റിയാദ്- സ്വകാര്യ ലാബുകളിലും ആശുപത്രികളിലും കൊറോണ സാമ്പിൾ പരിശോധനക്ക് 1450 റിയാലാണ് നിരക്കെന്ന് ആരോഗ്യ മന്ത്രാലയത്തിൽ ലാബ് കാര്യങ്ങൾക്കുള്ള അസിസ്റ്റന്റ് അണ്ടർ സെക്രട്ടി അബ്ദുല്ല അൽഖശാൻ പറഞ്ഞു. സാമ്പിളുകൾ എടുക്കാതെ സ്വകാര്യ ആശുപത്രികൾ നടത്തുന്ന കൊറോണ പരിശോധനക്ക് 650 റിയാൽ മുതൽ 950 റിയാൽ വരെയാണ് നിരക്ക്. രാജ്യത്തെ സ്വകാര്യ ലാബുകൾക്ക് പ്രതിദിനം രണ്ടായിരത്തിലേറെ കൊറോണ പരിശോധനകൾ നടത്താൻ കഴിയില്ല. രണ്ടായിരത്തോളം സാമ്പിൾ പരിശോധനകൾ നടത്താനുള്ള ശേഷിയാണ് സ്വകാര്യ ലാബുകൾക്കുള്ളത്. സർക്കാർ മേഖലയിൽ കൊറോണ പരിശോധനക്ക് എത്ര ചെലവാണ് വരുന്നതെന്ന് കണക്കാക്കുക എളുപ്പമല്ലെന്നും അബ്ദുല്ല അൽഖശാൻ പറഞ്ഞു.
കൊറോണ പരിശോധനകൾ നടത്താൻ ആളുകൾ വലിയ തോതിൽ മുന്നോട്ടു വരുന്നുണ്ടെങ്കിലും പരിശോധനാ നിരക്ക് സ്ഥിരമാണ്. കൊറോണ പ്രതിസന്ധി മുതലെടുത്ത് സൗദി പൗരന്മാരെയും വിദേശികളെയും ചൂഷണം ചെയ്യാതിരിക്കാൻ സ്വകാര്യ ആശുപത്രികളെയും ലാബുകളെയും ആരോഗ്യ മന്ത്രാലയം ശക്തമായി നിരീക്ഷിക്കുന്നുണ്ട്. ആരോഗ്യ മന്ത്രാലയം പ്രത്യേകം അനുമതി നൽകിയ സ്വകാര്യ ആശുപത്രികൾക്കും ലാബുകൾക്കും മാത്രമാണ് കൊറോണ പരിശോധനക്ക് അനുവാദമുള്ളത്. രാജ്യത്ത് കൊറോണബാധാ നിരക്ക് ഉയരുകയും കൊറോണയെ കുറിച്ച ആളുകളുടെ ഭീതി വർധിക്കുകയും ചെയ്തതോടെ സ്വകാര്യ ആശുപത്രികളെയും ലാബുകളെയും കൊറോണ പരിശോധനക്ക് സമീപിക്കുന്നവരുടെ എണ്ണം വലിയ തോതിൽ വർധിച്ചിട്ടുണ്ട്.