തിരുവനന്തപുരം- അഞ്ചു ദിവസത്തെ കേരള സന്ദര്‍ശനത്തിനെത്തിയ യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ.ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിക്ക് തലസ്ഥാനത്ത് ഉജ്വല വരവേല്‍പ്.
യു.എ.ഇയുടെ പ്രത്യേക വിമാനത്തിലെത്തിയ സുല്‍ത്താനേയും സംഘത്തേയും തിരുവനന്തപുരം വ്യോമസേന താവളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. കേരളത്തിന്റെ പരമ്പരാഗത രീതിയിലായിരുന്നു സ്വീകരണം. കുടുംബ സമേതമാണ് സുല്‍ത്താനും സംഘവുമെത്തിയിരിക്കുന്നത്.
കോവളം ഹോട്ടല്‍ ലീല റാവിസിലേക്ക് പോയ സുല്‍ത്താനും സംഘവും അവിടെയാണ് തങ്ങുന്നത്.
വൈകുന്നേരം 3.15ഓടെയാണ് ശൈഖ് സുല്‍ത്താനെയും വഹിച്ചുള്ള വിമാനം തിരുവനന്തപുരത്തെത്തിയത്. വ്യോമസേന താവളത്തിന്റെ ടെക്‌നിക്കല്‍ ഏരിയയില്‍ കേരളാ പോലീസിന്റെ പുതിയ വനിതാ ബറ്റാലിയന്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. യു.എ.ഇയിലെ ഇന്ത്യന്‍ അംബാസഡര്‍ നവ്ദീപ് സിംഗ് സൂരി, ഇന്ത്യയിലെ യു.എ.ഇ അംബാസഡര്‍ ഡോ. അഹമ്മദ് അല്‍ ബന്ന, തിരുവനന്തപുരത്തെ യു.എ.ഇ കോണ്‍സുല്‍ ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍ സാബി, ഷാര്‍ജ മീഡിയ കൗണ്‍സില്‍ ചെയര്‍മാന്‍ ശൈഖ് സുല്‍ത്താന്‍ ബിന്‍ അഹമ്മദ് അല്‍ ഖാസിമി, ഷാര്‍ജ ഭരണാധികാരി ഓഫീസ് ചെയര്‍മാന്‍ ശൈഖ് സലീം ബിന്‍ അബ്ദുല്‍ റഹ്്മാന്‍ അല്‍ ഖാസിമി, ഗവ. റിലേഷന്‍സ് വകുപ്പ് ചെയര്‍മാന്‍ ശൈഖ് ഫഹീം ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി, കള്‍ചറല്‍ വകുപ്പ് ചെയര്‍മാന്‍ അബ്ദുല്ല ബിന്‍ മുഹമ്മദ് അല്‍ ഒവൈസ്, പ്രോട്ടോക്കോള്‍ ഹോസ്പിറ്റാലിറ്റി വകുപ്പ് ചെയര്‍മാന്‍ ഉബൈദ് സലീം അല്‍ സാബി, ഷാര്‍ജ മീഡിയ കോര്‍പറേഷന്‍ ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് ഹുസൈന്‍ ഖലഫ്, മീഡിയ കണ്ടിജന്റ് മാനേജ്‌മെന്റ് ഡയറക്ടര്‍ അഹമ്മദ് സലീം അല്‍ ബൈറാഖ് എന്നിവരും സംഘത്തിലുണ്ട്.
മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, ഡോ. കെ.ടി ജലീല്‍, മേയര്‍ വി.കെ പ്രശാന്ത്, ചീഫ് സെക്രട്ടറി ഡോ. കെ.എം എബ്രഹാം, മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനി നെറ്റോ, സെക്രട്ടറി എം.ശിവശങ്കര്‍, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി ജയരാജന്‍, പൊതുഭരണ വകുപ്പ് സെക്രട്ടറി വിശ്വനാഥ് സിന്‍ഹ, സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, ഇന്റലിജന്‍സ് മേധാവി മുഹമ്മദ് യാസീന്‍, ജില്ലാ കലക്ടര്‍ ഡോ. കെ വാസുകി, സിറ്റി പോലീസ് കമ്മീഷണര്‍ പി.പ്രകാശ്, വ്യവസായ പ്രമുഖന്‍ എം.എ യൂസുഫലി, അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍, മര്‍ക്കസ് ഡയറക്ടര്‍ ഡോ.എ.പി അബ്ദുല്‍ഹകീം അസ്ഹരി തുടങ്ങിയവരും സ്വീകരണ ചടങ്ങില്‍ പങ്കെടുത്തു.
ഇന്ന് മുതലാണ് സുല്‍ത്താന്റെ ഔദ്യോഗിക പരിപാടികള്‍. തിരുവനന്തപുരത്തും കൊച്ചിയിലുമാണ് പൊതു പരിപാടികള്‍. രാവിലെ 11 മണിക്ക് രാജ്ഭവനില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവവുമായി കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് മുഖ്യമന്ത്രിയും മന്ത്രിമാരുമായി പ്രത്യേക കൂടിക്കാഴ്ച. ഗവര്‍ണര്‍ ഒരുക്കുന്ന ഉച്ചവിരുന്നില്‍ പങ്കെടുത്തശേഷം കോവളത്തേക്ക് മടങ്ങും. വൈകിട്ട് 6.30ന് കോവളം ഹോട്ടല്‍ ലീലാ റാവിസില്‍ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിക്കായി സാംസ്‌കാരിക പരിപാടി സംഘടിപ്പിക്കും. തുടര്‍ന്ന് മുഖ്യമന്ത്രി ഒരുക്കുന്ന വിരുന്നില്‍ പങ്കെടുക്കും.
ചൊവ്വാഴ്ച രാവിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ്ഹൗസില്‍ പിണറായി വിജയനുമായി പ്രത്യേക കൂടിക്കാഴ്ച നടത്തും. 11.30ന് രാജ്ഭവനിലെത്തി കാലിക്കറ്റ് സര്‍വകലാശാലയുടെ ഡി ലിറ്റ് ചടങ്ങില്‍ പങ്കെടുക്കും. ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിക്ക് ഡി ലിറ്റ് നല്‍കും. ഉച്ചയോടെ കോവളത്തേക്ക് മടങ്ങും.
സുല്‍ത്താനും ചരിത്ര രേഖകളും എന്ന വിഷയത്തില്‍ വൈകുന്നേരം അഞ്ച് മണിക്ക് വഴുതക്കാട് ഹോട്ടല്‍ താജ് വിവാന്റയില്‍ ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി പ്രഭാഷണം നടത്തും. തുടര്‍ന്ന് വാര്‍ത്താസമ്മേളനത്തിലും പങ്കെടുക്കും.
27ന് രാവിലെ കൊച്ചിയിലെത്തി വിവിധ പരിപാടികളില്‍ പങ്കെടുത്തശേഷം തിരുവനന്തപുരത്തേക്ക് മടങ്ങും. 28ന് തിരുവനന്തപുരത്ത്‌നിന്ന് ഷാര്‍ജയിലേക്ക് മടങ്ങും.
ഷാര്‍ജ ഭരണാധികാരിയുടെ സാന്നിധ്യമുള്ളതിനാല്‍ തിരുവനന്തപുരം നഗരത്തിലും കോവളത്തും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. സന്ദര്‍ശനത്തിന് മുന്നോടിയായി ഇന്ത്യയിലെ യു.എ.ഇ അംബാസഡര്‍ ഡോ. അഹമ്മദ് അല്‍ ബന്നയുടെ ഉന്നതതല സംഘം നേരത്തെ മുതല്‍ തിരുവനന്തപുരത്തുണ്ട്. ഷാര്‍ജയില്‍ ലക്ഷക്കണക്കിന് മലയാളികളാണ് ജോലി ചെയ്യുന്നതെന്നിരിക്കെ ഭരണാധികാരിയുടെ കേരള സന്ദര്‍ശനത്തെ പ്രതീക്ഷയോടെയാണ് ഏവരും ഉറ്റുനോക്കുന്നത്.






