രണ്ടിലേറെ മക്കളുണ്ടായി; മധ്യപ്രദേശില്‍ രണ്ടു ജഡ്ജിമാരെ പിരിച്ചു വിട്ടു

ഭോപാല്‍- രണ്ടില്‍ കൂടുതല്‍ മക്കളുണ്ടെന്ന കാരണത്താല്‍ രണ്ട് കീഴ്‌കോടതി ജഡ്ജിമാരെ മധ്യപ്രദേശ് ഹൈക്കോടതി പിരിച്ചു വിട്ടു. ഗ്വാളിയോര്‍ അഡീഷണല്‍ ജില്ലാ ജഡ്ജ് മനോജ് കുമാര്‍, ജബല്‍പൂര്‍ അഡീഷണല്‍ ജില്ലാ ജഡ്ജ് അഷ്‌റഫ് അലി എന്നിവരെ സര്‍വീസില്‍ നിന്ന് പിരിച്ചു വിട്ടതായി ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ മുഹമ്മദ് ഫഹിം അന്‍വര്‍ അറിയിച്ചു. രണ്ടില്‍ കൂടുതല്‍ കുട്ടികളുണ്ടാകാന്‍ പാടില്ലെന്ന നിയമം ലംഘിച്ചതിനാണ് ഈ നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി. 

 

ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഹൈക്കോടതി ജഡ്ജിമാരുടെ യോഗം ഈ നടപടിക്ക് ജുലൈയില്‍ അന്തിമ അനുമതി നല്‍കിയിരുന്നു. അഡീഷണല്‍ ജില്ലാ ജഡ്ജ് പോസ്റ്റിലേക്ക് കഴിഞ്ഞ വര്‍ഷം നടന്ന റിക്രൂട്ട്‌മെന്റ് ടെസ്റ്റ് മുഖേനയാണ് അഷ്‌റഫ് അലിയും മനോജ് കുമാറും സര്‍വീസില്‍ പ്രവേശിച്ചത്. ഇരുവരും ട്രെയ്‌നീ ജഡ്ജ് പോസ്റ്റിലായിരുന്നു.

 

ഭേദഗതി ചെയ്ത 1961-ലെ മധ്യപ്രദേശ് സിവില്‍ സര്‍വീസ് ചട്ടം പ്രകാരം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മൂന്നാമത് കുഞ്ഞുണ്ടാകാന്‍ പാടില്ല. 2001 ജനുവരി 26-നു ശേഷം കുഞ്ഞു പിറന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്നും ഈ ചട്ടം അനുശാസിക്കുന്നു. ഇതാദ്യമായാണ് ജഡ്ജിമാര്‍ക്കെതിരെ ഈ നിയമപ്രകാരം നടപടി എടുത്ത് സര്‍വീസില്‍ നിന്ന് പിരിച്ചു വിടുന്നത്.

Latest News