Sorry, you need to enable JavaScript to visit this website.

പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ ലൈംഗികാരോപണം

ലണ്ടന്‍-പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ ലൈംഗികാതിക്രമ ആരോപണവുമായി അമേരിക്കന്‍ ബ്ലോഗര്‍. മുന്‍ പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനി, മുന്‍ ആരോഗ്യ മന്ത്രി മഖ്ദൂം ഷഹാബുദ്ദീന്‍, മുന്‍ ആഭ്യന്തര മന്ത്രി റഹ്മാന്‍ മാലിക്ക് എന്നിവര്‍ക്കെതിരെയാണ് അമേരിക്കന്‍ ബ്ലോഗറായ സിന്തിയ ഡി റിച്ചി ആരോപണവുമായി രംഗത്തെത്തിയത്.
പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി (പിപിപി)യുടെ പ്രമുഖ നേതാവ് കൂടിയായ റഹ്മാന്‍ മാലിക് ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ 2011ല്‍ പാനീയത്തില്‍ മയക്കുമരുന്ന് നല്‍കി തന്നെ ബലാത്സംഗം ചെയ്‌തെന്നാണ് ഡി റിച്ചിയുടെ ആരോപണം. റഹ്മാന്‍ മാലിക് ബലാത്സംഗം ചെയ്തുവെന്നും മഖ്ദൂം ഷഹാബുദ്ദീനും യൂസുഫ് റാസ ഗിലാനിയും ശാരീരികമായി ഉപദ്രവിച്ചെന്നും ഫേസ്ബുക്ക് ലൈവിലൂടെയാണ് ഡി റിച്ചി വെളിപ്പെടുത്തിയത്. ഡി റിച്ചി പാക്കിസ്ഥാനിലാണ് സ്ഥിരതാമസം.
യൂസഫ് റാസ ഗിലാനിയും മഖ്ദൂം ഷഹാബുദ്ദീനും ഇസ്ലാമാബാദിലെ പ്രസിഡന്റിന്റെ വസതിയില്‍ വെച്ചാണ് തന്നെ ശാരീരികമായി ഉപദ്രവിച്ചതെന്നാണ് ഡി റിച്ചി പറയുന്നത്. ആസിഫ് അലി സര്‍ദാരിയായിരുന്നു ആ സമയത്ത് പാക്കിസ്ഥാന്‍ പ്രസിഡന്റ്. സിന്തിയ ഡി റിച്ചിയുടെ വെളിപ്പെടുത്തലുകള്‍ പാക്കിസ്ഥാനിലെ പ്രധാന പ്രതിപക്ഷമായ പിപിപിയെ പ്രതിരോധത്തിലാക്കി.
ആരോപണങ്ങള്‍ തെളിയിക്കുന്നതിനുള്ള തെളിവുകള്‍ അടുത്തയാഴ്ച പുറത്തുവിടുമെന്നാണ് ഡി റിച്ചി വ്യക്തമാക്കിയിരിക്കുന്നത്. നിഷ്പക്ഷ മാധ്യമപ്രവര്‍ത്തകന് സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ കൈമാറുമെന്നും അവര്‍ പറഞ്ഞു. എന്നാല്‍ ആരോപണം ഗിലാനി നിഷേധിച്ചിട്ടുണ്ട്.
 

Latest News