Sorry, you need to enable JavaScript to visit this website.

സെൻസെക്‌സും നിഫ്റ്റിയും പ്രതിവാര നേട്ടത്തിൽ

ഇന്ത്യാ വോളാറ്റിലിറ്റി ഇൻഡക്‌സ് പച്ചക്കൊടി വീശിയത് അവസരമാക്കി ആഭ്യന്തര വിദേശ ധനകാര്യസ്ഥാപനങ്ങൾ മുൻനിര ഓഹരികളിൽ വൻ നിക്ഷേപങ്ങൾക്ക് മത്സരിച്ചു. ബി.എസ്.ഇ, എൻ.എസ്.ഇ ഇൻഡക്‌സുകൾ പിന്നിട്ടവാരം ആറ് ശതമാനം കയറി. ബോംബെ സെൻസെക്‌സ് 1863 പോയന്റും നിഫ്റ്റി 562 പോയന്റും പ്രതിവാര നേട്ടത്തിലാണ്. ഇന്ത്യൻ വിപണി തുടർച്ചയായ രണ്ടാം വാരമാണ് നേട്ടത്തിൽ നീങ്ങുന്നത്. മാർച്ച് മാസത്തെ തകർച്ചയ്ക്ക് ശേഷം ഇതാദ്യമായി നിഫ്റ്റി സൂചിക അഞ്ചക്കം ദർശിക്കുന്നത്. നിഫ്റ്റി 10,000 പോയന്റിനെ ഉറ്റ്‌നോക്കുന്നുവെന്ന് മുൻവാരം മലയാളം ന്യൂസ് വ്യക്തമാക്കിയിരുന്നു. 9580 പോയന്റിൽ നിന്ന് 9786 പോയന്റിലേയ്ക്ക് ഉയർന്ന് ഓപൺ ചെയ്ത മാർക്കറ്റ് കഴിഞ്ഞവാരം സൂചിപ്പിച്ച 9993 പോയന്റിലെ പ്രതിരോധം തകർത്തെങ്കിലും വിപണി ലക്ഷ്യമിട്ട 10,595 ലേയ്ക്ക് ധൂരം കീഴടക്കാനായില്ല. ഓപറേറ്റർമാർ കാര്യമായ പ്രോഫിറ്റ് ബുക്കിംഗിന് താൽപര്യം കാണിച്ചില്ല. ഒരവസരത്തിൽ 10,178 പോയന്റ് വരെ കയറിയ നിഫ്റ്റി ക്ലോസിംഗിൽ 10,142 ലാണ്. നിഫ്റ്റിക്ക് ഈവാരം പ്രതിരോധം 10,311 ലും 10,480 പോയന്റിലുമാണ്. ഉയർന്ന റേഞ്ചിലെ ലാഭമെടുപ്പ് വിൽപന സമ്മർദമായാൽ 9839 പോയന്റിൽ താങ്ങുണ്ട്. സൂചിക 21, 50 ദിവസങ്ങളിലെ ശരാശരിക്ക് മുകളിലാണ്, എങ്കിലും മറുവശത്ത് സൂചിക അതിന്റ 200 ആഴ്ചകളിലെ ശരാശരിയായ 10,353 പോയന്റിൽ ഈവാരം തടസ്സം നേരിടാം. 


ധനകാര്യസ്ഥാപനങ്ങളുടെ വിൽപനയ്ക്ക് ആക്കം കൂടിയാൽ 9536 ലേയ്ക്കും തുടർന്നുള്ള ആഴ്ചയിൽ സൂചിക 8,800 ലേയ്ക്കും തിരുത്തലും കാഴ്ചവെക്കാം. അങ്ങനെ സംഭവിച്ചാൽ, ഹൃസ്വകാലയളവിൽ സ്വാഭവികമായും സൂചികയെ 8,400, 8,200 ലേയ്ക്ക് പരീക്ഷണങ്ങൾ നടത്താം. ബോംബെ സൂചിക 32,876 ൽനിന്ന് 34,000 പോയന്റും കടന്ന് 34,488 വരെ ഉയർന്നു. മുൻ നിര ഓഹരികളിൽ വാരാന്ത്യം നടന്ന ലാഭമെടുപ്പിൽ അൽപം തളർന്ന ക്ലോസിംഗിൽ 34,287 പോയന്റിലാണ്. ഈവാരം 34,891-35,495 ലേയ്ക്ക് ഉയരാനാവും ശ്രമം, എന്നാൽ ആദ്യ തടസ്സം മറികടക്കാനായില്ലെങ്കിൽ 33,279-32,271 ലേയ്ക്ക് സൂചിക തളരാം.


ഇന്ത്യാ വോളാറ്റിലിറ്റി ഇൻഡക്‌സിന്റ ചലനങ്ങളെ ഫണ്ടുകൾ നിരീക്ഷിക്കുകയാണ്. സൂചിക അഞ്ച് ശതമാനം ഇടിഞ്ഞ് 30.37ൽ നിന്ന് 28.51 ലെത്തി. നിലവിലെ ചലനങ്ങൾ വിലയിരുത്തിയാൽ ഓഹരി സൂചിക വീണ്ടും നേട്ടം കൈവരിക്കാം. ഈവാരം വോളാറ്റിലിറ്റി സൂചിക 32.88 പോയന്റിലും 26.75 ലും നിലകൊള്ളാം. 
ഡോളറിന് മുന്നിൽ രൂപയുടെ മൂല്യം 75.61 ൽനിന്ന് 75.56 ലേയ്ക്ക് മെച്ചപ്പെട്ടു. ഈവാരം 75.96 74.45 റേഞ്ചിൽ നീങ്ങാം. വിദേശ ഫണ്ടുകൾ കഴിഞ്ഞവാരം 13,927 കോടി രൂപയുടെ ഓഹരി വാങ്ങി. ആഭ്യന്തര ഫണ്ടുകൾ 1600 കോടി രൂപ നിക്ഷേപിച്ചു. കഴിഞ്ഞമാസം വിദേശ ഫണ്ടുകൾ 13,914 കോടിയും ആഭ്യന്തര ഫണ്ടുകൾ 12,293 കോടി രൂപയുടെയും ഓഹരികൾ വാങ്ങി. 
ക്രൂഡ് ഓയിൽ ഉൽപാദനം ജൂലൈ വരെ കുറക്കാൻ ഒപ്പെക്കും റഷ്യയും തീരുമാനിച്ചത് എണ്ണ മാർക്കറ്റിന് നേട്ടമാവും. മെയിൽ 20 ഡോളറിൽ നീങ്ങിയ ക്രൂഡ് ഇതിനകം 39 ഡോളറായി ഉയർന്നു. ക്രൂഡ് 44.90 ഡോളറിനെയാണ് ഉറ്റ്‌നോക്കുന്നത്.


 

Latest News