Sorry, you need to enable JavaScript to visit this website.

മേനകയുടെ ആനപ്പക


മലപ്പുറത്തെ വിമർശിക്കാൻ വല്ല പഴുതുമുണ്ടോ എന്ന് ഗവേഷണം ചെയ്യലാണ് ഇന്ന് പലരുടെയും പ്രധാന തൊഴിൽ.  മലപ്പുറം ജില്ല രൂപം കൊണ്ട നാൾ തൊട്ടു തുടങ്ങിയ ഈ ഗവേഷണത്തിന് നാളിതുവരെ ഒരു ഫലവുമുണ്ടായിട്ടില്ല എന്നതാണ് ഗവേഷകരെ നിരാശപ്പെടുത്തുന്നത്.  കേരളത്തിൽ മാത്രം ഒതുങ്ങി നിന്നിരുന്ന ചിലരുടെ മലപ്പുറം വിരുദ്ധ ഗവേഷണം ഇപ്പോൾ അഖിലേന്ത്യാ തലത്തിലേക്ക് കൂടി വിഷയീഭവിച്ചിരിക്കുകയാണ്. സംഘപരിവാരത്തിന്റെ ഓരം പറ്റി രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന മൃഗസ്‌നേഹിയെന്നു സ്വയം അവകാശപ്പെടുന്ന മേനകാ ഗാന്ധിയാണ് പുതിയ ഗവേഷക. പക്ഷേ, ഗവേഷണം കഴിഞ്ഞു തീസിസ് സമർപ്പിച്ചപ്പോഴേക്കും ഉള്ള ബിരുദവും നഷ്ടപ്പെട്ട അവസ്ഥയിലാണ് അവർ.  മലപ്പുറത്ത് വിവിധ മതവിഭാഗങ്ങളും മറ്റുള്ളവരും വളരെ സ്‌നേഹത്തോടെ കഴിഞ്ഞുകൂടുന്നതാണ് പ്രധാനമായും ഗവേഷകരെ അലോസരപ്പെടുത്തുന്നത്.  എങ്ങനെയെങ്കിലും മലപ്പുറത്തിന്റെ മനഃസമാധാനം ഇല്ലാതാക്കിയാൽ മാത്രമേ തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾ നേടാനാവൂ എന്ന കുബുദ്ധിയാണ് ഇവരുടെ തലമണ്ടയിലുള്ളത്.  പണ്ട് മുട്ടനാടുകളെ തമ്മിലടിപ്പിച്ച് രക്തം കുടിക്കാമെന്നു വ്യാമോഹിച്ച് രംഗത്തു വന്ന കൗശലക്കാരനായ കുറുക്കന്റെ പിന്മുറക്കാരാണിവരെല്ലാം.  പക്ഷേ  കിട്ടാത്ത മുന്തിരിയിൽ ഇളിഭ്യനായ മറ്റൊരു കുറുക്കന്റെ അവസ്ഥയിൽ മലപ്പുറം ഉൽക്കൃഷ്ടമായ പ്രതികരണങ്ങൾക്ക് മുമ്പിൽ ഒടുങ്ങിപ്പോവുകയാണ് ഇവരെല്ലാം.  

 

ജില്ലാ രൂപീകരണത്തിനെതിരെ നിലയുറപ്പിച്ചവരായിരുന്നു ജനസംഘവും ആർ.എസ്.എസും.  അവരുടെ കുപ്രചാരണങ്ങളിൽ വശംവദരായി പ്രവർത്തിച്ച മറ്റു ചിലരും ഉണ്ടായിരുന്നു. ഒ. രാജഗോപാൽ മുതൽ കെ. കേളപ്പൻ വരെയുള്ളവരെല്ലാം ജില്ലയെ എതിർത്തുവന്നു. മുസ്‌ലിം വിരുദ്ധതയാണ് മലപ്പുറത്തിനെതിരെയുള്ള ഇവരുടെയെല്ലാം പ്രധാന കാരണമായിരുന്നത്.  മാതൃഭൂമി അന്നെഴുതിയത് ഇങ്ങനെയായിരുന്നു: 'നിർദിഷ്ടമായ മലപ്പുറം ജില്ല രൂപവൽക്കരിക്കപ്പെട്ടാൽ അത് ഒരു കൊച്ചു പാക്കിസ്ഥാനായിരിക്കും. മലപ്പുറത്തെ അമുസ്ലിംകളെ മുസ്ലിംകൾ ശല്യപ്പെടുത്തിവരുന്നുണ്ട്. ആയിരക്കണക്കിന് അമുസ്ലിംകളെ മതപരിവർത്തനം ചെയ്ത് മുസ്ലിംകളാക്കുന്ന ഒരു ഇസ്ലാമിക സംഘടന പൊന്നാനിയിൽ ഉണ്ട്. മലപ്പുറം ജില്ല ഒരു കടലോര പ്രദേശമാണ്. ജില്ലാ രൂപീകരണത്തോടെ അവിടെ തീരദേശ ബന്ധം സ്ഥാപിക്കുന്നതിന് സാധ്യതയില്ലെന്ന് പറഞ്ഞുകൂടാ...'' (1969 ജൂൺ 6).  ഇസ്ലാമോഫോബിയ എന്ന ലോകമാകമാനം ഫാസിസ്റ്റുകൾ പരീക്ഷിച്ചു വന്ന അതേ ആയുധമായിരുന്നു മലപ്പുറം ജില്ലക്കെതിരെയും ഇവർ ഉപയോഗിച്ചിരുന്നത്.  എന്നാൽ ഇവർ പറഞ്ഞിരുന്ന ന്യായങ്ങളെ സ്ഥാപിക്കാൻ സാധിക്കുന്ന ഒന്നും അവരുടെ കൈവശമുണ്ടായിരുന്നില്ല.  ഒരു ജില്ല രൂപീകരിക്കപ്പെടുമ്പോൾ അവിടുത്തെ ജനവിഭാഗങ്ങളുടെ മതപരമോ ജാതീയമോ രാഷ്ട്രീയമോ ആയ യാതൊന്നും പരിഗണിക്കപ്പെടേണ്ടതില്ലെന്നതാണ് ഭരണഘടനാ ശിൽപികൾ നൽകിയിരുന്ന വിശദീകരണം. അതുകൊണ്ടു തന്നെ മലപ്പുറം ജില്ലക്കെതിരെ വന്ന എല്ലാ ആരോപണങ്ങളുടെയും മുനകളൊടിച്ചുകൊണ്ടാണ് ഇന്ദിരാ ഗാന്ധിയുടെ നേതൃത്വത്തിലുണ്ടായിരുന്ന അന്നത്തെ കേന്ദ്ര ഗവൺമെന്റ് പ്രവർത്തിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി യശ്വന്ത് റാവു ചവാൻ ജനസംഘത്തിനു ഇങ്ങനെയാണ് മറുപടി നൽകിയത്.  'മുസ്ലിം ഭൂരിപക്ഷമുള്ള ഒരു ജില്ല രൂപവൽക്കരിക്കുന്നതിൽ കാര്യമായ ഒരു തെറ്റുമില്ല. ജില്ലകളുടെ രൂപവൽക്കരണം സംസ്ഥാന ഗവൺമെന്റുകളുടെ ചുമതലയാണ്. മലപ്പുറം ജില്ല രൂപവൽക്കരിക്കുന്നതിൽ വർഗീയ പരിഗണനയൊന്നുമില്ലെന്ന് കേരള ഗവൺമെന്റ് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. മലപ്പുറം ജില്ല രൂപീകരിക്കുന്നതിൽ സംസ്ഥാനത്തെ ഒരു വിഭാഗം ആളുകൾക്ക് എതിർപ്പുള്ളതായി കേന്ദ്ര ഗവൺമെന്റിന് വിവരം ലഭിച്ചിട്ടുണ്ട്. മുസ്ലിം ഭൂരിപക്ഷമുള്ള ജില്ല രൂപീകരിക്കുന്നത് ആശാസ്യമല്ലെന്ന് എസ്.എസ് ഭണ്ഡാരി (ജനസംഘം) യുടെ അഭിപ്രായം ചവാൻ തള്ളിക്കളഞ്ഞു. മുസ്ലിം ഭൂരിപക്ഷമുള്ള ഒരു ജില്ല രൂപീകരിക്കുന്നത് ദേശീയ താൽപര്യത്തിന് ഹാനികരമാണെന്ന ചിന്താഗതി നാം വളർത്തരുത്. ഇന്ത്യയിൽ ന്യൂനപക്ഷമായ ഒരു വിഭാഗം പൗരന്മാരെപ്പറ്റി അടിസ്ഥാനപരമായ ദുഃശങ്കയുളവാക്കാൻ അത് ഇടയാക്കും'' (മലയാള മനോരമ, 1969 മാർച്ച് 26).

 

മലപ്പുറത്തിനെതിരെയുള്ള വിമർശകരുടെ വികാരം മുസ്ലിംകൾ അവിടെ ഭൂരിപക്ഷമാണ് എന്നതായിരുന്നു.  പക്ഷേ മലപ്പുറം ജില്ലയിലെ മുസ്ലിംകളല്ലാത്ത ഇതര സമുദായങ്ങൾക്കാവട്ടെ അത്തരമൊരു പ്രശ്‌നവുമില്ല താനും.  അതുണ്ടായിരുന്നുവെങ്കിൽ ജില്ലയിൽ ബി.ജെ.പിയുടെയും ആർ. എസ്.എസിന്റെയും വളർച്ച എത്രയോ വർധിക്കേണ്ടതായിരുന്നു.  മേൽപത്തൂർ നാരായണ ഭട്ടതിരിയും ജ്ഞാനപ്പാനയുടെ കർത്താവായ പൂന്താനവും മലയാള ഭാഷയുടെ പിതാവായ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛനും പിറന്ന നാടായ മലപ്പുറത്തിന് വർഗീയമായി ചിന്തിക്കാൻ സാധിക്കില്ല. അധിനിവേശ വിരുദ്ധതക്ക് വേണ്ടി തൂലിക പടവാളാക്കി ഹിന്ദുവായ സാമൂതിരിയെ രാജാവായി വാഴിച്ച സൈനുദ്ദീൻ മഖ്ദൂമിന്റെയും സ്വരാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയ ആലി മുസ്ലിയാരുടെയും മുസ്ലിം നവോത്ഥാനത്തിന്റെ നായകനായിരുന്ന കെ.എം. മൗലവിയുടെയും കർമഭൂമിയും മലപ്പുറമായിരുന്നു.  ജാതി ചിന്തകളോ മതവർഗീയ മനോഭാവങ്ങളോ മലപ്പുറം ജില്ലയെ ഒട്ടും സ്വാധീനിച്ചിട്ടില്ല. ഗീതയെ ജീവിത ദർശനമായി സ്വീകരിച്ച് സ്വജീവിതത്തിൽ സ്‌നേഹവും സഹിഷ്ണുതയും മറ്റുള്ളവർക്ക് പകർന്നു നൽകുന്ന ഹിന്ദു ദർശനത്തെ പ്രയോഗവൽക്കരിക്കാൻ ശ്രമിച്ച മഹാത്മജിയുടെ ഹൈന്ദവ സങ്കൽപങ്ങളാണ് മലപ്പുറത്തെ ഹൈന്ദവ സമൂഹം ജീവിത ദർശനമായി സ്വീകരിച്ചിട്ടുള്ളത്. ചിത്രകഥകളിലും സീരിയലുകളിലും കാണുന്ന ഹൈന്ദവ പ്രതിരൂപങ്ങളെയല്ല, മറിച്ച് മനുഷ്യ മനസ്സിന്റെ വിവിധ സംഘർഷങ്ങളെ ദൂരീകരിക്കുന്ന സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന, മഹർഷിമാർ പഠിപ്പിച്ച സനാതന മൂല്യങ്ങളാണ് അവർ നെഞ്ചിലേറ്റിയിരുന്നത്. സ്‌നേഹത്തിന്റെയും സഹിഷ്ണുതയുടെയും സന്ദേശമോതിയ  ഇസ്ലാമിന്റെ യഥാർത്ഥ ലക്ഷ്യങ്ങളിൽ നിന്നും വളരെ അകലം പോയ തീവ്രവാദ പ്രസ്ഥാനങ്ങൾ പഠിപ്പിക്കുന്ന വെറുപ്പിന്റെ പ്രത്യയശാസ്ത്രങ്ങൾ മലപ്പുറത്തെ മുസ്ലിം ജനതയിൽ തെല്ലും സ്വാധീനം ചെലുത്തിയിട്ടില്ല. ഒരു ക്ഷേത്രത്തിനെതിരെ അതിക്രമമുണ്ടാകുമ്പോൾ അങ്ങോട്ട് ഓടിയെത്തുന്ന മുസ്ലിം സമുദായ നേതാക്കളും മുസ്ലിം നേതാക്കളോടൊപ്പം ക്ഷേത്രാങ്കണത്തിൽ വൃക്ഷത്തൈ നടുന്ന ഹൈന്ദവ പൂജാരിമാരുമെല്ലാം മലപ്പുറത്തിന്റെ സവിശേഷതകളിൽ പെട്ടതാണ്.  അതുകൊണ്ടു തന്നെ ഹിന്ദുത്വ ഫാസിസ്റ്റുകൾ എത്ര തന്നെ ശ്രമിച്ചാലും മലപ്പുറത്തെ ജനങ്ങളുടെ മനസ്സുകളിൽ രൂഢമൂലമായിട്ടുള്ള  മതത്തിനും ജാതിക്കും രാഷ്ട്രീയത്തിനുമപ്പുറമുള്ള സ്‌നേഹ ഭാവങ്ങളെ ഇല്ലായ്മ ചെയ്യാൻ സാധിക്കില്ല.

 

രണ്ടു വർഷം മുമ്പാണ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ മലപ്പുറത്തിനെതിരെ വർഗീയതയാരോപിച്ച് രംഗത്ത് വന്നത്.  മലപ്പുറത്തിന്റെ ഉള്ളടക്കം വർഗീയമാണെന്നും ന്യൂനപക്ഷ വർഗീയതയുടെ ശക്തികേന്ദ്രമാണ് മലപ്പുറമെന്നുമായിരുന്നു കടകംപള്ളിയുടെ കണ്ടുപിടിത്തം.  മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനുണ്ടായ ശക്തമായ തോൽവിയെക്കുറിച്ച് ഗവേഷണം നടത്തിക്കൊണ്ടായിരുന്നു മന്ത്രിയുടെ നിരുത്തരവാദപരമായ പ്രസ്താവന.  പക്ഷേ വിമർശനത്തിനിടയിൽ മനസ്സിൽ സൂക്ഷിച്ച വർഗീയതയുടെ വിഷം പുറത്തു ചാടിയത് അദ്ദേഹമറിഞ്ഞില്ല.  ആർ.എസ്.എസ് പ്രചാരകൻ ഡോ.എൻ. ഗോപാലകൃഷ്ണൻ മലപ്പുറം ജില്ലയിലെ മുസ്ലിം സ്ത്രീകൾക്കെതിരെ നടത്തിയ പ്രസ്താവന അറുവഷളനായിരുന്നു. പ്രസവ വിഷയത്തിലായിരുന്നു ഗോപാലകൃഷ്ണന്റെ ഗവേഷണം.  പന്നി പെറ്റു കൂട്ടുന്നതുപോലെ പ്രസവിക്കുന്നവരാണ് മലപ്പുറത്തെ സ്ത്രീകളെന്ന അധിക്ഷേപമായിരുന്നു ഗോപാലകൃഷ്ണൻ നടത്തിയത്. ഇങ്ങനെ മലപ്പുറത്തിനെതിരെയുള്ള ആക്ഷേപങ്ങളും അധിക്ഷേപങ്ങളും ക്രൂരമായ പരിഹാസങ്ങളും മലപ്പുറത്തുകാർക്കു പുത്തരിയല്ല. ജില്ലയുടെ ആരംഭം കുറിച്ച ദിവസങ്ങളിൽ തന്നെ താനൂർ കടപ്പുറത്ത് ചാരക്കപ്പൽ കണ്ടെന്നുള്ള കള്ളവാർത്തകൾ പുറത്തുവിട്ട ഒരു പത്രത്തിന് പിന്നീട് പ്രസ്തുത വാർത്ത വിഴുങ്ങേണ്ടി വന്നത് ആധുനിക ഗവേഷകർ ഓർത്തുവെക്കുന്നത് നല്ലതാണ്.

 

ഇപ്പോൾ കാള പെറ്റെന്ന് കേട്ടപ്പോൾ കയറുമായി വന്നിരിക്കുകയാണ് മേനക. മേനക പറഞ്ഞത് മുഴുവൻ ശുദ്ധ അസംബന്ധമാണ്. പാലക്കാട്ടു നടന്ന സംഭവത്തെ മലപ്പുറത്തിന്റെ തലയിൽ കെട്ടിവെച്ച് മലപ്പുറത്തെ അതിക്രൂരമായി ആക്രമിക്കാനാണ് മേനക വാളും പരിചയുമായി പുറപ്പെട്ടിട്ടുള്ളത്. എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിൽ അവർ നടത്തിയ പരാമർശം സാമാന്യ ബോധമുള്ള, കാര്യങ്ങളറിയുന്ന ഏതൊരാളെയും പ്രകോപിപ്പിക്കുന്ന തരത്തിലുള്ളതാണ്.  'മലപ്പുറത്തെ കുറ്റകൃത്യങ്ങളുടെ തോത് ശ്രദ്ധിക്കുക. അവിടെ വർഗീയ സംഘർഷങ്ങൾ വളരെ കൂടുതലാണ്.  മലപ്പുറമാണ് രാജ്യത്തെ ഏറ്റവും സംഘർഷ ഭരിതമായ ജില്ല. ഓരോ ദിവസവും അവിടെ ഓരോ സംഭവങ്ങൾ അരങ്ങേറുന്നു. ഒരുപാട് സ്ത്രീകൾ കൊല ചെയ്യപ്പെടുന്നു. അവർ അവിടെ ഹിന്ദു, മുസ്ലിം പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നു. ആളുകളുടെ കൈ വെട്ടുന്നു. മലപ്പുറത്തെ സ്ഥിതിഗതികൾ വളരെ ഭയാനകമാണ്. കേരള സർക്കാറിന് മലപ്പുറത്തെ പേടിയാണ്. വളരെ ദുർബലരായ അഡ്മിനിസ്ട്രേറ്റീവ് ടീമിനെയാണ് മലപ്പുറത്തേക്ക് അയച്ചിട്ടുള്ളത്.'  ട്വിറ്ററിൽ അവർ കുറിച്ചിരിക്കുന്നത് മലപ്പുറത്തെ ജനങ്ങൾ മൃഗങ്ങളോട് വളരെ ക്രൂരമായി പെരുമാറുന്നവരാണ് എന്നാണ്. ഇന്ത്യ റ്റുഡേ ടി.വിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത് ഇങ്ങനെ: 'അവർ പൈനാപ്പിളിൽ ബോംബ് വെച്ചതിൽ നിന്നും മനസ്സിലാവുന്നത് അതൊരു പ്രൊഫഷണൽ ബോംബ് ആണെന്നാണ്. ഇതിനർത്ഥം മലപ്പുറത്ത് ആളുകൾ അവരുടെ റൂമിലിരുന്ന് ബോംബുകൾ ഉണ്ടാക്കുന്നു എന്നാണ്. ഇന്നത് ഒരു ആനക്കെതിരെയാണ് ഉപയോഗിച്ചതെങ്കിൽ നാളെ അത് അവർ മനുഷ്യർക്കെതിരെ ഉപയോഗിക്കും'.  

 

സമൂഹ മാധ്യമങ്ങളിലും മറ്റിടങ്ങളിലും ജാതിമത ഭേദമെന്യേ മേനകക്കെതിരെയുള്ള ജനവികാരം ശക്തമായിരിക്കുകയാണ്.  സത്യത്തിന്റെ ഒരു കണിക പോലുമില്ലാത്ത ഇത്തരം പ്രസ്താവനകൾ നടത്തുന്നത് സംഘ്പരിവാരങ്ങളുടെ രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി മാത്രമാണെന്നാണ് പൊതുസമൂഹം വിലയിരുത്തിയിട്ടുള്ളത്. സ്വന്തം മണ്ഡലങ്ങളായ സുൽത്താൻപുരിലും പിലിഭിത്തിലുമാണ് മലപ്പുറത്തേക്കാൾ കൂടുതൽ കുറ്റകൃത്യങ്ങൾ നടക്കുന്നത് എന്ന് മേനകക്ക് അറിയാഞ്ഞിട്ടാണോ? കൊലപാതകം, സ്ത്രീധന മരണം, കൊലപാതക ശ്രമങ്ങൾ, ലൈംഗിക പീഡനങ്ങൾ, തട്ടിക്കൊണ്ടുപോകൽ, മോഷണം തുടങ്ങിയ കുറ്റകൃത്യങ്ങളിലെല്ലാം മേനകയുടെ മണ്ഡലങ്ങളാണ് മലപ്പുറത്തേക്കാൾ എത്രയോ മുന്നിട്ടു നിൽക്കുന്നതെന്ന് നാഷണൽ ക്രൈം റിപ്പോർട്ട് ബ്യൂറോയുടെ റിപ്പോർട്ട് നോക്കിയാൽ മനസ്സിലാകും. സ്വതന്ത്ര ഭാരതത്തിൽ ആയിരങ്ങൾ മരിച്ചുവീണ വർഗീയ കലാപങ്ങളുടെ കണക്കുകളെടുത്ത് പരിശോധിച്ചാൽ അവയെല്ലാം നടന്നത് മേനകയുടെ ഉത്തർപ്രദേശിൽ മേനകയുടെ രാഷ്ട്രീയ സംരക്ഷകരുടെ പരിലാളനത്തോടെയായിരുന്നുവെന്നു കാണാം. മുറാദാബാദ്, മീററ്റ്, ബദായുൻ, മുസഫർ നഗർ, കണേൽഗഞ്ച്, അയോധ്യ, അലീഗഢ്, കാൺപുർ, ആഗ്ര, ഗോണ്ട, സഹ്‌റാൻപുർ തുടങ്ങിയ കലാപങ്ങൾക്ക് പേര് കേട്ട പ്രദേശങ്ങളെല്ലാം കേരളത്തിലോ മലപ്പുറത്തോ അല്ല, അത് മേനകയുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രം നിർണയിക്കുന്ന സംഘപരിവാർ ശക്തികൾക്ക് സ്വാധീനമുള്ള ഉത്തർപ്രദേശിലാണ്.  മലപ്പുറം ജില്ലയിൽ ഇന്നേവരെ അത്തരമൊരു കലാപത്തെ പേരിനെങ്കിലും ചൂണ്ടിക്കാണിക്കാൻ മേനകക്ക് സാധിക്കുമോ?

 

മലപ്പുറത്തുകാർ അവരുടെ ഭാഷയിൽ പറയുന്ന ഒരു ചൊല്ലുണ്ട്. 'ആർക്ക് പിരാന്ത് എളകിയാലും ബല്യ പള്ളിക്കാണ് കേട്'.  വർഗീയത മൂത്ത് ആനയുടെ പേരിൽ 'മതം' പൊട്ടി ആനക്കലഹം സൃഷ്ടിക്കാൻ ശ്രമിക്കുന്നവർക്ക് തകർക്കാൻ സാധിക്കുന്ന ഒന്നല്ല മലപ്പുറത്തിന്റെ സാംസ്‌കാരിക കെട്ടുറപ്പ്.  ഒരു വലിയ ദേവാലയത്തിന്റെ പ്രതീകമായി മലപ്പുറം എല്ലാം കണ്ടും കേട്ടും ക്ഷമിച്ചും പുഞ്ചിരിച്ചും രാജ്യത്തിന് അലങ്കാരമായി സമാധാന സന്ദേശം പ്രസരിപ്പിച്ച് അഭിമാനത്തോടെ തലയുയർത്തി നിൽക്കും.  എത്ര തന്നെ പരിഹസിച്ചാലും എത്ര തന്നെ ചവിട്ടിത്താഴ്ത്തിയാലും മലപ്പുറം അതിന്റെ ഗതകാല സ്മരണകളെ അയവിറക്കി ആർജിച്ചെടുത്ത മതസൗഹാർദവും സാംസ്‌കാരികപ്പെരുമയും വിദ്യാഭ്യാസ മുന്നേറ്റവും കാത്തുസൂക്ഷിക്കുക തന്നെ ചെയ്യും.

Latest News