തിരുവനന്തപുരം- കഠിനംകുളത്ത് ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് യുവതിയെ മദ്യം കുടിപ്പിച്ചശേഷം കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ പിടിയിലായ ആറ് പ്രതികളെയും റിമാന്‍ഡ് ചെയ്തു. മന്‍സൂര്‍ ( 45 ), അക്ബര്‍ ഷാ (23), അര്‍ഷാദ് (33), രാജന്‍ (50 ), മനോജ് (25), നൗഫല്‍ എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്.
കഠിനംകുളം ചാന്നാങ്കരയിലെ ആളൊഴിഞ്ഞ പുരയിടത്തില്‍ പ്രതികള്‍ യുവതിയെ എത്തിച്ചപ്പോള്‍ അഞ്ച് വയസ്സായ മകനും ഒപ്പമുണ്ടായിരുന്നു. അമ്മയെ ഉപദ്രവിക്കുന്നത് കണ്ടെന്നും പ്രതികള്‍ തന്നെ തള്ളിയിട്ട് മര്‍ദിച്ചെന്നുമാണ് മകന്റെ മൊഴി. ഇതോടെ സംഘത്തിലുള്‍പ്പെട്ട ഏഴ് പേരില്‍ നാല് പേര്‍ക്കെതിരെ കൂട്ടബലാത്സംഗത്തിന് പുറമെ പോക്‌സോ വകുപ്പും ചുമത്തി. മന്‍സൂര്‍ ,അക്ബര്‍ ഷാ , അര്‍ഷദ്, നൗഫല്‍ എന്നിവര്‍ക്കെതിരെയാണ് പോക്‌സോ ചുമത്തിയത്.
യുവതിയുടെ മുഖത്തും ശരീരത്തിലും നഖത്തിന്റെയും പല്ലിന്റെയും പാടുകള്‍ കണ്ടെത്തിയതും പ്രാഥമിക മെഡിക്കല്‍ റിപ്പോര്‍ട്ടും ബലാത്സംഗം നടന്നതിന് തെളിവാണെന്ന് പോലീസ് വ്യക്തമാക്കി. ലൈംഗികാതിക്രമം സ്ഥിരീകരിക്കുന്നതിന് യുവതിയുടെ വസ്ത്രങ്ങള്‍ ഫോറന്‍സിക് പരിശോധനക്ക് അയച്ചു.
സംഭവത്തിലെ ഗൂഢാലോചന അന്വേഷിച്ചു വരുന്നതായി ആറ്റിങ്ങല്‍ ഡിവൈ.എസ്.പി എസ്.വൈ സുരേഷ് പറഞ്ഞു. അറസ്റ്റിലായ ആറ് പ്രതികളെയും കാരക്കോണത്തുള്ള ജയില്‍ വകുപ്പിന്റെ കോവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങിയതിന് ശേഷം സംഭവസ്ഥലത്ത് കൊണ്ട് പോയി തെളിവെടുപ്പ് നടത്തുമെന്ന് പോലീസ് പറഞ്ഞു. കേസിലെ മുഖ്യ പ്രതി നൗഫലിനെ ഇതുവരെ പിടികൂടിയിട്ടില്ല. ഇരയായ യുവതിയെയും കുട്ടിയെയും പോലീസ് പൂജപ്പുരയിലുള്ള ഷെല്‍ട്ടല്‍ ഹോമിലേക്ക് മാറ്റി.