Sorry, you need to enable JavaScript to visit this website.

മലപ്പുറത്ത് പള്ളികള്‍ തുറക്കില്ല

മലപ്പുറം-കോവിഡ് വ്യാപനം  അനിയന്ത്രിതമായി തുടരുന്ന സാഹചര്യത്തില്‍ മലപ്പുറം ജില്ലയിലെ പള്ളികള്‍ തല്‍ക്കാലം പ്രാര്‍ത്ഥനക്കായി തുറക്കേണ്ടതില്ലെന്ന് മലപ്പുറം ജില്ലാ മുസ്്‌ലിം കോ- ഓര്‍ഡിനേഷന്‍ കമ്മറ്റി ചെയര്‍മാന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അറിയിച്ചു. പള്ളികള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയ സമയത്തെ സാഹചര്യമല്ല ഇപ്പോഴുള്ളത്. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച നിബന്ധനകള്‍ പാലിച്ച് കൊണ്ട് നിലവിലുള്ള സാഹചര്യത്തില്‍ പള്ളികളിലെ പ്രാര്‍ത്ഥനകള്‍ പ്രായോഗികമല്ലെന്ന് മഹല്ലുകളില്‍ നിന്നെല്ലാം അഭിപ്രായം ഉയര്‍ന്നു വന്നിട്ടുണ്ട്. കോവിഡ് -19 ,സാമൂഹ്യ വ്യാപന ഭീഷണിയുടെ വക്കിലാണ് ഇപ്പോഴുള്ളതെന്നും അതിനാല്‍ പള്ളികള്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ തുറക്കുന്നത് ഉചിതമല്ലെന്നുമുള്ള അഭിപ്രായമാണ് വിവിധ സംഘടനകള്‍ക്കും ഭൂരിഭാഗം മഹല്ലുകള്‍ക്കുമുള്ളതെന്ന് സാദിഖലി തങ്ങള്‍ അറിയിച്ചു.
മലപ്പുറം ജില്ലാ മുസ്്‌ലിം കോ-ഓര്‍ഡിനേഷന്‍ കമ്മറ്റിയിലെ എല്ലാ സംഘടനാ നേതാക്കളോടും ആശയ വിനിമയം നടത്തിയ ശേഷമാണ് ഈ തീരുമാനമെന്നും സാദിഖലി തങ്ങള്‍ അറിയിച്ചു.
കോവിഡ് വര്‍ധനയുടെ പശ്ചാതലത്തില്‍ അതീവ ജാഗ്രത ആവശ്യമുള്ളതിനാല്‍ മേല്‍മുറി മഅ്ദിന്‍ ഗ്രാന്റ് മസ്ജിദ് ഇപ്പോള്‍ തുറക്കുന്നില്ലെന്ന് മഅ്ദിന്‍ ഭാരവാഹികള്‍ അറിയിച്ചു. യാത്രക്കാരും മറ്റു സന്ദര്‍ശകരുമൊക്കെയായി ദിവസവും നിരവധി പേര്‍ എത്തുന്ന പള്ളിയില്‍ മഹാമാരിയുടെ പശ്ചാത്തലത്തില്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള എല്ലാ മുന്‍ കരുതലുകളും പാലിച്ച് ആരാധനാ കര്‍മങ്ങള്‍ നിര്‍വ്വഹിക്കാന്‍ സാധിക്കില്ല. വിശ്വാസികള്‍ സഹകരിക്കണമെന്നും രോഗ വ്യാപനം തടയുന്നതിനുളള എല്ലാ മാര്‍ഗങ്ങളും സ്വീകരിക്കണമെന്നും  മഅദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ബുഖാരി അഭ്യര്‍ത്ഥിച്ചു.

 

Latest News