സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ചെരിപ്പൂരി തല്ലി ബി.ജെ.പി വനിതാ നേതാവ്-video

ന്യൂദല്‍ഹി- ഹരിയാനയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ചെരിപ്പൂരി അടിച്ച ബി.ജെ.പി വനിതാ നേതാവിന്റെ നടപടി വിവാദമായി. ഉദ്യോഗസ്ഥനെ ക്രൂരമായ തല്ലുന്ന ബി.ജെ.പി നേതാവ് സോണാലി ഫോഗതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി പടരുകയാണ്.
ഹരിയാനയിലെ ഒരു കര്‍ഷക മാര്‍ക്കറ്റില്‍ പരിശോധനക്കെത്തിയ സോണാലി, അവിടെനിന്ന് ലഭിച്ച പരാതികള്‍ കാര്‍ഷികോത്പന്ന മാര്‍ക്കറ്റ് കമ്മിറ്റി അംഗമായ ഉദ്യോഗസ്ഥനായ സുല്‍ത്താന്‍ സിംഗ് മുമ്പാകെ അവതരിപ്പിക്കാന്‍ ചെന്നതായിരുന്നു. ഇയാള്‍ മോശമായ രീതിയില്‍ എന്തോ പറഞ്ഞതാണ് സോണാലിയെ ചൊടിപ്പിച്ചത്.
രോഷാകുലയായ സോണാലി സ്‌ലിപ്പര്‍ ഉപയോഗിച്ച് ഇയാളെ പൊതിരെ തല്ലുകയായിരുന്നു. താന്‍ പരാതികള്‍ നോക്കുകയാണെന്നും പരിഹരിക്കാമെന്നുമൊക്കെ ഇയാള്‍ പറയുന്നുണ്ടെങ്കിലും അടി നിര്‍ത്താന്‍ ഇവര്‍ തയാറായില്ല. സ്ഥലത്തുണ്ടായിരുന്ന പോലീസും നാട്ടുകാരും നോക്കിനില്‍ക്കുക മാത്രം ചെയ്തു.
എന്നെ തനിക്കറിയാമോ എന്ന് ചോദിച്ചുകൊണ്ടാണ് ഇവര്‍ തന്റെ അടുത്തേക്ക് വന്നതെന്ന് സുല്‍ത്താന്‍ സിംഗ് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. അറിയാമെന്നും ആദംപൂരില്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച സ്ഥാനാര്‍ഥിയല്ലേ എന്നും താന്‍ ചോദിച്ചു. തെരഞ്ഞെടുപ്പില്‍ എന്നെ എതിര്‍ത്തതെന്തിന് എന്നായിരുന്നു അടുത്ത ചോദ്യം. തനിക്കോ കുടുംബത്തിനോ മണ്ഡലത്തില്‍ വോട്ടില്ലെന്ന് ഞാന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് കുറേ നാളായില്ലേ എന്നും താന്‍ ചോദിച്ചു. ഇതോടെ എന്നെ അപമാനിച്ചുവെന്ന് പറഞ്ഞ് ഇവര്‍ ചെരിപ്പുകൊണ്ട് അടിക്കാന്‍ തുടങ്ങുകയായിരുന്നു. തന്നെ പൊതിരെ തല്ലിയതായും ഇയാള്‍ പറഞ്ഞു.
സോണാലിക്കെതിരെ നടപടിയെടുക്കണമെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജെവാല ആവശ്യപ്പെട്ടു. ഹരിയാന തെരഞ്ഞെടുപ്പില്‍ മത്സരിച്ച് തോറ്റ സോണാലി ടിക്‌ടോക് താരമായിരുന്നു.തെരഞ്ഞെടുപ്പ് മത്സരത്തിനിടയിലും ഇവര്‍ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഭാരത് മാതാ കീ ജയ് എന്ന് വിളിക്കാത്തവര്‍ക്ക് രാജ്യത്ത് വിലയില്ലെന്നും അവരെല്ലാം പാക്കിസ്ഥാനികളാണെന്നുമായിരുന്നു താരത്തിന്റെ കമന്റ്.

 

Latest News