തായിഫ് - സൗദിയില്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ പെരുന്നാള്‍ ആഘോഷിച്ച ജീവനക്കാര്‍ക്കെതിരെ തായിഫ് ആരോഗ്യ വകുപ്പ് ശിക്ഷാ നടപടികള്‍ സ്വീകരിച്ചു. ഗവണ്‍മെന്റ് ആശുപത്രിയിലെ സെക്ഷന്‍ മേധാവി പെരുന്നാള്‍ ദിവസം ആട്ടിറച്ചി ഉപയോഗിച്ച് തയാറാക്കിയ ഭക്ഷണം കൊണ്ടുവരികയും ഈ വിഭാഗത്തിലെ ജീവനക്കാരെല്ലാവരും ഒരുമിച്ചിരുന്ന് കഴിക്കുകയുമായിരുന്നു.
കൊറോണ വ്യാപനം തടയാന്‍ ശ്രമിച്ച് ബാധകമാക്കിയ നിയമങ്ങളും മുന്‍കരുതല്‍, പ്രതിരോധ നടപടികളും നിര്‍ദേശങ്ങളും ലംഘിച്ചാണ് ജീവനക്കാര്‍ ഒത്തുചേര്‍ന്ന് ഒരുമിച്ച് ഭക്ഷണം കഴിച്ച് പെരുന്നാള്‍ ആഘോഷിച്ചത്.
സംഭവം ശ്രദ്ധയില്‍ പെട്ടതോടെ തായിഫ് ആരോഗ്യ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. ആശുപത്രിയില്‍ പെരുന്നാള്‍ ആഘോഷിക്കാന്‍ ഭക്ഷണം കൊണ്ടുവന്ന സെക്ഷന്‍ മേധാവിയെ പദവിയില്‍ നിന്ന് നീക്കാനും മറ്റു എട്ടു ജീവനക്കാരുടെ ശമ്പളം കട്ട് ചെയ്യാനും അന്വേഷണ കമ്മിറ്റി ശുപാര്‍ശ ചെയ്യുകയായിരുന്നെന്ന് തായിഫ് ആരോഗ്യ വകുപ്പ് വക്താവ് അബ്ദുല്‍ഹാദി അല്‍റബീഅ പറഞ്ഞു.
അന്വേഷണ കമ്മിറ്റി സമര്‍പ്പിച്ച ശുപാര്‍ശകള്‍ തായിഫ് ആരോഗ്യ വകുപ്പ് മേധാവി സഈദ് അല്‍ഖഹ്താനി അതേപടി അംഗീകരിക്കുകയായിരുന്നെന്നും തായിഫ് ആരോഗ്യ വകുപ്പ് വക്താവ് പറഞ്ഞു.






