Sorry, you need to enable JavaScript to visit this website.

ജര്‍മനിയില്‍ നാലാമതും മെര്‍ക്കല്‍

ബെർലിൻ- ലോകം ഉറ്റുനോക്കിയ ജർമൻ പൊതുതെരഞ്ഞെടുപ്പിൽ ആഞ്ജല മെർക്കലിന്റെ ക്രിസ്ത്യൻ ഡമോക്രാറ്റിക് പാർട്ടിക്ക് ജയമെന്ന് എക്‌സിറ്റ് പോൾ പ്രവചനം. തുടർച്ചയായി നാലാം തവണയും ആഞ്ജല മെർക്കൽ തന്നെ ജർമൻ ചാൻസലറാകുമെന്നാണ് എക്‌സിറ്റ് പോൾ പ്രവചനം. 
കുടിയേറ്റവും അസമത്വവും ഉയർത്തിക്കാട്ടി ശക്തമായ പ്രചാരണം നടത്തിയ ആൾട്ടർനേറ്റീവ് ഫോർ ജർമനിയെന്ന തീവ്രവലതുപക്ഷ പാർട്ടിക്ക് 13.5 ശതമാനം വോട്ടാണ് നേടിയത്. ആഞ്ജല മെർക്കലിന്റേ നയങ്ങളോടുള്ള രോഷമാണ് ഇവർ വോട്ടാക്കി മാറ്റിയത്. 60 വർഷത്തിനിടെ ഇതാദ്യമായി തീവ്രവലതുപക്ഷക്കാർ ജർമൻ പാർലമെന്റിലെത്തുമെന്നാണ് സൂചന. 
വിജയിച്ചെങ്കിലും മെർക്കലിനും കൺസർവേറ്റീവ് പാർട്ടിക്കും തനിച്ച് ഭരിക്കാനാവില്ല. പുതിയ ഭരണ സഖ്യവും നയങ്ങളും സംബന്ധിച്ച് അന്തിമ തീരുമാനമാകാൻ ആഴ്ചകളെടുക്കും. നാലു വർഷമായി മെർക്കലിന്റെ സഖ്യകക്ഷിയായിരുന്ന സോഷ്യൽ ഡെമോക്രാറ്റുകൾ രണ്ടാം സ്ഥാനവും എ.എഫ്.ഡി മൂന്നാം സ്ഥാനവും കരസ്ഥമാക്കുമെന്നാണ് സൂചന. സോഷ്യൽ ഡെമോക്രാറ്റുകൾ ഭരണത്തിൽ ചേരാതെ പ്രതിപക്ഷത്തിരിക്കുമെന്ന് പ്രഖ്യാപിച്ചു. 


1949ന് ശേഷം ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമാണ് മെർക്കലിന്റെ പാർട്ടിക്ക് ലഭിച്ചിരിക്കുന്നത്. അതേസമയം പ്രധാന പ്രതിപക്ഷമായ സോഷ്യൽ ഡമോക്രാറ്റുകൾക്കും ചരിത്രത്തിലെ ഏറ്റവും ചെറിയ ഭൂരിപക്ഷമാണ് കിട്ടിയത്. 20.8 ശതമാനം. 
ഇതിനേക്കാൾ മികച്ച ഫലമായിരുന്നു പ്രതീക്ഷിച്ചിരുന്നതെന്നും എന്നാൽ, നിരവധി വെല്ലുവിളികൾ അതിജീവിച്ചാണ് ഇവിടം വരെ എത്തിയതെന്നും എക്‌സിറ്റ് പോൾ ഫലങ്ങളെ സംബന്ധിച്ച് മെർക്കൽ പ്രതികരിച്ചു. ശക്തമായ പാർട്ടിയാണ് തങ്ങളുടേത്. ജനഹിതം അനുകൂലമാണ്. അടുത്ത സർക്കാർ രൂപീകരിക്കുക തന്നെ ചെയ്യും. തങ്ങൾക്കെതിരെ ഒരു സഖ്യസർക്കാർ എന്ന ആഗ്രഹം നടക്കാൻ പോകുന്നില്ലെന്നും മെർക്കൽ പറഞ്ഞു. 


 

Latest News