കെ.എ.എസ് പരീക്ഷയുടെ മൂല്യനിര്‍ണയം അട്ടിമറിക്കാന്‍ ശ്രമമെന്ന് ആരോപണം

തിരുവനന്തപുരം- കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് (കെ.എ.എസ്) പ്രാഥമികപരീക്ഷയുടെ ഒമ്പതിനായിരത്തോളം ഉത്തരക്കടലാസുകള്‍ ജീവനക്കാര്‍ നേരിട്ട് മൂല്യനിര്‍ണയം നടത്താനുള്ള നീക്കം സംശയാസ്പദം. കടലാസിന്റെ കുഴപ്പം കാരണം ഒ.എം.ആര്‍ യന്ത്രം നിരസിച്ച ഉത്തരക്കടലാസുകളാണ് ജീവനക്കാരുടെ കൈയിലെത്തുന്നത്. കെ.എ.എസ് മൂല്യനിര്‍ണയം അട്ടിമറിച്ച് സ്വന്തക്കാരെ തിരുകിക്കയറ്റാനുള്ള നീക്കമാണു നടക്കുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.

ഫെബ്രുവരി 22 നാണ് പരീക്ഷ നടന്നത്. 100 വീതം മാര്‍ക്കുള്ള രണ്ട് പേപ്പറുകളാണുണ്ടായിരുന്നത്. 3.30 ലക്ഷം പേരാണ് അപേക്ഷിച്ചത്. മൊത്തം 6.60 ലക്ഷം ഉത്തരക്കടലാസുകളാണ് മൂല്യനിര്‍ണയം നടത്തേണ്ടത്. ഏപ്രിലിലാണ് മൂല്യനിര്‍ണയം ആരംഭിച്ചത്. ഒ.എം.ആര്‍ കടലാസിന് കേടുപാടുണ്ടാവുകയോ നിശ്ചിത നിലവാരമില്ലാതാവുകയോ ചെയ്താല്‍ യന്ത്രം സ്വീകരിക്കില്ല. അവ പിന്നീട് ഉത്തരസൂചികയുമായി ഒത്തുനോക്കി നേരിട്ട് മൂല്യനിര്‍ണയം ചെയ്യുന്നതാണു പതിവ്. കെ.എ.എസിന് നിലവാരമില്ലാത്ത ഒ.എം.ആര്‍. കടലാസുകള്‍ ഉപയോഗിച്ചെന്നാണ് ആരോപണം.

മൂല്യനിര്‍ണയത്തിനെതിരായ ആക്ഷേപങ്ങളില്‍ കഴമ്പില്ലെന്ന് പി.എസ്.സി. ചെയര്‍മാന്‍ എം.കെ. സക്കീര്‍ പറഞ്ഞു. ജീവനക്കാരുടെ ക്യാമ്പ് സംഘടിപ്പിച്ച് കര്‍ശന സുരക്ഷയിലാണ് മൂല്യനിര്‍ണയം നടത്തുന്നത്. ഉത്തരക്കടലാസിന്റെ വേര്‍പെടുത്തിയ ‘ബി’ ഭാഗം മാത്രമാണ് ജീവനക്കാരെ ഏല്‍പ്പിക്കുന്നത്. ഈ മാസംതന്നെ പ്രാഥമിക പരീക്ഷയുടെ ഫലം പ്രസിദ്ധീകരിക്കുമെന്നും ചെയര്‍മാന്‍ പറഞ്ഞു.
ജീവനക്കാര്‍ നേരിട്ട് ഉത്തരക്കടലാസ് മൂല്യനിര്‍ണയം നടത്തുന്നത് അട്ടിമറിക്കുവേണ്ടിയാണെന്നും ഒന്നിച്ച് അച്ചടിച്ച ഒ.എം.ആര്‍ ഷീറ്റുകളില്‍ ഒമ്പതിനായിരം എണ്ണത്തിന് എന്തു കുഴപ്പമാണു സംഭവിച്ചതെന്ന് സര്‍ക്കാരും പി.എസ്.സി.യും വ്യക്തമാക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

 

Latest News