ബനാറസ് സര്‍വകലാശാലയില്‍ വിദ്യാർഥിനികള്‍ക്കു നേരെ പോലീസ് അഴിഞ്ഞാട്ടം; മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു

വാരണാസി- ലൈംഗികാതിക്രമണ ആരോപണത്തെ തുടര്‍ന്ന് ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റില്‍ പൊട്ടിപ്പുറപ്പെട്ട വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ച പോലീസ് നടപടിയില്‍ പ്രതിഷേധം ശക്തിപ്പെട്ടു. നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു.

പ്രധാനമായും പെണ്‍കുട്ടികളാണ് പോലീസ് നടപടിക്കിരയായത്. നാലു വിദ്യാര്‍ത്ഥിനികള്‍ക്ക് തലയ്ക്ക് പരിക്കേറ്റു. സംഭവത്തെ തുടര്‍ന്ന് യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഇന്നു മുതല്‍ ഒക്ടോബര്‍ രണ്ടു വരെ വാരണാസി ജില്ലയിലെ എല്ലാ യൂണിവേഴ്‌സിറ്റികള്‍ക്കും കോളജുകള്‍ക്കും ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

 

പെണ്‍കുട്ടികളുടെ ഹോസ്റ്റലിലേക്ക് പോലീസ് അതിക്രമിച്ചു പ്രവേശിക്കുന്ന വീഡിയോ ദൃശ്യവും പുറത്തു വന്നു. ഹോസ്റ്റലിലെ വിദ്യാര്‍ത്ഥിനികളെ ക്രൂരമായി തല്ലിച്ചതക്കുന്ന ദൃശ്യങ്ങളും വീഡിയോയിലുണ്ട്. ഹോസ്റ്റലില്‍ നിന്ന് തങ്ങളെ വലിച്ചിഴച്ചു പുറത്തിടാന്‍ ശ്രമിച്ചെന്നും കൈകാര്യം ചെയ്‌തെന്നും വിദ്യാര്‍ത്ഥിനികള്‍ ആരോപിച്ചു. ഈ സമയം വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നില്ലെന്നും അവര്‍ പറയുന്നു. പൊലീസ് കണ്ണീര്‍ വാതകവും റബര്‍ പെല്ലറ്റുകളും പ്രയോഗിച്ചതായും വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞു.

 

വ്യാഴാഴ്ച വൈകുന്നേരം ഹോസ്റ്റലിലേക്ക് പോകുകയായിരുന്ന ആര്‍ട്‌സ് ഫാക്കല്‍റ്റിയിലെ വിദ്യാര്‍ത്ഥിനിയെ മൂന്ന് പേര്‍ ചേര്‍ന്ന് ക്യാമ്പസിനകത്തു വച്ച് മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥിനികളുടെ പ്രതിഷേധം ആരംഭിച്ചത്. സംഭവം ഗൗരവത്തിലെടുത്ത് മേലുദ്യോഗസ്ഥരെ അറിയിച്ച് നടപടി സ്വീകരിക്കുന്നതിനു പകരം ഹോസ്റ്റല്‍ വാര്‍ഡന്‍ വൈകി എത്തിയതിന് പെണ്‍കുട്ടിയെ ശാസിച്ചതാണ് പ്രതിഷേധങ്ങള്‍ക്കിടയാക്കിയത്. ഇരകളെ അപഹാസ്യരാക്കുന്ന അധികൃതരുടെ സമീപനത്തിലും ക്യാമ്പസിനകത്തെ സുരക്ഷയില്ലായ്മയിലും പ്രതിഷേധിച്ചാണ് ശക്തമായ സമരം അരങ്ങേറുന്നത്. 

 

നടപടി ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ വൈസ് ചാന്‍സലര്‍ ജി സി ത്രിപാഠിയെ കാണാന്‍ ശ്രമിച്ചെങ്കിലും അനുവദിച്ചില്ല. സുരക്ഷാ ചുമതലയുള്ള രണ്ട് പ്രൊഫസര്‍മാര്‍ തങ്ങളെ വടികള്‍ കൊണ്ട് അടിച്ചതായും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. തുടര്‍ന്നാണ് പെണ്‍കുട്ടികള്‍ പ്രതിഷേധവുമായി കൂടിയിരുന്ന സര്‍വകലാശാലയുടെ ലങ്ക ഗേറ്റിനു സമീപം പോലീസ് ലാത്തിചാര്‍ജ് നടത്തിയത്.

 

 

Latest News