കണ്ണൂർ- സംസ്ഥാനത്ത് കോവിഡ് പിടിമുറുക്കുന്നതായി ജാഗ്രതാ നിർദേശം. സമൂഹവ്യാപന ഭീതിയിൽ കേരളം. ദിവസവും നൂറു കണക്കിന് കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതോടെ അതീവ ജാഗ്രതയിലാണ് ആരോഗ്യവകുപ്പ്. ജില്ലകൾ തോറും രോഗികളുടെ എണ്ണം വർധിക്കുകയാണ്.
അതേസമയം, കണ്ണൂരിൽ സ്ഥിതി അതീവ ഗുരുതരമാണെന്ന് ജില്ലാ കലക്ടർ അറിയിച്ചു. ജില്ലയിൽ ഉടൻ നിരോധനാജ്ഞ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് വ്യാപനത്തിൽ ജില്ലയുടെ സ്ഥിതി അതീവ ഗുരുതരമെന്നാണ് ജില്ലാ കലക്ടർ ടി.വി.സുഭാഷ് അറിയിച്ചത്. സമൂഹ വ്യാപന സാധ്യതയുണ്ടായിട്ടും ആളുകൾ ജാഗ്രത പാലിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങൾ അനാവശ്യമായി പുറത്തിറങ്ങി നടക്കുകയാണ്. രോഗികളുടെ എണ്ണം കൂടുമ്പോഴും ജനങ്ങൾക്ക് ജാഗ്രതയില്ല. സംസ്ഥാന ശരാശരിയുടെ ഇരട്ടി പേർക്ക് സമ്പർക്കത്തിലൂടെ കോവിഡ് ബാധിച്ച കണ്ണൂരിൽ സ്ഥിതി ഗുരുതരമെന്ന് സർക്കാരും അറിയിച്ചിരുന്നു. ജില്ലയിലെ തീവ്രബാധിത മേഖലകളിൽ ട്രിപ്പിൾ ലോക്ഡൗൺ നടപ്പിലാക്കാനാണ് തീരുമാനം.
ധർമ്മടത്തെ 22 അംഗ കൂട്ടുകുടുംബത്തിലെ 13 പേർക്കും അവർ വഴി രണ്ടു പേർക്കും കോവിഡ് ബാധിച്ചത് സർക്കാർ ഗൗരവായി കാണുന്നു. തലശ്ശേരി മാർക്കറ്റിൽ മീൻ വിൽപ്പനക്കാരനായ കുടുംബാംഗത്തിൽ നിന്നായിരുന്നു ഇവർക്കെല്ലാം കോവിഡ് ബാധിച്ചത്. മാർക്കറ്റിലേക്ക് മീനുമായി ചെന്നൈയിൽ നിന്നെത്തിയ ട്രക്ക് ഡ്രൈവറിൽ നിന്നാകാം ഇയാൾക്ക് രോഗം പകർന്നത് എന്ന അനുമാനത്തിലാണ് ആരോഗ്യ വകുപ്പ്. കണ്ണൂരിലെ മാർക്കറ്റ് പൂർണമായും അടച്ചു. കണ്ണൂരിൽ ചികിത്സയിലുള്ള 93 കോവിഡ് രോഗികളിൽ 25 ലേറെ പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. 25 തദ്ദേശ ഭരണ സ്ഥാപനങ്ങൾ നിലവിൽ കോവിഡ് ഹോട്ട്‌സ്‌പോട്ടുകളാണ്. വരുന്ന രണ്ടു ദിവസം കൂടി പത്തിലേറെ രോഗികൾ ഉണ്ടായാൽ ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിക്കുമെന്ന് ജില്ലാ കലക്ടർ ടി.വി.സുഭാഷ് അറിയിച്ചു.