Sorry, you need to enable JavaScript to visit this website.

കോവിഡും കുടിയേറ്റ തൊഴിലാളികളെയും കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്രത്തിന് വീഴ്ച പറ്റിയിട്ടുണ്ടാകാം: അമിത്ഷാ

ന്യൂദല്‍ഹി-കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതില്‍ തങ്ങള്‍ക്ക് തെറ്റുപറ്റിയിട്ടുണ്ടാകാമെന്ന് കേന്ദ്രആഭ്യന്തരമന്ത്രി അമിത്ഷാ. കോവിഡ് മഹാമാരിയും കുടിയേറ്റ തൊഴിലാളികളുടെ പ്രശ്‌നങ്ങളും കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്രസര്‍ക്കാരിന് തെറ്റുപറ്റിയിട്ടുണ്ടാകാം. എന്നാല്‍ തങ്ങള്‍ക്കുള്ള പ്രതിബദ്ധത വ്യക്തമായിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. നരേന്ദ്രമോഡി സര്‍ക്കാര്‍ 1,70,000 കോടിരൂപയുടെ പാക്കേജാണ് പ്രഖ്യാപിച്ചത്. എന്നാല്‍ പ്രതിപക്ഷം എന്താണ് ചെയ്തതെന്നും അദ്ദേഹം ചോദിച്ചു.  

ഒഡീഷയെ അഭിസംബോധന ചെയ്ത് നടത്തിയ വിര്‍ച്വല്‍ റാലിയിലാണ് അമിത്ഷായുടെ പ്രസ്താവന. പ്രതിപക്ഷത്തുള്ള ചിലരോട് താന്‍ ചോദിക്കുകയാണ്. ഞങ്ങളുടെ ഭാഗത്ത് നിന്ന് ചില വീഴ്ചകള്‍ വന്നിട്ടുണ്ടാകാം. പക്ഷേ ഞങ്ങള്‍ക്കുള്ള പ്രതിബദ്ധത വളരെ വ്യക്തമായിരുന്നു. ചെറിയ വീഴ്ചകളൊക്കെ പറ്റിയിട്ടുണ്ടാകാം. എന്നാല്‍ നിങ്ങള്‍ എന്താണ് ചെയ്തത്? സ്വീഡനിലും ഇംഗ്ലീഷിലും അമേരിക്കയിലുമൊക്കെ രാജ്യം കൊറോണയെ നേരിടുന്നതിനെ കുറിച്ച് ചിലര്‍ സംസാരിക്കുന്നു. എന്നാല്‍ നിങ്ങള്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ സാധിച്ചോ? എന്നാല്‍ നരേന്ദ്രമോഡി സര്‍ക്കാര്‍ അറുപത് കോടി ജനങ്ങള്‍ക്ക് 1,70,000 കോടിരൂപയുടെ പാക്കേജാണ് നല്‍കിയതെന്നും' അമിത്ഷാ പറഞ്ഞു.

ലോക്ക്ഡൗണ്‍ സമയത്ത് വീട്ടിലേക്ക് പോയ കുടിയേറ്റ തൊഴിലാളികള്‍ക്ക് തീര്‍ച്ചയായും ബുദ്ധിമുട്ടുകള്‍ നേരിട്ടിട്ടുണ്ട്.ഒഡീഷയില്‍ പോലും 3 ലക്ഷത്തിലധികം ആളുകള്‍ മടങ്ങി. അവര്‍ തീര്‍ച്ചയായും ബുദ്ധിമുട്ടുകള്‍ നേരിട്ടിട്ടുണ്ട്. ഇതും ഞാന്‍ കണ്ടു. ഇതില്‍ സങ്കടമുണ്ട്. നമ്മുടെ പ്രധാനമന്ത്രിക്ക് പോലും സങ്കടമുണ്ട്... മോഡിജി മെയ് 1 ന് ശ്രമിക് ട്രെയിനുകള്‍ ആരംഭിച്ചിരുന്നു. എല്ലാ ക്യാമ്പുകളില്‍ നിന്നും സിറ്റി ബസുകളും അന്തര്‍സംസ്ഥാന ബസുകളും റെയില്‍വേ സ്റ്റേഷനുകളില്‍ എത്തിച്ചു. സംസ്ഥാന സര്‍ക്കാരുകള്‍ ചെലവ് ഏറ്റെടുത്തു.

റെയില്‍വേ അവര്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കി. അവര്‍ റെയില്‍വേ സ്റ്റേഷനുകളില്‍ നിന്ന് പുറത്തുകടക്കുമ്പോഴെല്ലാം സംസ്ഥാന സര്‍ക്കാരുകള്‍ അവരെ ക്വാറന്റൈന്‍ കേന്ദ്രങ്ങങ്ങളിലെത്തിച്ചു.അവരുടെ ഗ്രാമങ്ങളിലേക്ക് കൊണ്ടുപോയി. ഭക്ഷണവും താമസവും ക്രമീകരിച്ചു, അവര്‍ക്ക് 1,000-2,000 രൂപ നല്‍കി. സംസ്ഥാനങ്ങളും കേന്ദ്രവും ഈ പ്രശ്‌നത്തെക്കുറിച്ച് ചിന്തിച്ചിട്ടുണ്ട്. 1.25 കോടി ആളുകള്‍ ഭാര്യമാരോടും മക്കളോടും വൃദ്ധരായ മാതാപിതാക്കളോടും ഒപ്പം സുരക്ഷിതമായി വീട്ടിലെത്താന്‍ കാരണം അതാണെന്നും അമിത്ഷാ പറഞ്ഞു.

Latest News