Sorry, you need to enable JavaScript to visit this website.

ആരാധനാലയങ്ങള്‍ തുറക്കാന്‍ മാർഗരേഖ; വിഗ്രഹങ്ങളിലോ ഗ്രന്ഥങ്ങളിലോ തൊടരുത്

ന്യൂദൽഹി-  തിങ്കളാഴ്ച മുതൽ ആരാധനാലയങ്ങൾ തുറന്ന് പ്രവർത്തിക്കുന്നതിനുള്ള മാർഗരേഖ കേന്ദ്ര ആഭ്യന്ത്രമന്ത്രാലയം പുറത്തിറക്കി. ഇതുപ്രകാരം ആരാധനാലയത്തിലെ വിഗ്രഹത്തിലോ,  ഗ്രന്ഥങ്ങളിലോ തൊടാൻ ഭക്തരെ അനുവദിക്കില്ല.

പ്രസാദം, തീർത്ഥം എന്നിവ ആരാധനാലയത്തിനുള്ളിൽ നൽകാൻ പാടില്ല.   മെയ് 30-ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവിൽ  ജൂൺ എട്ടുമുതൽ ആരാധനാലയങ്ങൾ തുറന്നുപ്രവർത്തിക്കാമെന്ന് പറഞ്ഞിരുന്നു. ഇതുസംബന്ധിച്ച മാർഗനിർദേശങ്ങൾ പിന്നീട് പുറത്തിറക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. 

സമൂഹ പ്രാർത്ഥനയ്ക്ക് സ്വന്തം പായകൊണ്ടു വരണം. എല്ലാവർക്കും ഒരു പായ അനുവദിക്കില്ല .കോവിഡ് രോഗലക്ഷണം ഇല്ലാത്തവരെ മാത്രമേ ആരാധനാലയത്തിൽ പ്രവേശിക്കാൻ അനുവദിക്കൂ പ്രവേശന കവാടത്തിൽ താപനില പരിശോധിക്കാൻ സംവിധാനം ഉണ്ടാകണം. മാസ്കുകൾ ഇല്ലാത്തവരെ പ്രവേശിപ്പിക്കരുത് ഒരുമിച്ച് ആളുകളെ പ്രവേശിപ്പിക്കരുത്.

ആരാധനാലയത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് കൈയും കാലും സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം പാദരക്ഷകൾ കഴിവതും വാഹനങ്ങളിൽ തന്നെ വെക്കണം. അതിന് സാധിച്ചില്ലെങ്കിൽ പ്രത്യേകമായി സൂക്ഷിക്കണം. ഒരു കുടുംബത്തിലെ അംഗങ്ങൾക്ക് ഒരുമിച്ച് പാദരക്ഷകൾ വെക്കാം.

ക്യുവിൽ സാമൂഹിക അകലം ഉറപ്പാക്കണം. ആറടി അകലം ഉണ്ടാകണം ആരാധനാലയത്തിന് പുറത്തുള്ള കടകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിലും സാമൂഹിക അകലം ഉറപ്പാക്കണം ആരാധനാലയത്തിന് പുറത്തേക്ക് പോകാൻ പ്രത്യേക വഴി ഉണ്ടാകണം. വലിയ ആൾക്കൂട്ടം ഉണ്ടാകുന്ന ചടങ്ങുകൾ അനുവദിക്കരുത്.

പരാമാവധി റെക്കോർഡ് ചെയ്ത ആത്മീയ ഗാനങ്ങളും, വാദ്യമേളങ്ങളും ആണ് ഉപയോഗിക്കേണ്ടത്. തത്സമയ ചടങ്ങുകൾ അനുവദിക്കരുത്. ആരാധനാലയം കൃത്യമായ ഇടവേളകളിൽ കഴുകുകയും, അണുവിമുക്തമാക്കുകയും വേണം.

 ആരാധനാലയത്തിൽ വച്ച് അസുഖ ബാധിതരായാൽ, അവരെ പെട്ടെന്ന് ഒരു മുറിയിലേക്ക് മാറ്റണം. ഡോക്ടറെ വിളിച്ച് വരുത്തി പരിശോധിപ്പിക്കണം. കോവിഡ് സ്ഥിരീകരിച്ചാൽ ഉടൻ ആരാധനാലയം അണുവിമുക്തമാക്കണം.

65 വയസ്സ് കഴിഞ്ഞവരും, 10 വയസ്സിന് താഴെ ഉള്ളവരും, ഗർഭിണികളും, മറ്റ് അസുഖങ്ങൾ ഉള്ളവരും വീടുകളിൽ തന്നെ കഴിയണം. ആരോഗ്യ സംബന്ധമായ അടിയന്തര ആവശ്യങ്ങൾ ഇല്ലെങ്കിൽ അവർ വീടുകളിൽ നിന്ന് പുറത്തേക്ക് വരരുത്. ഇക്കാര്യങ്ങളെല്ലാം ആരാധനാലയങ്ങളുടെ മാനേജ്മെന്റുകൾ ഉറപ്പാക്കണമെന്നും മാർഗ്ഗരേഖയിൽ പറയുന്നു.

 

Latest News