തലശ്ശേരി - സ്വഭാവ ദൂഷ്യ ആരോപണത്തിനു സി.പി.എം കൂത്തുപറമ്പ് ഏരിയാ കമ്മിറ്റി അംഗത്തെ പാർട്ടി പുറത്താക്കി. ഏരിയാ കമ്മിറ്റി അംഗവും മുൻപാട്യം പഞ്ചായത്ത് പ്രസിഡന്റുമായ വി. രാജൻ മാസ്റ്റർക്കെതിരെയാണ് സി.പി.എം നടപടിയെടുത്തത്. പാർട്ടിയുടെ ശക്തികേന്ദ്രമായ പാട്യത്തെ ഒരുസ്ത്രീയുടെ പരാതിയിലാണു നേതാവിനെതിരേ നടപടിഎടുത്തത്.
താൽകാലിക ജോലി സ്ഥിരപ്പെടുത്തണമെന്ന ആവശ്യവുമായി രാജൻ മാസ്റ്ററുടെ വീട്ടിലെത്തിയ സ്ത്രീയെ അപമാനിക്കാൻ ശ്രമിച്ചുവെന്നാണ് ഇവർ ഏരിയാ കമ്മിറ്റിക്കു നൽകിയ പരാതി. ഇതു ചർച്ച ചെയ്ത ഏരിയാ കമ്മിറ്റി നടപടിക്കുള്ള തീരുമാനം ജില്ലാ നേതൃത്വത്തിനു കൈമാറി. കഴിഞ്ഞദിവസം ചേർന്ന ഏരിയാ കമ്മിറ്റി യോഗത്തിൽ ഏരിയാ കമ്മിറ്റി അംഗത്തെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നു പുറത്താക്കാനുള്ള ശുപാർശ ചെയ്തു. ജില്ലാ സെക്രട്ടറി അറിയിക്കുകയായിരുന്നു. പുറത്താക്കിയ തീരുമാനം വ്യാഴാഴ്ച ചേർന്ന പാട്യം ലോക്കൽ കമ്മിറ്റിയിൽ റിപോർട്ടു ചെയ്തു. കൂത്തുപറമ്പിലെ അറിയപ്പെടുന്ന സഹകരണ സ്ഥാപനത്തിന്റെ സാരഥി കൂടിയാണു പുറത്താക്കപ്പെട്ട വി. രാജൻ മാസ്റ്റർ.






