തിരുവനന്തപുരം- മദ്യം കുടിപ്പിച്ച് ഭര്‍ത്താവും സുഹൃത്തുക്കളും കൂട്ടബലാത്സംഗം ചെയ്ത കഠിനംകുളം കേസിൽ പ്രതികള്‍ക്കെതിരെ യുവതിയുടെ മകന്‍റെ മൊഴി നിർണായകമാകും. സംഭവ സമയത്ത് ഭർത്താവ് തനിക്ക് മദ്യം നൽകിയിരുന്നെന്നും അബോധാവസ്ഥയിലായിരുന്നെന്നുമുള്ള യുവതിയുടെ മൊഴിയോടെ കേസിന്‍റെ നിലനിൽപ്പിനെ കുറിച്ച് പോലീസിന് ആശങ്കയുണ്ടായിരുന്നു. എന്നാൽ അമ്മയെ ആക്രമിക്കുന്നത് കണ്ടതായി അഞ്ചു വയസ്സായ മകൻ മൊഴി നൽകി. ഒപ്പമുണ്ടായിരുന്ന മകന്റെ മുന്നില്‍വെച്ചാണ് യുവതി ക്രൂരമായ പീഡനത്തിനിരയായത്. യുവതിയുടെ വസ്ത്രങ്ങൾ കുറ്റിക്കാട്ടിൽ നിന്ന് കണ്ടെത്തുകയും മൊബൈൽ ഫോൺ പ്രതികളിൽ നിന്ന് പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.വ്യക്തമായ തെളിവുകള്‍ ലഭിച്ചതായി പോലീസ് പറഞ്ഞു. യുവതിയുടെ വസ്ത്രങ്ങള്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചു. യുവതിക്ക് നേരേ ലൈംഗികാതിക്രമം നടന്നതായി സ്ഥിരീകരിക്കാനാണ് വസ്ത്രങ്ങള്‍ പരിശോധിക്കുന്നത്.
യുവതിയെ ആക്രമിക്കാൻ നേരത്തെയും ഭർത്താവ് പദ്ധതി ഒരുക്കിയിരുന്നതായി കേസിലെ ആറാം പ്രതി രാജൻ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇതിനായി ഫോൺ വഴി ബന്ധപ്പെട്ട ദിവസങ്ങളും രാജൻ വെളിപ്പെടുത്തിയിട്ടുണ്ട്.
താന്‍ യുവതിയെ ആക്രമിച്ചിട്ടില്ലെന്നും പ്രതികളായ നൗഫൽ , മൻസൂർ , അക്ബർ ഷാ, അർഷാദ് എന്നിവർ യുവതിയെ ആക്രമിച്ചത് കണ്ടെന്നും ഇക്കാര്യം തനിക്ക് നേരത്തെ അറിയാമായിരുന്നെന്നും ഏഴാം പ്രതി മനോജും പോലീസിനോട് പറഞ്ഞു. നൗഫൽ, അക്ബർ ഷാ, മൻസൂർ, അർഷാദ് എന്നിവർക്കെതിരെ ബലാത്സംഗത്തിന് പുറമേ പോക്സോയും ചുമത്തി. നൗഫൽ മാത്രമാണ് യുവതി ഉപദ്രവിച്ചതെന്നാണ് മറ്റു പ്രതികള്‍ അവകാശപ്പെടുന്നത്.






