Sorry, you need to enable JavaScript to visit this website.

ജോസഫൈനെ തിരുത്തി കോടിയേരി 

തിരുവനന്തപുരം- എല്ലാവരും നിയമത്തിന് വിധേയരാണെന്നും പോലീസിനും കോടതിക്കും സമാന്തരമല്ല പാർട്ടി സംവിധാനമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.
പോലീസിനെയും കോടതിയെയും ഭരണഘടനയെയും അംഗീകരിച്ചു കൊണ്ടാണ് പാർട്ടി പ്രവർത്തിക്കുന്നത്. പാർട്ടിക്കുള്ളിലെ പരാതികൾ മാത്രമാണ് പാർട്ടി പരിശോധിക്കുന്നത്. പാർട്ടി ചിലപ്പോൾ കോടതിയും പോലീസ് സ്റ്റേഷനും കൂടിയാണെന്ന വനിതാ കമ്മീഷൻ അധ്യക്ഷ എം.സി. ജോസഫൈന്റെ പരാമർശം സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു കോടിയേരി. പോലീസ് നടപടികൾ മുഴുവൻ പാർട്ടി പ്രവർത്തകർക്കും ഒരുപോലെ ബാധകമാണ്. അതുപോലെ തന്നെയാണ് കോടതി നടപടികളും. ഇന്ത്യൻ ഭരണഘടന അനുസരിച്ച് തന്നെയാണ് സി.പി.എം പ്രവർത്തിക്കുന്നത്. രാജ്യത്തെ നിയമ വ്യവസ്ഥ എന്താണോ, അതെല്ലാം പാർട്ടി പ്രവർത്തകർക്ക് ബാധകമാണ്. എന്നാൽ പാർട്ടിക്കകത്ത് ഉയർന്നു വരുന്ന പ്രശ്‌നങ്ങളിൽ പാർട്ടി ഇടപെടൽ ഉണ്ടാകാറുണ്ട്. അതാകാം എം.സി. ജോസഫൈൻ ഉദ്ദേശിച്ചതെന്നും കോടിയേരി പറഞ്ഞു.


പാലക്കാട്ട് ആന ചരിഞ്ഞ സംഭവത്തിൽ ബി.ജെ.പി. എം.പി മേനക ഗാന്ധിയുടെ മലപ്പുറം പരാമർശം വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ടുള്ളതാണെന്ന് കോടിയേരി പറഞ്ഞു. സംഭവം തികച്ചും ദൗർഭാഗ്യകരമാണ്. എന്നാൽ കേന്ദ്ര മന്ത്രിമാരും ബി.ജെ.പി നേതാക്കളും നടത്തിയ കുപ്രചാരണം വർഗീയ ധ്രുവീകരണത്തിനുള്ള മനഃപൂർവ ശ്രമമായേ കാണാൻ കഴിയൂ. ഇത്തരം ദുഷ്ട ശക്തിക്കെതിരെ വലിയ ജാഗ്രത വേണം. മലപ്പുറത്തെ വലിച്ചിഴച്ചുള്ള പ്രചാരണത്തിന്റെ പ്രത്യേക ലക്ഷ്യം വ്യക്തമാണ്. പ്രശ്‌നത്തിൽ സംസ്ഥാന സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിച്ചുവരികയാണ്. എന്നിട്ടും തെറ്റായ പ്രചാരണം നടത്തുകയായിരുന്നു. വംശീയ കലാപത്തിനാണ് ആർ. എസ്.എസ് നീക്കം. അതിൽ ആരും വശംവദരാകരുതെന്നും കോടിയേരി പറഞ്ഞു.

 

Latest News