ബത്തേരി-മൂലങ്കാവിനു സമീപം സ്വകാര്യ കൃഷിയിടത്തിലെ കെണിയിൽ കുടുങ്ങിയ പുലി സ്വയം രക്ഷപ്പെട്ടു. വനത്തിലേക്കു മടങ്ങാതെ കൃഷിയിടത്തിൽ തങ്ങിയ പുലിയെ സന്ധ്യയോടെ മയക്കുവെടിവച്ചു പിടിച്ചു. കൃഷിയിടത്തിലെ കെണിയിൽ കുടുങ്ങിയനിലയിൽ ഇന്നലെ രാവിലെയാണ് പുലി പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്. കാട്ടുപന്നിക്കുവച്ച കെണിയിൽ പുലിയുടെ കാൽ കുടുങ്ങുകയായിരുന്നു. വിവരം അറിഞ്ഞയുടൻ വനപാലകർ സ്ഥലത്തു എത്തിയെങ്കിലും ഡോക്ടറുടെ അഭാവത്തിൽ പുലിയിൽ മയക്കുവെടി പ്രയോഗിക്കാനായില്ല. ഉച്ചയോടെ ഡോക്ടർ എത്തിയപ്പോഴേക്കും പുലി കെണിയിൽനിന്നു സ്വയം രക്ഷപ്പെട്ടിരുന്നു. ദീർഘനേരത്തെ തെരച്ചലിനൊടുവിൽ മൂലങ്കാവ് വട്ടച്ചിറയിലെ കൃഷിയിടത്തിലാണ് പുലിയെ കണ്ടെത്തി മയക്കുവെടി പ്രയോഗിച്ചത്. പുലിയെ പിന്നീട് കൂട്ടിലാക്കി വയനാട് വൈൽഡ് ലൈഫ് വാർഡന്റെ കാര്യാലയ വളപ്പിലേക്കു മാറ്റി.