Sorry, you need to enable JavaScript to visit this website.

മലയാളി മാധ്യമ പ്രവര്‍ത്തകന് ദല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ പുരസ്‌കാരം

ന്യൂദല്‍ഹി- ദല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ മാധ്യമ പുരസ്‌കാരം മലയാളി മാധ്യമ പ്രവര്‍ത്തകന്‍ ഷഹീന്‍ അബ്ദുല്ലക്ക്. അച്ചടി, ഇലക്ട്രോണിക് മാധ്യമ വിഭാഗത്തിലാണ് കോഴിക്കോട് സ്വദേശിയായ ഷഹീന് അവാര്‍ഡ്.
പ്രതിബദ്ധതയുള്ള യുവ മാധ്യമ പ്രവര്‍ത്തകനും വാഗ്ദാനവുമാണ് ഷഹീനെന്ന് അവാര്‍ഡ് കമ്മിറ്റി അഭിപ്രായപ്പെട്ടു. ഇന്ത്യയില്‍ മനുഷ്യാവകാശ രംഗത്ത് നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്ത് ടീസ്റ്റ സെറ്റില്‍വാദിനെ ആജീവനാന്ത പുരസ്‌കാരത്തിന് തെരഞ്ഞെടുത്തു. മലയാളിയായ കെ.കെ. സുഹൈലിന്റെ നേതൃത്വത്തിലുള്ള ക്വില്‍ ഫൗണ്ടേഷനു പുറമെ, ഫറാ നഖ് വി, എ.സി. മൈക്കിള്‍, അര്‍മീത് സിംഗ്, അഡ്വ. മഹ് മൂദ് പ്രാച എന്നിവര്‍  മനുഷ്യാവകാശ വിഭാഗത്തില്‍ അവാര്‍ഡ് നേടി.

അഡ്വ.അബൂബക്കര്‍ സബഖ്, റീന ചാള്‍സ്, അഡ്വ. ഡി.എസ്. ബിന്ദ്ര, ഡോ.അഞ്ജു ജെയിന്‍, ഉവൈസ് സുല്‍ത്താന്‍ ഖാന്‍ എന്നിവരും റിഹാബ് ഫൗണ്ടേഷനും സമൂഹ സേവന വിഭാഗത്തില്‍ പുരസ്‌കാരങ്ങള്‍ക്ക് തെരഞ്ഞെടുക്കപ്പെട്ടു.

മുന്‍ ബി.ബി.സി ജേണലിസ്റ്റ് ഖുര്‍ബാന്‍ അലി, എഴുത്തുകാരിയും കോളമിസ്റ്റുമായ ഹംറ ഖുറൈശി, ദ വയറിലെ മഹ്താബ് ആലം, ദ ക്വിന്റിലെ ആദിത്യ മേനോന്‍ എന്നിവരും അച്ചടി, ഇലക്ട്രോണിക് മാധ്യമ വിഭാഗത്തില്‍ ഡി.എം.സി അവാര്‍ഡ് കരസ്ഥമാക്കി.

ദല്‍ഹിയിലെ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നവര്‍ക്ക് 2018 ലാണ് ദല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. ഡി.എം.സി ഉപദേശക സമിതിയും പീസ് കമ്മിറ്റി അംഗങ്ങളും സന്നദ്ധ സംഘടനകളും ശുപാര്‍ശ ചെയ്യുന്നവരില്‍നിന്നാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുക്കാറുളളത്.

https://www.malayalamnewsdaily.com/sites/default/files/2020/06/09/shaheenmal.jpg

രണ്ടു വര്‍ഷമായി ഷഹീന്‍ മക്തൂബ് പോര്‍ട്ടലില്‍ മള്‍ട്ടി മീഡിയ ക്രിയേറ്റീവ് എഡിറ്ററാണ്. ദല്‍ഹിയിലും ഉത്തര്‍പ്രദേശിലും നടന്ന സി.എ.എ വിരുദ്ധ സമരങ്ങളുടെ റിപ്പോര്‍ട്ടുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്‍ എ സ്റ്റേറ്റ് ഓഫ് ഡൗട്ട് എന്ന പേരില്‍ അസമിലെ എന്‍.ആര്‍.സിയെ കുറിച്ചുള്ള ഷഹീന്റെ ഡോക്യുമെന്ററിയും ഏറെ ശ്രദ്ധിക്കപ്പെട്ടു. വൈസ്, കാരവന്‍ മാഗസിന്‍, ദ ക്വിന്റ് എന്നീ വെബ് സൈറ്റുകളിലും ഷഹീന്റെ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കാറുണ്ട്. ദല്‍ഹിയിലെ ജാമിഅ മില്ലയയില്‍ ജേണലിസം വിദ്യാര്‍ഥി കൂടിയാണ് ഷഹീന്‍. ജാമിഅ മില്ലയയില്‍ നടന്ന സി.എ.എ വിരുദ്ധ സമരത്തിനിടെ ഷഹീന് പോലീസ് മര്‍ദനമേറ്റിരുന്നു.

 

Latest News