ജിദ്ദ - അയ്യായിരം റിയാലിൽ കൂടുതൽ പണത്തിന് സ്വർണം വാങ്ങുന്നവർ പണം വെളുപ്പിക്കൽ സംശയത്തിന്റെ നിഴലിൽ വരും. ഇത്തരക്കാരെക്കുറിച്ച് ബന്ധപ്പെട്ട വകുപ്പുകൾക്ക് വിവരം നൽകുന്നതിന് സ്ഥാപന ഉടമകൾക്ക് അവകാശമുണ്ട്. വിദേശ ബാങ്ക് ഗാരണ്ടിയോടെ റിയൽ എസ്റ്റേറ്റ് വാങ്ങുന്നവരും പണം വെളുപ്പിക്കൽ സംശയത്തിന്റെ നിഴലിലാകും. ഇത്തരം ഇടപാടുകൾ പൂർത്തിയാക്കുന്നതിൽ പങ്കുള്ള ഏതു കക്ഷിയും അതേക്കുറിച്ച് ബന്ധപ്പെട്ട വകുപ്പുകൾക്ക് വിവരം നൽകൽ നിർബന്ധമാണ്. പണം വെളുപ്പിക്കൽ തടയുന്നതിനുള്ള മുൻകരുതൽ നടപടികൾ എത്രമാത്രം പാലിക്കുന്നുണ്ടെന്ന് നിരീക്ഷിക്കുന്നതിന് ജ്വല്ലറികളിലും റിയൽ എസ്റ്റേറ്റ് സ്ഥാപനങ്ങളിലും ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപനം നടത്തി വ്യാപകമായ പരിശോധനകൾ നടത്തുന്നതിന് വാണിജ്യ, നിക്ഷേപ മന്ത്രാലയം പദ്ധതി തയാറാക്കിയിട്ടുണ്ട്.
ഒറ്റ സ്വർണ പർച്ചേയ്‌സിംഗിലെ പരമാവധി പരിധി അയ്യായിരം റിയാലായി നിശ്ചയിച്ചിട്ടുണ്ടെന്ന് ജിദ്ദ ചേംബർ ഓഫ് കൊമേഴ്‌സിലെ ജ്വല്ലറി കമ്മിറ്റി വൈസ് പ്രസിഡന്റ് മുഹമ്മദ് അസ്സൂസ് പറഞ്ഞു. വാങ്ങൽ തുക അയ്യായിരം റിയാൽ കവിയുന്ന സ്വർണ ഇടപാടുകളിൽ പണം വെളുപ്പിക്കൽ സംശയിക്കുന്ന പക്ഷം അതേക്കുറിച്ച് ബന്ധപ്പെട്ട വകുപ്പുകളെ ജ്വല്ലറികൾ അറിയിക്കൽ നിർബന്ധമാണ്. പണം വെളുപ്പിക്കൽ സംശയത്തിന്റെ നിഴലിൽ വരാത്ത ഇടപാടുകളുടെ കൂടിയ പരിധി അയ്യായിരം റിയാലായി നിശ്ചയിച്ചത് തർക്കങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. എന്നാൽ നടപടികൾ എളുപ്പമാക്കുന്നതിന് പണം വെളുപ്പിക്കൽ വിരുദ്ധ വിഭാഗം സഹകരിക്കും. പണം വെളുപ്പിക്കൽ ഇടപാടുകൾ നിരീക്ഷിക്കുന്നതിന് വാണിജ്യ, നിക്ഷേപ മന്ത്രാലയത്തിനു കീഴിൽ പുതിയ വിഭാഗം ആരംഭിച്ചിട്ടുണ്ട്. പണം വെളുപ്പിക്കലുകളെ കുറിച്ച് ജ്വല്ലറി ഉടമകളെ ബോധവൽക്കരിക്കുന്നതിന് അടുത്തിടെ ഈ വിഭാഗവും ദേശീയ ജ്വല്ലറി കമ്മിറ്റിയും സഹകരിച്ച് ശിൽപശാല സംഘടിപ്പിച്ചിരുന്നെന്നും മുഹമ്മദ് അസ്സൂസ് പറഞ്ഞു.