കൊച്ചി - പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ഹൈക്കോടതി ജാമ്യം അനുവദിക്കാൻ ഇടയാക്കിയ സംഭവത്തിൽ സർക്കാർ അഭിഭാഷകനെതിരെയും പ്രതിയുടെ അഭിഭാഷകനെതിരെയുമുള്ള നടപടികൾ ഹൈക്കോടതി തീർപ്പാക്കി.
ജാമ്യാപേക്ഷയിൽ പ്രതിക്ക് സോപാധിക ജാമ്യം കിട്ടുന്ന തരത്തിൽ സർക്കാർ അഭിഭാഷകനും പ്രതിയുടെ അഭിഭാഷകനും കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന പ്രഥമ നിരീക്ഷണത്തിലാണ് കോടതി നേരത്തെ ഇരുവർക്കുമെതിരെ നടപടികൾക്കൊരുങ്ങിയത്.
എന്നാൽ ലോക്ഡൗൺ കാലമായതിനാലുള്ള ചില ആശയ വിനിമയത്തിലെ കുഴപ്പങ്ങളാണ് തെറ്റിദ്ധാരണക്കിടയായതെന്ന് വിലയിരുത്തിയാണ് കോടതി കേസ് തീർപ്പാക്കിയത്. സർക്കാർ അഭിഭാഷകന് അഡ്വക്കറ്റ് ജനറൽ കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തു. വീഡിയോ കോൺഫറൻസിന്റെ വീഡിയോ പരിശോധിച്ചതായും കോടതി വ്യക്തമാക്കി. എറണാകുളം കുമ്പളം സ്വദേശി സഫർഷായാണ് ഹൈക്കോടതി മുൻപാകെ ജാമ്യാപേക്ഷ സമർപ്പിച്ചത്.
ഈ കേസിൽ പ്രതിക്കെതിരെ കുറ്റപത്രം 90 ദിവസത്തിനുള്ളിൽ സമർപ്പിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് അഭിഭാഷകൻ കോടതി മുൻപാകെ ബോധിപ്പിച്ചിരുന്നു. എന്നാൽ കേരളം മുഴുവൻ നിലനിന്നിരുന്ന പരിപൂർണ ലോക്ഡൗൺ ഘട്ടത്തിൽ പോലീസിൽ നിന്നും യഥാർഥ വസ്തുതകൾ ലഭിച്ചില്ലെന്നും അത് കൊണ്ടാണ് താൻ തെറ്റായി കോടതിയെ വിവരം ധരിപ്പിച്ചതെന്നും അഭിഭാഷകൻ കോടതിയെ ധരിപ്പിച്ചു. കേസ് ഇന്നലെ പരിഗണിച്ചപ്പോൾ സീനിയർ ഗവ. പ്ലീഡർ സുമൻ ചകവർത്തി ഹാജരായി. സർക്കാർ അഭിഭാഷകൻ മനഃപൂർവം കോടതിയെ തെറ്റിദ്ധരിപ്പിച്ചതല്ലെന്നും ലോക്ഡൗൺ ശക്തമായ ഘട്ടത്തിൽ വിവരം പോലീസിൽ നിന്നും കിട്ടാൻ പ്രയാസം ഉണ്ടായത് കൊണ്ടായിരുന്നുവെന്നും തെറ്റ് ബോധ്യപ്പെട്ട സർക്കാർ അഭിഭാഷകൻ മെയ് 27 ന് തന്നെ പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ സമർപ്പിച്ചിരുന്നുവെന്നും കോടതിയെ ബോധ്യപ്പെടുത്തി. ഇത് സ്വീകരിച്ച കോടതി സർക്കർ അഭിഭാഷകൻ ഹാജരായ വീഡിയോ കോൺഫറൻസിൽ സർക്കാർ അഭിഭാഷകന്റെ വാദങ്ങൾ നിരീക്ഷിച്ച ശേഷമാണ് നടപടികൾ അവസാനിപ്പിച്ച് തീർപ്പാക്കിയത്.






