Sorry, you need to enable JavaScript to visit this website.

ധനസഹായ പദ്ധതി പ്രയോജനപ്പെടുത്താത്തവർ എത്രയും വേഗം മുന്നോട്ടുവരണമെന്ന് ഗോസി 

റിയാദ്- കൊറോണ പ്രതിസന്ധിയുടെ പ്രത്യാഘാതങ്ങൾ പ്രതികൂലമായി ബാധിച്ച സ്വകാര്യ സ്ഥാപനങ്ങൾക്ക് സർക്കാർ പ്രഖ്യാപിച്ച ധനസഹായ പദ്ധതി പ്രയോജനപ്പെടുത്താൻ കാലതാമസം വരുത്തിയ സ്ഥാപനങ്ങളും സൗദി ജീവനക്കാരും പദ്ധതി പ്രയോജനപ്പെടുത്താൻ എത്രയും വേഗം അപേക്ഷകൾ സമർപ്പിക്കണമെന്ന് ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ് (ഗോസി) ആവശ്യപ്പെട്ടു. കൊറോണ പ്രതിസന്ധി പ്രതികൂലമായി ബാധിച്ച സ്വകാര്യ സ്ഥാപനങ്ങളിലെ സൗദി ജീവനക്കാരുടെ വേതനത്തിന്റെ 60 ശതമാനം മൂന്നു മാസക്കാലത്തേക്ക് നൽകുന്ന പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചത്. പദ്ധതി പ്രയോജനപ്പെടുത്താൻ പുതുതായി അപേക്ഷ നൽകുന്ന സ്ഥാപനങ്ങളിലെ സൗദി ജീവനക്കാരുടെ വേതന വിഹിതം ജൂലൈ മുതൽ വിതരണം ചെയ്തു തുടങ്ങും. 


മെയ് 18 വരെ അപേക്ഷ നൽകിയ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ വേതന വിഹിതം ജൂൺ ഒന്നു മുതൽ വിതരണം ചെയ്തിട്ടുണ്ട്. മെയ് 18 മുതൽ 31 വരെ അപേക്ഷ നൽകിയ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ വേതന വിഹിതം ജൂലൈ ആദ്യം വിതരണം ചെയ്യും. മെയ്, ജൂൺ, ജൂലൈ മാസങ്ങളിൽ സൗദി ജീവനക്കാരുടെ വേതന ഇനത്തിലുള്ള ധനസഹായമാണ് വിതരണം ചെയ്യുന്നത്. ഗോസിയിൽ രജിസ്റ്റർ ചെയ്ത, സൗദി ജീവനക്കാരുടെ വേതനത്തിന്റെ 60 ശതമാനമാണ് വിതരണം ചെയ്യുന്നത്. 
സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരിൽ 70 ശതമാനമോ അഞ്ചു ജീവനക്കാരോ ഏതാണ് കൂടുതലെങ്കിൽ അത്രയും ജീവനക്കാരുടെ വേതന വിഹിതമാണ് വിതരണം ചെയ്യുന്നത്. ധനസഹായ വിതരണ പദ്ധതി കാലാവധി പൂർത്തിയായ ശേഷം ജീവനക്കാരുടെ വേതന വിതരണം സ്ഥാപനങ്ങൾ പുനരാരംഭിക്കണം. 


തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് പ്രഖ്യാപിച്ച ധനസഹായ പദ്ധതിയുടെ പ്രയോജനം സ്വകാര്യ മേഖലയിലെ 12 ലക്ഷം സൗദി ജീവനക്കാർക്ക് പ്രയോജനപ്പെടുമെന്നാണ് കണക്കാക്കുന്നത്. കൊറോണ പ്രതിസന്ധി പ്രതികൂലമായി ബാധിച്ച മുഴുവൻ സ്വകാര്യ സ്ഥാപനങ്ങൾക്കും പദ്ധതി പ്രയോജനപ്പെടുത്താൻ അർഹതയുണ്ട്. കൊറോണ പ്രതിസന്ധി പ്രതികൂലമായി ബാധിക്കാത്ത ധനമേഖലാ സ്ഥാപനങ്ങൾ, ടെലികോം സ്ഥാപനങ്ങൾ, ഭക്ഷ്യവസ്തുക്കൾ വിൽപന നടത്തുന്ന സ്ഥാപനങ്ങൾ എന്നിവയെ പദ്ധതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 
കൊറോണ പ്രതിസന്ധി പ്രതികൂലമായി ബാധിച്ച സ്വകാര്യ സ്ഥാപനങ്ങളിലെ നാലു ലക്ഷം സൗദി ജീവനക്കാരുടെ അക്കൗണ്ടുകളിൽ കഴിഞ്ഞ വ്യാഴാഴ്ച ഗോസി 120 കോടി റിയാൽ നിക്ഷേപിച്ചിരുന്നു. നേരത്തെ പ്രഖ്യാപിച്ച നിശ്ചിത സമയത്തിനകം ധനസഹായ പദ്ധതിക്ക് അപേക്ഷ നൽകിയ സ്ഥാപനങ്ങളിലെ സൗദി ജീവനക്കാർക്കാണ് ഈ തുക വിതരണം ചെയ്തതെന്ന് ഗോസി ഗവർണർ സുലൈമാൻ അൽഖുവൈസ് അറിയിച്ചു. ആദ്യ ഘട്ടത്തിൽ 80,000 ലേറെ സ്വകാര്യ സ്ഥാപനങ്ങളിലെ നാലു ലക്ഷത്തിലേറെ സൗദി ജീവനക്കാർക്ക് ധനസഹായം വിതരണം ചെയ്തു. സ്വകാര്യ മേഖലയിൽ ഗോസി രജിസ്‌ട്രേഷനുള്ള സൗദി ജീവനക്കാരുടെ 23 ശതമാനം പേർ തുടക്കത്തിൽ തന്നെ പദ്ധതി പ്രയോജനപ്പെടുത്തിയെന്നും സുലൈമാൻ അൽഖുവൈസ് പറഞ്ഞു. പദ്ധതിക്കു വേണ്ടി ആകെ 900 കോടി റിയാലാണ് നീക്കിവെച്ചിരിക്കുന്നത്. 

Latest News