ഇമാമിന് കൊറോണ: ദമാമില്‍ മസ്ജിദ് അടച്ച് അണുവിമുക്തമാക്കി

ദമാം - ഇമാമിന് കൊറോണ ബാധിച്ചെന്ന സംശയത്തെ തുടര്‍ന്ന് ദമാമിലെ മസ്ജിദ് ഇസ്‌ലാമികകാര്യ മന്ത്രാലയം അടച്ച് അണുവിമുക്തമാക്കി. കൊറോണ ബാധിച്ചതായി സംശയിക്കുന്നതായി ഇമാം വാട്‌സ്ആപ്പിലൂടെ പ്രദേശവാസികളെ അറിയിക്കുകയായിരുന്നു. ഇതേ കുറിച്ച് ഇസ്‌ലാമികകാര്യ മന്ത്രാലയ ശാഖയെയും ഇമാം അറിയിച്ചു. ഉടന്‍ തന്നെ മന്ത്രാലയ ശാഖ മസ്ജിദ് അടക്കുകയായിരുന്നു.
മുന്‍കരുതലെന്നോണം മസ്ജിദില്‍ ബാങ്ക് വിളിക്കുന്നതില്‍ നിന്ന് മുഅദ്ദിനെയും വിലക്കിയിട്ടുണ്ടെന്ന് കിഴക്കന്‍ പ്രവിശ്യ ഇസ്‌ലാമികകാര്യ മന്ത്രാലയ ശാഖക്കു കീഴിലെ മസ്ജിദ് കാര്യ വകുപ്പ് മേധാവി അഹ്മദ് അല്‍മശാഹീര്‍ പറഞ്ഞു. ഇമാമും മുഅദ്ദിനും വൈറസ് മുക്തരാണെന്ന് വ്യക്തമാകുന്നതു വരെ മസ്ജിദില്‍ നമസ്‌കാരങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ബദല്‍ ഇമാമിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ജീവനക്കാര്‍ക്കോ വിശ്വാസികള്‍ക്കോ ഇടയില്‍ കൊറോണബാധ സംശയിക്കുന്ന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ ഏതു മസ്ജിദിലും ഇതേ നടപടികള്‍ സ്വീകരിക്കും. മുന്‍കരുതലെന്നോണം മസ്ജിദുകള്‍ അടക്കുകയും പൂര്‍ണമായും അണുവിമുക്തമാക്കുകയും ചെയ്യുമെന്നും അഹ്മദ് അല്‍മശാഹീര്‍ പറഞ്ഞു. കൊറോണ വ്യാപനം തടയാന്‍ ശ്രമിച്ച് രണ്ടര മാസം മുമ്പ് അടച്ചിട്ട ശേഷം കഴിഞ്ഞ ഞായറാഴ്ചയാണ് രാജ്യത്തെ മസ്ജിദുകളില്‍ ജമാഅത്ത് നമസ്‌കാരങ്ങള്‍ പുനരാരംഭിച്ചത്.

 

Latest News