Sorry, you need to enable JavaScript to visit this website.
Saturday , April   17, 2021
Saturday , April   17, 2021

ഇതു തന്നെ ആനക്കാര്യം

പാമ്പിനെ വിട്ട് ഭാര്യയെ കൊല്ലിക്കാൻ വിരുതുള്ള ഭർത്താവുണ്ടെങ്കിൽ പടക്കം തീറ്റി ആനയുടെ തല തെറിപ്പിക്കാൻ ഭാവനയുള്ള ആളുകളും ഉണ്ടാകും. അങ്ങനെ വ്യവസ്ഥയും സാധ്യതയും ഉന്നയിക്കേണ്ട കാര്യമില്ല.  പടക്കം നിറച്ച കൈതച്ചക്ക വിഴുങ്ങാൻ കൊടുത്ത് ആനയുടെ തൊണ്ടയും താടിയും തലച്ചോറും പൊട്ടിത്തെറിപ്പിച്ച ധീരതയാണല്ലോ ഇപ്പോൾ നമ്മുടെ ചർച്ച.  
തലയും തുമ്പിയും കൊമ്പും ഇല്ലാത്ത ആനയുടെ ഒരു റിയൽ ചിത്രം മനസ്സിൽ വരച്ചു നോക്കൂ.  ആനപ്പുറത്തേറി അങ്കത്തിനിറങ്ങിയ വീരൻ ഭഗദത്തന്റെ രൂപം ആരചിക്കുമ്പോൾ വ്യാസൻ പണ്ടേ കുറിച്ചുപോയതാണ് ആ വികൃതഭാവം.  ഖലസ്വഭാവമുള്ള പാത്രമാണെങ്കിലും തലയറ്റു വീഴുന്ന ഭഗദത്തന്റെയും ആനയുടെയും ചിത്രം കാണുമ്പോൾ ഉള്ളിൽ തട്ടുക മനുഷ്യ  സാധ്യമായ ക്രൂരത തന്നെ.  താനറിയാത്ത യജമാനനു വേണ്ടി തല തർപ്പണം ചെയ്യുന്ന കുവലയാപീഡത്തിന്റെ ബുദ്ധിവൈകൃതം തന്നെ.  യജമാനനു പിണയാവുന്ന ദുരന്തം കാണാതെ കഴുത്തിൽ ചാർത്തിയ പൂമാല കുടഞ്ഞു കളഞ്ഞ് ശുണ്ഠിക്കൂഷ്മാണ്ഡമായ മുനിയുടെ ശാപം ഏറ്റുവാങ്ങിയ ഐരാവതത്തിന്റെ മൂഢത തന്നെ. 


ആ ക്രൂരതയും മൂഢതയുമൊക്കെ നമ്മുടെ പെരുമാറ്റത്തിലും കാണാം.  തല തെറിച്ച ആനയുടെ ദൈന്യമോ അതൊഴിവാക്കാനുള്ള വഴിയോ അല്ല നമ്മുടെ പ്രധാന പ്രമേയം.  അതെവിടെ നടന്നു, എവിടെ നടന്നാൽ എന്തർഥം, എവിടെയായാലും എനിക്കതെങ്ങനെ കൈയടിയായി മാറ്റാം എന്നാണ് നമ്മുടെ ആലോചന.  മേനകാ ഗാന്ധി അതിനെ മലപ്പുറവുമായി ബന്ധപ്പെടുത്തിയ മാനസികാവസ്ഥ ആരെയും അത്ഭുതപ്പെടുത്താനിടയില്ല. അപ്പപ്പോൾ ജയിക്കാവുന്ന പെടാപ്പാടുമായി കൊത്താൻ കളത്തിലിറങ്ങുന്നതാണ് അവരുടെ പാരമ്പര്യം. അതിനെ അതിൽ കൂടുതൽ പ്രാധാന്യത്തോടെ കാണേണ്ട.  


ഏതാണ്ടൊരു മുപ്പതു കൊല്ലം മുമ്പ് മന്ത്രിപദം പോയ അവരെ പിൻ ഗാമിയായി വന്ന വനമന്ത്രി കമൽനാഥ് കളിയാക്കിയതോർക്കുന്നു. അവർക്ക് മറുപടി പറയാൻ അവസരമില്ലാത്ത ഒരിടത്തുവെച്ച് അവരെ പഴി ചാർത്തുന്നതു ശരിയല്ല എന്നതായിരുന്നു ഞങ്ങളിൽ ചിലരുടെ പഴഞ്ചൻ പ്രമാണം. അതുകൊണ്ട് മന്ത്രിയുടെ ആക്ഷേപത്തോടൊപ്പം മുൻ മന്ത്രിയുടെ വിക്ഷേപവും വേണമെന്ന് ഞങ്ങൾ ശഠിച്ചു.  മേനകയെ ബന്ധപ്പെട്ടപ്പോൾ അവർ വേറൊരു മഹാഭാരതത്തിന്റെ കെട്ടഴിച്ചു. ഒടുവിൽ ഇത്രയും പറഞ്ഞു: 'ഇതൊന്നും ഞാൻ പറഞ്ഞതായി കൂട്ടല്ലേ.'ഞങ്ങൾ അപ്പോഴേ വ്യക്തമാക്കി, 'രേഖാമൂലം ഏറ്റെടുക്കാൻ വയ്യാത്ത ഒരു വാക്കും താങ്കൾക്കു വേണ്ടി എഴുന്നള്ളിക്കാൻ ഞങ്ങൾക്കാവില്ല.' ആ പ്രകരണം പത്രത്തിൽ എത്തിയപ്പോൾ കുപിതയായ മേനക ചോദിച്ചു: 'എല്ലാം ഞാൻ അന്നേ പറഞ്ഞുതന്നില്ലേ?' അവർ ഉടമസ്ഥത ഏൽക്കാൻ തയാറാവാത്ത വാദഗതിയുടെ പിതൃത്വം പേറാൻ  ഞങ്ങളെ കിട്ടില്ല എന്നു പറഞ്ഞ് ആ പ്രകരണം അവസാനിപ്പിച്ചു.


മാറ്റത്തിനുള്ള മേനകയുടെ സാമർഥ്യം ചൂണ്ടിക്കാട്ടാൻ വേണ്ടി പഴയ ഒരു കഥ ഉദ്ധരിച്ചുവെന്നേയുള്ളൂ.  വീണ്ടും പിന്നോക്കം പോവുകയും ഷാ കമ്മീഷൻ റിപ്പോർട്ടിന്റെ താളുകൾ തിരയുകയും ചെയ്താൽ ഇപ്പോൾ അവരെ താങ്ങുന്ന ഭാരതീയ ജനതാ പാർട്ടിക്കും പുളിക്കുകയും ചവർക്കുകയും ചെയ്യും. അതുകൊണ്ട് മേനക എവിടെ നിൽക്കുകയോ നടിക്കുകയോ ചെയ്യുന്നുവെന്ന കേവല ചിന്തയിലേക്ക് ആനക്കാര്യം ഒതുക്കുന്നില്ല. അവർ തട്ടിമൂളിച്ചത് തെറ്റാണെന്ന വസ്തുത അവശേഷിക്കുന്നുതാനും.  
പക്ഷേ മേനകാ ഗാന്ധി എന്തൊക്കെയോ പറഞ്ഞുപോയതുകൊണ്ടോ സാധാരണേതരമായ ഒരു മാനം അതിനുണ്ടായതുകൊണ്ടോ ഉപേക്ഷിക്കേണ്ടതല്ല ആനയെപ്പറ്റിയുള്ള ചർച്ച. കാട്ടിൽ നൂറും നൂറ്റിരുപതും നാഴിക നീളത്തിൽ കിടക്കുന്ന ഇടനാഴിയിലൂടെ  സഞ്ചരിച്ചു രസിക്കുന്ന ആനകളെ പുന്നത്തൂർ കോട്ടയിലെ നാലഞ്ചേക്കർ സ്ഥലത്ത് കെട്ടിയിട്ട് മേനി നടിക്കുന്നവരാണ് നമ്മൾ.  യുഗങ്ങൾക്കപ്പുറം വെച്ചു തന്നെ നമ്മൾ ആനക്ക് അർഹവും ആവശ്യവുമായ നീണ്ട കാട്ടിടനാഴി തട്ടിയെടുത്തു.  


ഹരിശ്രീ കുറിക്കുമ്പോൾ പേരെടുത്തെഴുതിയാലും, മടുക്കും വരെ മോദകം ഊട്ടിയാലും, ഐതിഹ്യമാലയുടെ ഏഴു ഭാഗങ്ങളിലും അവസാനത്തെ അധ്യായം ഗുരുവായൂർ കേശവനോ കവളപ്പാറ കൊമ്പനോ തെച്ചിക്കോട്ടുകാവു രാമചന്ദ്രനോ വേണ്ടി നീക്കിവെച്ചാലും കഴുകിക്കളയാവുന്നതല്ല കാട്ടിൽനിന്ന് ആനയെ കുടിയിറക്കിയ പാപം.
പാപമായോ പൂജയായോ വിനോദമായോ ആന നമ്മുടെ സ്വത്വത്തെയും സംസ്്കൃതിയെയും നിർവചിക്കുന്നു.  ഇതിഹാസ ലേഖകനാണ് ആന.  വിഘ്‌നേശ്വരനാണ് ആന.  ക്ഷിപ്രപ്രസാദിയായ ഗണനായകനാണ് ആന.  അക്ഷരം സൃഷ്ടിക്കാൻ തനിക്കുള്ള പ്രാപ്തിയും വേഗവും ചോദ്യം ചെയ്തിട്ട് വ്യാസൻ പോലും കടന്നു കളയില്ലെന്ന് ഉറപ്പു വരുത്തിയ മാനിയാണ് ആന.  അതിനെ വണങ്ങാതെ എന്തു പൂജ?  അതിനെ തൃപ്തിപ്പെടുത്തിയാൽ വഴി മാറാത്ത വിഘ്‌നമേത്?  അതിന്റെ പുറത്തേറിയാൽ ഹരം കൊള്ളാത്ത ദേവൻ ആര്?  
ഞാൻ കുട്ടിക്കാലം മുതലേ ആരാധിച്ചുപോന്ന ഒരു എമ്പ്രാന്തിരിയുമായി ബന്ധപ്പെടുത്താതെ ആനയെ ഓർക്കാൻ വയ്യ.  


കൃഷ്ണമ്പ്രാനു ചെയ്യാൻ വയ്യാത്തതായി ഒരു ജോലി ഇല്ല.  ഊട്ടുപുരയിൽ കേറിയാൽ പറഞ്ഞതെന്തും പാചകം ചെയ്യും. ശ്രീകോവിലിൽ കേറിയാൽ വേണ്ട മന്ത്രോച്ചാരണത്തോടെ പൂജ കഴിക്കും. നാട്ടിൻ പുറത്തെ രാഷ്ട്രീയ യോഗത്തിനെത്തിയാൽ നെടുമ്പുര കെട്ടാനും അരങ്ങ് ഒരുക്കാനും എമ്പ്രാൻ വേണം.  സ്വാതന്ത്ര്യ സമരത്തിൽ ജയിലിൽ കിടന്ന്, താമ്രപത്രം നേടിയ ആളാണെന്ന വസ്തുത ആ അവകാശത്തെ ഉറപ്പിക്കുന്നു.  അതിനെയെല്ലാം കീഴ്‌പ്പെടുത്തുന്നതാണ് ആനപ്പുറത്ത് കയറാനുള്ള അദ്ദേഹത്തിന്റെ ഹരം.  
താൻ സ്ഥലത്തുണ്ടെങ്കിൽ പൂരത്തിനു കയറ്റി എഴുന്നള്ളിക്കുന്ന കൊമ്പന്റെ പുറത്ത് തിടമ്പ് കയറ്റാൻ താൻ തന്നെ വേണം.  തലയെടുപ്പുള്ള കൊമ്പന്റെ പുറത്ത് കയറിയാൽ, തിടമ്പു താങ്ങിയിരിക്കുന്ന, പിശുക്കി പിശുക്കി വളരുന്ന താടിയും വട്ടക്കണ്ണടയുമുള്ള ആ കൃശഗാത്രന്റെ ഭാവം, അഹംഭാവം എന്നു തന്നെ പറഞ്ഞോളൂ, ഒന്നു കാണേണ്ടതു തന്നെ. ചിലേടങ്ങളിൽ പൂരം കഴിയുമ്പോൾ തിടമ്പേറ്റിയ ആനയെ ദേവാലയത്തിനു ചുറ്റും ഓടിക്കുന്നതു കാണാം. 
ക്ഷമിച്ചും സൂക്ഷിച്ചും ഒതുങ്ങി നടക്കുന്ന കൊമ്പനെ ശുണ്ഠി പിടിപ്പിക്കാൻ സ്ഥലത്തെ ദിവ്യന്മാരായ ചെറുപ്പക്കാർ നോക്കും. ചിലേടത്ത് അത് ആനക്ക് ഉപദ്രവമായും നീങ്ങാം. അക്രമത്തിനു കൂട്ടു നിൽക്കാതെ, ആ അവസാനത്തെ ശ്രീബലിയിൽ രസിച്ചിരിക്കുന്നത് കൃഷ്ണമ്പ്രാൻ ആയിരിക്കും. ആന ഓടിയാലേ അദ്ദേഹത്തിനു രസമുള്ളൂ. മറ്റുള്ളവർ പേടിച്ചോടുന്നിടത്ത് ചാടിക്കയറുന്നയാളാണ് അദ്ദേഹം. അദ്ദേഹം പുറത്തുണ്ടെങ്കിൽ ആനക്കും സമാധാനമാണെന്നായിരുന്നു പൊതുവെ വിശ്വാസം.  


എന്റെ ആദ്യത്തെ പദ്യപരിചയം ആനയുമായി ബന്ധപ്പെട്ടതായിരുന്നു. വളയും പൊട്ടും പൗഡറും കൺമഷിയും മറ്റും നിറച്ചിരുന്ന ഭാണ്ഡത്തിൽ സാഹിത്യ രസികനായ വ്യാപാരി രണ്ടു കൊച്ചുകവിതാ പുസ്തകം കൂടി കരുതിയിരുന്നു.  മുതിർന്ന ആരുടെയോ കണ്ണ് അതിലേക്കു നീങ്ങിയപ്പോൾ വഴിവാണിഭക്കാരൻ പറഞ്ഞു: 'രമണൻ ഇല്ല.  അടുത്ത വരവിനു തരാം.' തൽക്കാലം ഉള്ളതിൽ ഒന്ന് എന്തോ കാരണത്തിന് തൂങ്ങിമരിച്ച സരോജിനിക്കുട്ടിയുടെ കടുംകൈ വിവരിക്കുന്ന ദുരന്ത കാവ്യമായിരുന്നു. അതിന്റെ കാരണം അന്വേഷിച്ചുപോകാൻ പ്രായമായിരുന്നില്ല.  മറ്റേത് ഗൂഢാലോചനകളോ കൊലച്ചതികളോ ഇല്ലാത്ത സുതാര്യമായ പദ്യമായിരുന്നു. കവളപ്പാറ കൊമ്പൻ.  
ഒരാണ്ടു മുമ്പ് വെള്ളപ്പൊക്കത്തിൽ കാണാതായ കുറെ ഭൂവിഭാഗം ഉൾപ്പെട്ട സ്ഥലമാണ് കവളപ്പാറ. കവളപ്പാറ  നായർ എന്ന നാടുവാഴിയുടെ അധീശത്തിൽ ഒരു കാലത്ത് നാട്ടുകാർ വിരണ്ടും ഓഛാനിച്ചും കാലയാപനം കഴിച്ചു.  


നടുവാഴിയുടെ അന്തസ്സിനു ചേരുംപടി നായർ വീട്ടിൽ ഒരു ആനയുമുണ്ടായിരുന്നു. ഒരു ദിവസം ആന ഇടഞ്ഞു, കൊലവിളി നടത്തി. എന്തെല്ലാമോ തകർത്തതിനു ശേഷം കുളത്തിൽ ഇറങ്ങിയ കൊമ്പനെ തളക്കാൻ തന്നെ രണ്ടും കൽപിച്ച് പാപ്പാൻ ഇറങ്ങി, 'കവിളൊട്ടി പറ്റിയ കുഞ്ഞൻ പാപ്പാൻ.' പദ്യകഥ ചുരുക്കട്ടെ. കവളപ്പാറ കൊമ്പൻ കുഞ്ഞൻ പാപ്പാന്റെ കഥ കഴിച്ചു. 
പിന്നെ വന്ന വായനയുടെ വർഷങ്ങളിൽ, കാവ്യരസം ലേശവും തുളുമ്പാത്ത എത്രയോ കഥകൾ കേട്ടിരിക്കുന്നു, ആനച്ചോറ് ബലിച്ചോറ് ആക്കിയ ആനകളെയും  കഥാവശേഷരായ പാപ്പാന്മാരെയും പറ്റി. അയൽപക്കത്തെ ഗോവിന്ദൻ നായർ ചിറക്കൽ കൊമ്പന്റെ രണ്ടാം പാപ്പാനായി ചെല്ലുന്നത് മൂന്നു പേരെ വകവരുത്തിയ കഥ കേട്ടുകൊണ്ടായിരുന്നു. ഒരു ദിവസം രണ്ടാം പാപ്പാനെ അവൻ വാരിയെറിഞ്ഞു കുളത്തിന്റെ മൂലയിലേക്ക്. മുറിഞ്ഞ മൂന്ന് വാരിയെല്ലുമായി ഓടിപ്പോയ ഗോവിന്ദൻ നായർ പിന്നെ പൊങ്ങുന്നത് ഒരു എൻജിനീയറുടെ ഡ്രൈവർ ആയിട്ടായിരുന്നു. 
രാമക്ഷേത്രത്തിലെ രണ്ട് ആനകളിൽ ചെറുതിനെ മേച്ചിരുന്ന കൃഷ്ണൻ നായർ ചില വൈകുന്നേരങ്ങളിൽ ഞങ്ങളുടെ പറമ്പിൽ അവനെ ഉറക്കാനെത്തിച്ചു. എവിടെയോ മരം പിടിപ്പിച്ച്, ചുവന്ന കണ്ണും ചൊടിച്ച ചുണ്ടുമായി മടങ്ങുന്ന പാപ്പാൻ ആനക്കും അൽപം മോന്താൻ കൊടുത്തിരുന്നുവത്രേ.  ബന്ധം വികലമായ ഒരു സായാഹ്നത്തിൽ അവൻ കൃഷ്ണൻ നായരെയും അപായപ്പെടുത്താൻ നോക്കി എന്നാണ് പുരാണം.  


ആനയും അമ്പാരിയുമായിരുന്നു പണ്ടത്തെ കുട്ടിരാജാക്കന്മാരുടെ അധികാര ചിഹ്നം.  ആനപ്പുറത്തു  കേറി അവർ പട വെട്ടി. കൗപീനമണിഞ്ഞ് ആനപ്പുറത്ത് എഴുന്നള്ളിയ സാമൂതിരി പോർച്ചുഗീസുകാരെ നേരിടാൻ പോകുന്നതിന്റെ പഴയ ചിത്രം ഏറെ പ്രസിദ്ധമാണല്ലോ. ഇന്ന് യുദ്ധത്തിന് ആന വേണ്ട. തടി പിടിക്കാനും ആന വേണ്ട. ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്നു എന്ന ബഡായി ഒന്നും വിലപ്പോവാത്ത വിധം സാങ്കേതികവിദ്യ വളർന്നിരിക്കുന്നു.  ആരാധിക്കാൻ ഒരു മൂർത്തി വേണമെങ്കിൽ അത് കല്ലുകൊണ്ടും പൊന്നുകൊണ്ടും ഉണ്ടാക്കാം.  ആനയെ അതിന്റെ കാട്ടുവഴിക്ക് വിട്ടേക്കുക എന്നു തന്നെയാണ് വീണ്ടും വീണ്ടും പൊട്ടിത്തെറിക്കുന്ന ആന സംഭവങ്ങളുടെ സന്ദേശം.  ഇതാണോ ചേനക്കാര്യം എന്നാണ് കുറു ചോദ്യമെങ്കിൽ ഇതാണ് ആനക്കാര്യം എന്നു തന്നെ മറുവാദം.


ആനയുടെ ദീനതയും മനുഷ്യന്റെ നിഷ്ഠുരതയും പരിസ്ഥിതിയുടെ ലോലതയും അടയാളപ്പെടുത്തുന്ന മലയാളത്തിലെ വിശിഷ്ടമായ കവിതയാണ് വൈലോപ്പിള്ളിയുടെ സഹ്യന്റെ മകൻ. പുതിയ ഭാവുകത്വവും പരിസരകൗതുകവും ആദ്യമായി ആവിഷ്‌കരിച്ച കൃതിയാകും 1944 ൽ എഴുതിയ സഹ്യന്റെ മകൻ.  കവിതയുടെ ഭാവവും പരിപ്രേക്ഷ്യവും നവീനമെങ്കിലും പഴമയുടെ മൂശയിൽ അതിനെ വ്യാഖ്യാനിക്കാനായിരുന്നു പണ്ഡിതന്മാരുടെ ഉദ്യമം.  മനുഷ്യന്റെ ചൊൽപടിക്ക് നെറ്റിപ്പട്ടം കെട്ടി തലയെടുത്തു നിൽക്കുമ്പോൾ, കൊമ്പന് മദമിളകുന്നു.  
നാട്ടിലെ ദുരിതങ്ങളും കാട്ടിലെ ആനന്ദങ്ങളും വിശുദ്ധമായ ഒരു വിഭ്രാന്തിയിൽ കൂടിക്കുഴയുന്നു. സമൂഹവുമായി ഇടയുന്ന മനുഷ്യന്റെ ചേതോവികാരങ്ങളാണ് അതൊക്കെയെന്ന് ഒരു വ്യാഖ്യാനം. ആന ഒരു പ്രതീകമാണത്രേ.  


ആനയെ ആനയായിത്തന്നെ കാണണമെന്ന് ഞാൻ വാദിക്കും. മനുഷ്യന്റെ ഭർത്സനത്തിനും പീഡനത്തിനുമെതിരെ ശബ്ദമുയർത്തുന്ന ആനയെ മനുഷ്യൻ വെടിവെച്ചു കൊല്ലുന്നു. വിനോദത്തിനും സ്വരക്ഷക്കും വേറെ വഴികൾ ആലോചിക്കുന്നവർ മസ്ത്കം പിളരുമാറ് പടക്കം നിറച്ച കൈതച്ചക്ക ആനയുടെ തൊണ്ടയിൽ തള്ളുന്നു.  ആനയിൽനിന്നുയരുന്ന വിലാപം എവിടെയും മുഴങ്ങുന്നു.
- ദ്യോവിനെ വിറപ്പിക്കുമാ വിളി 
കേട്ടോ, മണി-
ക്കോവിലിൽ വിളങ്ങുന്ന മാനവരുടെ ദൈവം?  

Latest News