ചെന്നൈ- തെലങ്കാനയിൽ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കി മുഴുവൻ വിദ്യാർഥികളെ വിജയിപ്പിക്കാൻ തീരുമാനിച്ച പോലെ തമിഴ്‌നാട്ടിലും ചെയ്യണമെന്ന് ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിൻ ആവശ്യപ്പെട്ടു. തമിഴ്‌നാട്ടിൽ 33,229 കോവിഡ് രോഗികളുണ്ടെന്നും 3,650 കേസുകൾ മാത്രമാണ് തെലങ്കാനയിലിലുള്ളതെന്നും സ്റ്റാലിൻ പറഞ്ഞു. തെലങ്കാനയിൽ പരീക്ഷ റദ്ദാക്കാൻ പറ്റുമെങ്കിൽ എന്തുകൊണ്ട് തമിഴ്‌നാട്ടിൽ പറ്റില്ലെന്നും സ്റ്റാലിൽ ചോദിച്ചു.
ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ പരീക്ഷ നടത്താൻ സാധിക്കാത്ത സാഹചര്യത്തിൽ തെലങ്കാലനയിലെ പത്താംക്ലാസ് വിദ്യാർത്ഥികളെ പരീക്ഷ കൂടാതെ ജയിപ്പിക്കുമെന്ന് മുഖ്യമന്ത്രി ചന്ദ്രശേഖര റാവു പറഞ്ഞിരുന്നു. പത്താം ക്ലാസ് വിദ്യാർഥികൾക്ക് അവരുടെ ഇന്റേണൽ മാർക്കുകളുടെ അടിസ്ഥാനത്തിൽ ഗ്രേഡുകൾ നൽകി ജയിപ്പിക്കാനാണ് തീരുമാനം. തെലങ്കാനയിൽ ഈ വർഷം 5.35 ലക്ഷം പത്താംക്ലാസ് വിദ്യാർഥികളാണുള്ളത്. പരീക്ഷകൾ റദ്ദാക്കി സർട്ടിഫിക്കറ്റ് നൽകാനാണ് സർക്കാർ തീരുമാനിച്ചത്.