ന്യൂദല്‍ഹി- ലൈംഗികാതിക്രമ കേസുകളില്‍ ഇരകള്‍ക്ക് നോട്ടീസയക്കാതെ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന് ദല്‍ഹി ഹൈക്കോടതി. ഭൂരിഭാഗം കേസുകളിലും ഇരകളെ ഇക്കാര്യം അറിയിക്കുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ ഇരക്ക് നോട്ടീസ് അയക്കുകയോ വാദം കേള്‍ക്കുകയോ ചെയ്യാതെ പ്രതിക്ക് ജാമ്യം അനുവദിച്ച നടപടി റദ്ദാക്കിയാണ് ഹൈക്കോടതിയുടെ ഉത്തരവ്. നിലവിലെ ലോക്ഡൗണ്‍ പോലുള്ള അടിയന്തരഘട്ടങ്ങളില്‍ സാധാരണ പോക്‌സോ കോടതിയല്ലെങ്കിലും സെഷന്‍സ് ജഡ്ജിമാര്‍ക്ക് ജാമ്യഹരജികള്‍ പരിഗണിക്കാം. എന്നാല്‍ നിര്‍ബന്ധ കാര്യങ്ങളെ കുറിച്ച് അവര്‍ ബോധവാന്മാരായിരിക്കണം. ഇരകള്‍ക്ക് നോട്ടീസ് അയക്കാതെ ബലാത്സംഗ കേസുകളില്‍ ജാമ്യം അനുവദിക്കുന്നത് ഗുരുതരമായ കാര്യമാണെന്ന് ജസ്റ്റിസ് പ്രതിഭ എം.സിംഗ് ചൂണ്ടിക്കാട്ടി.