംസ്ഥാന സര്‍ക്കാരുകളുമായി കൂടിയാലോചന ആരംഭിച്ചിട്ടുണ്ട്. സ്‌കൂള്‍ വിദ്യാഭ്യാസ സെക്രട്ടറി അനിതാ കര്‍വാള്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന വിദ്യാഭ്യാസ സെക്രട്ടറിമാര്‍ നിലവിലെ ഡിജിറ്റല്‍ വിദ്യാഭ്യാസത്തിന്റെ പുരോഗതിയും വിദ്യാര്‍ഥികളുടെ ആരോഗ്യ,സുരക്ഷാ കാര്യങ്ങളിലുള്ള ആശങ്കകളും അറിയിച്ചു.
മാര്‍ച്ച് 16 മതല്‍ രാജ്യത്തെമ്പാടുമുള്ള യൂനിവേഴ്‌സിറ്റികളും സ്‌കൂളുകളും അടച്ചിട്ടിരിക്കയാണ്.






