ദമാം- ചുട്ടു പൊള്ളുന്ന വെയിലത്ത് നിറവയറുമായി ഗർഭിണികൾ അടക്കം നാട്ടിലേക്കു മടങ്ങാൻ അർഹരായവർ മണിക്കൂറുകളോളം കാത്തിരുന്നാലും ടിക്കറ്റ് നൽകാതെ എയർ ഇന്ത്യ തിരിച്ചയക്കുന്നു. കിഴക്കൻ പ്രവിശ്യയിലെ അതിർത്തി പ്രദേശങ്ങളിൽ നിന്നും കിലോ മീറ്ററുകളോളം താണ്ടി കിഴക്കൻ പ്രവിശ്യയിലെ അൽ കോബാറിലെ എയർ ഇന്ത്യ ഓഫീസിൽ എത്തിയെങ്കിലും സാങ്കേതികത്വത്തിന്റെ പേരിൽ എയർ ഇന്ത്യ അധികൃതർ കാണിക്കുന്ന അലംഭാവം ഇന്ത്യൻ പ്രവാസി സമൂഹത്തിനു തലവേദനയാവുകയാണ്. ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷമാണ് വന്ദേഭാരത് മിഷൻ പദ്ധതി പ്രകാരമുള്ള വിമാന സർവീസിൽ പലർക്കും ഇടം കിട്ടുന്നത്. അതുപ്രകാരം എയർ ഇന്ത്യ ഓഫീസിൽനിന്നും ടിക്കറ്റ് വാങ്ങുന്നതിന് കടുത്ത പ്രതിബന്ധങ്ങളാണ് നേരിടുന്നത്. ടിക്കറ്റ് ഉറപ്പുവരുത്തുന്നതിനു ഇന്ത്യൻ എംബസിയിൽ നിന്നും അറിയിപ്പ് ലഭിച്ചാലും മണിക്കൂറുകളോളം കാത്തിരുന്ന് ടിക്കറ്റിനായി കൗണ്ടറിലെത്തുമ്പോൾ പലരേയും പലവിധ കാരണങ്ങൾ പറഞ്ഞ് തിരിച്ചയക്കുകയാണ്.
കഴിഞ്ഞ യാത്രകളിൽ നിന്നും വ്യത്യസ്തമായി വിമാനക്കൂലിയിൽ വന്ന വർധനവ് കൊണ്ട് പ്രവാസി സമൂഹം ഏറെ പ്രയാസപ്പെടുന്ന സമയത്താണ് ടിക്കറ്റ് വാങ്ങുന്നതിലും ദുരിതം അനുഭവിക്കേണ്ടി വരുന്നത്. മണിക്കൂറുകൾ നീണ്ട ക്യൂവിലെ കാത്തിരിപ്പിനൊടുവിൽ എംബസി റഫറൻസ് നമ്പർ എവിടെ എന്നാണു ചോദ്യം. പിന്നീട് നീണ്ട വാഗ്വാദങ്ങൾക്കൊടുവിൽ പരിശോധിച്ചു പേര് കണ്ടെത്തിയാൽ മറ്റു ചില പ്രശന്ങ്ങൾെക്കാടുവിൽ വീണ്ടും ടിക്കറ്റ് നൽകാതിരിക്കാനുള്ള അടവുകൾ എയർ ഇന്ത്യ അധികൃതർ കണ്ടെത്തും. സാങ്കേതികത്വത്തിന്റെ പേരിൽ തന്നെ നിരവധി അർഹരുടെ യാത്ര ഇതിനകം മുടങ്ങിയിട്ടുണ്ടെന്ന് സാമൂഹിക പ്രവർത്തകർ പറയുന്നു.
ഇതിനിടയിൽ ചില ആളുകൾ വളഞ്ഞ വഴികളിലൂടെ അനർഹരെ ലിസ്റ്റിൽ തിരികുന്നുമുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹ്യ- സാംസ്‌ക്കാരിക- വിദ്യാഭ്യാസ രംഗത്തെ പ്രമുഖരായ ചില ആളുകൾ നാട്ടിലേക്ക് കയറി പോയതായി പരാതിയുണ്ട്. വിവിധ രാഷ്ട്രീയ രംഗത്തെ പ്രമുഖരുടെ ഇടപെടലിലൂടെയാണ് ഇത്തരക്കാർ നാട്ടിലെത്തിയിട്ടുള്ളത്. മുൻഗണനാ ലിസ്റ്റിൽ ഇടംപിടിക്കാൻ വളഞ്ഞ വഴികളും ചിലർ അവലംബിക്കുന്നുണ്ടെന്ന് സാമൂഹിക പ്രവർത്തകർ പറയുന്നു. കഴിഞ്ഞ ആഴ്ച റിയാദിൽ നിന്നും നാട്ടിലേക്ക് മടങ്ങിയവരിലും ഇടതുപക്ഷ സാംസ്‌ക്കാരിക പ്രവർത്തകനും വിദ്യാഭ്യാസ പ്രവർത്തകരും കടന്നുകൂടിയിരുന്നു. അർഹരായ പ്രയാസപ്പെടുന്നവരെ പുറംതള്ളിയാണ് ഇത്തരക്കാർ നാട്ടിൽ എത്തിപ്പെട്ടിട്ടുള്ളത്.