ജിദ്ദ - ലോക്ഡൗണില്‍ ഇളവ് വരുത്തിയതോടെ രണ്ടര മാസത്തെ ഇടവേളക്കുശേഷം സൗദി അറേബ്യയിലെ പള്ളികളില്‍ ജുമുഅ നമസ്‌കാരം നടന്നു. സാമൂഹിക അകലം അടക്കമുള്ള ആരോഗ്യ വകുപ്പിന്റെ നിബന്ധനകള്‍ പാലിച്ചതിനാല്‍ കുറച്ചു പേര്‍ക്കു മാത്രമേ പള്ളികള്‍ക്കുള്ളില്‍ നമസ്‌കരിക്കാന്‍ സൗകര്യമുണ്ടായിരുന്നുള്ളു. ഇതോടെ മിക്ക മസ്ജിദുകളിലും പുറത്തു റോഡുകളിലും ആളുകള്‍ അകലം പാലിച്ച് നമസ്‌കാരത്തില്‍ പങ്കെടുത്തു.
പള്ളികള്‍ക്കത്ത് ഒന്നിടവിട്ട വരികളിലായും, ഒരു വരിയില്‍തന്നെ രണ്ട് മീറ്റര്‍ ഇടവിട്ടുമാണ് ആളുകള്‍ നിന്നത്. ഇതോടെ സാധാരണ ഗതിയില്‍ ഉള്‍ക്കൊള്ളുന്നതിന്റെ കാല്‍ഭാഗം പേരെ മാത്രമേ പള്ളിക്കകത്ത് പ്രവേശിപ്പിച്ചുള്ളു. പള്ളികള്‍ക്ക് ചുറ്റുമുള്ള റോഡുകളില്‍ നമസ്‌കാരത്തിന് വരന്നവരുടെ നീണ്ട നിര കാണാമായിരുന്നു.
നമസ്‌ക്കാരവും ഖുതുബയും പതിനഞ്ചു മിനിറ്റില്‍ കൂടരുതെന്ന നിര്‍ദ്ദേശത്തെ തുടര്‍ന്ന് പ്രസംഗം നന്നെ ചുരുക്കി. നമസ്‌കാരത്തില്‍ ഖുര്‍ആനിലെ ചെറിയ അധ്യായങ്ങളാണ് ഇമാമുര്‍ ഓതിയത്. ഖുതുബയിലെ വിഷയം കോവിഡ് രോഗവ്യാപനം തടയാനുള്ള നടപടികളുമായി എല്ലാവരും സഹകരിക്കണമെന്നും സാമൂഹിക അകലം പാലിച്ച് രോഗനിര്‍മാര്‍ജനത്തിനുള്ള സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളില്‍ സഹകണം നല്‍കണമെന്നുമായിരുന്നു. ജുമുഅ നമസ്‌കാരത്തിന് പള്ളികളില്‍ ഉള്‍കൊള്ളാന്‍ കഴിയുന്ന ആളുകള്‍ വന്നാല്‍ മതിയെന്നും പുറത്തു വെയിലില്‍ നില്‍ക്കേണ്ടി വരുന്നവര്‍ വീടുകളില്‍ ദുഹര്‍ നമസ്‌ക്കാരം നിര്‍വഹിച്ചാല്‍ മതിയെന്നും ഇമാമുമാര്‍ പ്രത്യേകമായി എടുത്തുപറഞ്ഞു.
ജുമുഅക്കെത്തിയവര്‍ കൈയില്‍ മുസല്ലയും മുഖത്തു മാസ്‌ക്കുമായാണ് വന്നത്. പള്ളിയില്‍ വരുന്നവര്‍ നമസ്‌കരിക്കാനുള്ള മുസല്ല വീട്ടില്‍ നിന്നു കൊണ്ടുവരണമെന്നും നിര്‍ബന്ധമായും മാസ്‌ക്ക് ധരിക്കണമെന്നുമുള്ള ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം സ്വീകരിച്ച് രോഗവ്യാപനം തടയുന്നതിന് ജനം സ്വയം സന്നദ്ധരായതിന്റെ നേര്‍ക്കാഴ്ചയായിരുന്നു അത്.