ന്യൂദൽഹി- പാലക്കാട് ഗർഭിണിയായ ആന ചത്ത സംഭവത്തിൽ സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. അഭിഭാഷകൻ അവധി ബിഹാരി കൗശിക് ആണ് പരാതിക്കാരൻ. 41 പേജുള്ള ഹർജിയിൽ സംഭവത്തെ പശ്ചാത്തലമാക്കി കവിതയും ചേർത്തിട്ടുണ്ട്.
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് സൈലന്റ് വാലി നാഷണൽ പാർക്കിനടുത്തെ ഗ്രാമവാസികൾ മനപൂർവം നടത്തിയ മനുഷ്യത്വരഹിതമായ നടപടിക്കെതിരേ കർശന നടപടി എടുക്കണമെന്നാണ് ഹർജിക്കാരന്റെ ആവശ്യം. കഴിഞ്ഞ ഏപ്രിലിൽ കൊല്ലം ജില്ലയിലെ പത്തനാപുരത്തും സമാനമായ സംഭവം നടന്നിട്ടുണ്ടെന്നും പരാതിക്കാരൻ ചൂണ്ടിക്കാട്ടുന്നു. ആനയ്ക്ക് പറ്റിയ അപകടം കൊലയാളി റാക്കറ്റുകൾ ആസൂത്രണം ചെയ്തു നടപ്പാക്കിയതാണെന്നാണ് അവധ് ബിഹാരിയുടെ ആരോപണം. രണ്ടു സംഭവത്തിലും സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നാണ് ഹർജിയിലെ ആവശ്യം.






