ന്യൂദല്‍ഹി- വായ്പകള്‍ക്ക് ആറു മാസത്തെ മൊറട്ടോറിയത്തിനൊപ്പം പലിശ ഒഴിവാക്കണമെന്ന ഹരജി പരിഗണിക്കരുതെന്ന ആവശ്യവുമായി റിസര്‍വ് ബാങ്ക് സുപ്രീം കോടതിക്ക് മുന്നില്‍. ഇത്തരത്തില്‍ പലിശ എഴുതി തള്ളിയാല്‍ ബാങ്കുകള്‍ക്ക് രണ്ടു ലക്ഷം കോടി രൂപയുടെ ബാധ്യതയുണ്ടാക്കുമെന്നും രാജ്യത്തിന്റെ ധനസ്ഥിതിയെ അട്ടിമറിക്കുമെന്നും ആര്‍.ബി.ഐ സുപ്രീം കോടതിയില്‍ ബോധിപ്പിച്ചു.
വായ്പാ പലിശ എന്നത് ബാങ്കുകളുടെ പ്രധാന വരുമാന മാര്‍ഗമാണ്. അക്കാര്യം കൊണ്ടു തന്നെ പലിശ ഒഴിവാക്കുന്ന കാര്യം പരിഗണിക്കാനാകില്ലെന്നും ആര്‍.ബി.ഐ വ്യക്തമാക്കി. ആറു മാസത്തെ പലിശ ഒഴിവാക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജിയില്‍ സുപ്രീം കോടതി നല്‍കിയ നോട്ടീസിനുള്ള മറുപടിയിലാണ് ആര്‍.ബി.ഐ ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം, വന്‍കിട കുത്തകകള്‍ക്ക് വായ്പ തിരിച്ചടയ്ക്കുന്നതില്‍ ഇളവ് തേടുന്ന ഓര്‍ഡിനന്‍സിന് കാബിനറ്റ് കഴിഞ്ഞ ദിവസം അംഗീകാരം നല്‍കിയിരുന്നു. കമ്പനികള്‍ക്ക് വായ്പാ തിരിച്ചടവിന് പ്രഖ്യാപിച്ച ആറു മാസത്തെ മൊറട്ടോറിയം ആറു മാസത്തേക്ക് കൂടി നീട്ടാന്‍ വേണ്ടിയുള്ളതാണിത്. ഇതു സംബന്ധിച്ച് കോര്‍പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക അറിയിപ്പ് ഉടന്‍ വരും.