Sorry, you need to enable JavaScript to visit this website.

നമ്മുടെ മനോഭാവമാണ് മാറേണ്ടത്  

പ്രമുഖ അമേരിക്കൻ വ്യവസായിയും ഫോർഡ് കോർപറേഷൻ ചെയർമാനുമായിരുന്ന ഹെൻട്രി ഫോർഡിന്റെ  പ്രശസ്തമായ ഒരു വാചകമുണ്ട്. തെറ്റു കണ്ടെത്താൻ ശ്രമിക്കുന്നതിന് പകരം പരിഹാരം കണ്ടെത്തുക. പരാതിപ്പെടുവാൻ ആർക്കും സാധിക്കും.  വിജയകരമായ മുന്നേറ്റത്തിന് ജീവിത സമീപനവും നിലപാടുകളും എങ്ങനെയായിരിക്കണമെന്നാണ് ഈ വാചകം നമ്മെ ഉദ്‌ബോധിപ്പിക്കുന്നത്. 
പലപ്പോഴും വ്യവസ്ഥിതിയെ പഴി ചാരി രക്ഷപ്പെടുകയെന്നതാണ് മനുഷ്യന്റെ സ്വഭാവം. ഇതിനൊരു മാറ്റം അനിവാര്യമാണെന്നും ഓരോരുത്തരുടെയും മനസ്ഥിതി മാറുമ്പോൾ വ്യവസ്ഥിതി താനേ മാറുമെന്നും നാം തിരിച്ചറിയുക. സമൂഹത്തിൽ നിങ്ങൾ കാണാനാഗ്രഹിക്കുന്ന മാറ്റം നിങ്ങൾ തന്നെയാവുക എന്ന ഗാന്ധിജിയുടെ ഉദ്ധരണിയും ഇവിടെ പ്രസക്തമാണ്. 
നിലവിലുള്ള സാമൂഹ്യ രാഷ്ട്രീയ വ്യവസ്ഥിതിയിൽ പല മാറ്റങ്ങളും നമ്മളൊക്കെ ആഗ്രഹിക്കാറുണ്ട്. മാറ്റം എവിടെ നിന്നാരംഭിക്കണമെന്ന വിഷയത്തിൽ മാത്രം പലപ്പോഴും  ഏകാഭിപ്രായമുണ്ടാവാറില്ല. മറ്റുള്ളവരിലേക്ക് ഒരു വിരൽ ചൂണ്ടുമ്പോൾ ബാക്കി വിരലുകളൊക്കെ നമ്മിലേക്കാണ് തിരിയുന്നത്.  മൗലികമായ ഈ തിരിച്ചറിവാണ് മാറ്റത്തിന്റെ ഗതി നിർണയിക്കുക.


 മനോഭാവം അതാണ് എല്ലാം എന്ന വിഖ്യാത ഗ്രന്ഥമെഴുതിയ  ജെഫ് കെല്ലർ തന്റെ ജീവിതാനുഭവങ്ങളിൽ നിന്നും ചുട്ടെടുത്ത കുറെ പാഠങ്ങൾ പങ്കുവെക്കുന്നുണ്ട്.  പരാതികളും പരിഭവങ്ങളുമായി കഴിയുന്നതിന് പകരം സമയവും സാഹചര്യവും കണക്കിലെടുത്ത് ഉയർന്നുപ്രവർത്തിക്കുവാൻ ആഹ്വാനം ചെയ്യുമ്പോൾ ജീവിതം മനോഹരമാക്കുന്നതിൽ മനോഭാവത്തിന്റെ പ്രാധാന്യമാണ് അദ്ദേഹം  അടയാളപ്പെടുത്തുന്നത്. 
നമ്മുടെ മനോഭാവമാണ് എല്ലാ കാര്യങ്ങളും നിർണയിക്കുന്നത്. നിഷേധാത്മകമായ മനോഭാവം നമ്മുടെ ജീവിതത്തെ പരാജയത്തിലേക്ക് തള്ളിവിടുന്നു. എന്തിനും ഏതിനും നിഷേധാത്മകമായ മനോഭാവം വെച്ചുപുലർത്തുന്നവരെ നാം എന്നും കണ്ടുമുട്ടാറുണ്ട്. ലോകത്തെ മുഴുവൻ അവർ പുഛിക്കുകയും എല്ലാത്തിനെയും പഴിക്കുകയും നിരാശയോടെ പെരുമാറുകയും ഒന്നും ഒരു കാലത്തും ശരിയാകില്ലെന്ന് ഉറപ്പിച്ച് പറയുകയും ചെയ്യും. 


ഇത് അവരുടെ ജീവിതം മുഴുവൻ ദുഷ്‌കരമാക്കുകയും മറ്റുള്ളവരുടെ പോസിറ്റീവ് എനർജിയെ നഷ്ടപ്പെടുത്തുകയും ചെയ്യും. ഇത്തരക്കാരെ എങ്ങനെ തുറന്ന മനസ്സോടെ പ്രസന്നമായ ചിന്തകളോടെ കാര്യങ്ങളെ സമീപിക്കുകയും ഫലവത്തായി ചെയ്തുതീർക്കുയും ചെയ്യാം എന്ന് പറഞ്ഞുതരുന്ന കൃതിയാണിത്. 
രാഷ്ട്രീയ പക്ഷപാതിത്വവും സങ്കുചിതത്വവും ന്യായീകരണ തൊഴിലാളികളാക്കി മാറ്റുന്ന നിരവധി പേരെ നമുക്കും ചുറ്റും കാണും. അവരുടെ സമീപനവും മനോഭാവവും അടഞ്ഞതായിരിക്കും. അതിനാൽ യാഥാർഥ്യങ്ങൾ അംഗീകരിക്കാനോ അതിനനുസരിച്ചു പ്രവർത്തിക്കുവാനോ അത്തരക്കാർക്കാവില്ല.  തുറന്ന മനസ്സോടെ കാര്യങ്ങൾ കൈകാര്യം ചെയ്യുവാൻ നല്ല മനോഭാവം ഉണ്ടായേ തീരൂ.  
പ്രതീക്ഷാനിർഭരമാണ് നമ്മുടെയെല്ലാവരുടെയും ജീവിതം. എന്തൊക്കെ സംഭവിച്ചാലും നല്ലൊരു നാളെയെ ഏറെ പ്രതീക്ഷയോടെയാണ് നാമെല്ലാവരും കാത്തിരിക്കുന്നത്. വാസ്തവത്തിൽ ജീവിതത്തിലെ നിറമുള്ള സ്വപ്‌നങ്ങളും പ്രതീക്ഷകളുമാണ് ജീവിത നൗകയെ മുന്നോട്ടു നയിക്കുന്നത് തന്നെ. ഇരുളടഞ്ഞ വഴിക്കപ്പുറവും പ്രത്യാശയുടെ വെള്ളിവെളിച്ചമാണ് ഓരോരുത്തരും കിനാവു കാണുന്നത്. ഇതിന് പോസിറ്റീവ് ചിന്തയും ക്രിയാത്മകമായ മനോഭാവവും അത്യാവശ്യമാണ്.   


ജീവിതത്തിൽ നമുക്കു നേരിടേണ്ടിവരുന്ന പല സാഹചര്യങ്ങളെയും പലപ്പോഴും നമുക്കു മാറ്റാൻ കഴിയണമെന്നില്ല.  എന്നാൽ അവയോടുള്ള നമ്മുടെ സമീപനത്തെയും മനോഭാവത്തെയും മാറ്റുന്നതിലൂടെ ജീവിതം സജീവവും സക്രിയവുമായി മാറ്റുവാൻ നമുക്ക് കഴിയുമെന്ന് നാം തിരിച്ചറിയുക.  ജീവിത സാഹചര്യങ്ങളും സംഭവങ്ങളും വ്യക്തിത്വങ്ങളും നമ്മുടെ ആഗ്രഹപ്രകാരമോ നമ്മുടെ നിയന്ത്രണത്തിലോ ആയിരിക്കണമെന്ന് നമുക്ക് ഉറപ്പിക്കാനാവില്ല. എന്നാൽ അവയോട് നാം എങ്ങനെ പ്രതികരിക്കുന്നുവെന്നതും  നമ്മുടെ സമീപനവും മനോഭാവവും പ്രകാരമായിരിക്കണമെന്നതും നമ്മൾ മാത്രം നിശ്ചയിക്കേണ്ടതാണ്. മനോഭാവത്തെ ശരിയായ രീതിയിൽ നയിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള സ്വാതന്ത്ര്യവും കഴിവും നമ്മുടെ കരങ്ങളിലാണ്. ഇവിടെയാണ് മനഃസ്ഥിതി മാറ്റൂ, വ്യവസ്ഥിതി മാറുമെന്ന ആശയം ശ്രദ്ധേയമാകുന്നത്.  
സംഘർഷഭരിതമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന സമകാലിക സമൂഹത്തിൽ ഈ ചിന്തകൾക്ക് വലിയ പ്രാധാന്യമുണ്ടെന്നാണ് ഞാൻ കരുതുന്നത്. നമുക്ക് നിയന്ത്രണമില്ലാത്ത കാര്യങ്ങളെ ചൊല്ലി വേവലാതിപ്പെടാതെ, സാഹചര്യങ്ങളെ പഴിച്ച് മനസ്സ് നശിപ്പിക്കാതെ സജീവമാകുവാനും പ്രതീക്ഷയോടെ മുന്നോട്ടു പോകുവാനും ശ്രമിക്കുമ്പോൾ ജീവിതത്തിന്റെ ശരിയായ നിയോഗവും അർഥതലങ്ങളും തിരിച്ചറിയാനാണ് സാഹചര്യമൊരുങ്ങുക.


'നിങ്ങളുടെ മനോഭാവമാണ് നിങ്ങളുടെ ജീവിതത്തിന്റെ നിയന്ത്രണ കേന്ദ്രം' എന്നാണ് പ്രശസ്ത മനഃശാസ്ത്ര വിദഗ്ധനായ നോർമൻ കസിൻസ് പറയുന്നത്. നിങ്ങളുടെ മനസ്സ് ഒരു ജാലകമാണ്. ആ ജാലകത്തിൽ കൂടിയാണ് നിങ്ങൾക്കു ചുറ്റുമുള്ള ലോകത്തെ നിങ്ങൾ നോക്കിക്കാണേണ്ടത്. അതുകൊണ്ട് ആ ജാലകത്തെ സ്വയം വൃത്തിയാക്കി തിളക്കമുള്ളതാക്കി വെക്കുക എന്നാണ് ജോർജ് ബർണാഡ് ഷാ ഇവ്വിഷയകമായി പറഞ്ഞുവെച്ചത്. 
മനോഭാവത്തെക്കുറിച്ച് ഏറെ വാചാലനായ വില്യം ജെയിംസ് പറയുന്നത്  ഏറെ ശ്രദ്ധേയമാണ്. അദ്ദേഹം പറഞ്ഞു, മുൻവിധികൾ പുനഃ ക്രമീകരിക്കുമ്പോൾ അവർ ചിന്തിക്കുകയാണെന്നാണ്  പലരും കരുതുന്നത്. ഏതൊരു തലമുറയുടെയും ഏറ്റവും വലിയ കണ്ടെത്തൽ, ഒരു മനുഷ്യന് തന്റെ മനോഭാവത്തിൽ മാറ്റം വരുത്തിയാൽ ജീവിതത്തെ മാറ്റിമറിക്കാൻ കഴിയും എന്നതാണ്.
മോശമായ മനോഭാവം പഞ്ചറായ ടയർ പോലെയാണ്. അത് ജീവിതത്തിന്റെ ഉയരങ്ങളിലെത്തുവാൻ നമ്മെ സഹായിക്കില്ല. നമ്മുടെ മനോഭാവമാണ് നമ്മുടെ ഉയർച്ച നിശ്ചയിക്കുന്നതെന്ന് നാം തിരിച്ചറിയുക. നല്ല ചിന്തകളും അന്വേഷണങ്ങളുമാണ് നമ്മുടെ മനോഭാവത്തെ രൂപപ്പെടുത്തേണ്ടത്. ശുഭാപ്തി വിശ്വാസവും ക്രിയാത്മക ചിന്തകളും മനോഭാവത്തെ ധന്യമാക്കുമ്പോൾ ജീവിത പരിസരങ്ങളിൽ വിജയത്തിളക്കമുണ്ടാകാതിരിക്കാനാവില്ല. 


ജീവിതത്തോടും പ്രകൃതിയോടും സമസൃഷ്ടികളോടും മാത്രമല്ല, സ്രഷ്ടാവിനോടുമുള്ള നമ്മുടെ സമീപനത്തിൽ മാറ്റം വേണം. നിലപാടിലും സമീപനത്തിലുമുണ്ടാകുന്ന സമഗ്രമായ മാറ്റം വ്യവസ്ഥിതിയുടെ തന്നെ സ്വഭാവ സവിശേഷതകളെ സമഗ്രമായി പരിഷ്‌കരിക്കും.  
മുൻവിധികളില്ലാതെ തുറന്ന മനസ്സോടെ ജീവിത സാഹചര്യങ്ങളെ നോക്കി കാണുകയും നന്മ പ്രസരിപ്പിക്കുവാൻ ശ്രമിക്കുകയും ചെയ്യുമ്പോൾ മനഃസ്ഥിതിയിലും വ്യവസ്ഥിതിയിലുമൊക്കെ വിപ്ലളവകരമായ മാറ്റങ്ങളാണുണണ്ടാവുക. നല്ലതു വിതച്ചാൽ തീർച്ചയായും നല്ലത് കൊയ്യാനാകും.   

Latest News