Sorry, you need to enable JavaScript to visit this website.

സൗദിയിൽ മരുന്നുകൾ പാർസലായി എത്തിക്കാൻ വ്യവസ്ഥകൾ നിശ്ചയിച്ചു

റിയാദ്- പാർസലായി രോഗികൾക്ക് മരുന്നുകൾ എത്തിക്കാൻ എട്ടു കർശന വ്യവസ്ഥകൾ ബാധകമാണെന്ന് കമ്യൂണിക്കേഷൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി കമ്മീഷൻ (സി.ഐ.ടി.സി) പറഞ്ഞു. വേഗത്തിലും സുരക്ഷിതമായും രോഗികൾക്ക് മരുന്നുകൾ എത്തിക്കാൻ ഈ വ്യവസ്ഥകൾ കമ്പനികൾ കണിശമായി പാലിക്കണം. സൗദിയിലെ മുഴുവൻ പ്രവിശ്യകളിലും നഗരങ്ങളിലും പ്രദേശങ്ങളിലും ഗുണഭോക്താക്കൾക്ക് ആവശ്യമായ മരുന്നുകൾ എളുപ്പത്തിലും വേഗത്തിലും എത്തിക്കാൻ ഇത് സഹായകമാകും. 


നഗരങ്ങൾക്കകത്ത് മരുന്നുകൾ എത്തിക്കാൻ മൂന്നു ദിവസത്തിലധികം സമയമെടുക്കാൻ പാടില്ല. നഗരങ്ങൾക്ക് പുറത്തുള്ള ഉപയോക്താക്കൾക്കുള്ള മരുന്ന് ഡെലിവറിക്ക് എടുക്കാവുന്ന കൂടിയ സമയം വാരാന്ത്യ അവധികൾ അടക്കം അഞ്ചു ദിവസമാണ്. ഗുണഭോക്താക്കൾക്ക് മരുന്നുകൾ കൈമാറുന്നതിന്റെ കൃത്യത ഉറപ്പുവരുത്താൻ, മരുന്നുകൾ കൈപ്പറ്റുന്നവരുടെ തിരിച്ചറിയൽ രേഖകൾ പരിശോധിച്ച് ഉറപ്പുവരുത്തുകയും മരുന്ന് കൈപ്പറ്റിയ കാര്യം സ്ഥാപിക്കുകയും വേണം. ബന്ധപ്പെട്ട വകുപ്പുകൾ അംഗീകരിച്ചതു പ്രകാരം മരുന്നുകൾ സൂക്ഷിക്കുന്നതും നീക്കം ചെയ്യുന്നതുമായും ബന്ധപ്പെട്ട വ്യവസ്ഥകൾ കമ്പനികൾ പാലിക്കൽ നിർബന്ധമാണ്. മറ്റു പാർസലുകൾക്കൊപ്പം മരുന്നുകൾ നീക്കം ചെയ്യുന്നപക്ഷം ആവശ്യമായ മറ്റു വ്യവസ്ഥകളും പാലിക്കണം.  


ആരോഗ്യ സ്ഥാപനങ്ങളും തപാൽ സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങളും തമ്മിൽ സേവന നിലവാര കരാർ ഒപ്പുവെക്കണമെന്നും വ്യവസ്ഥയുണ്ട്. മരുന്നുകൾ കൃത്യസമയത്ത് ഗുണഭോക്താക്കൾക്ക് കൈമാറിയിരിക്കണം. വിലാസം, ബന്ധപ്പെടാനുള്ള വിവരങ്ങൾ എന്നിവ അടക്കം ഗുണഭോക്താക്കളെ കുറിച്ച വിവരങ്ങൾ സേവന ദാതാക്കൾക്ക് കൈമാറണമെന്നും വ്യവസ്ഥയുണ്ട്. ആരോഗ്യ സ്ഥാപനങ്ങൾക്കും തപാൽ സേവന ദാതാക്കൾക്കുമിടയിൽ ഇ-മെയിൽ ആശയവിനിമയം പ്രാവർത്തികമാക്കണമെന്നും സി.ഐ.ടി.സി ആവശ്യപ്പെട്ടു. 

 

Latest News