സൈനിക ഉടമ്പടിയില്‍ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

ന്യൂദല്‍ഹി- ഇന്ത്യയും ഓസ്‌ട്രേലിയയും സൈനിക ഉടമ്പടിയില്‍ ഒപ്പുവെച്ചു. രണ്ട് രാജ്യങ്ങളുടെയും സൈനിക താവളങ്ങള്‍ പരസ്പരം ഉപയോഗിക്കാനുള്ള കരാറിലാണ് ഇന്ത്യയും ഓസ്‌ട്രേലിയയും ഒപ്പുവെച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോഡിയും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണും ഇന്ന് നടന്ന വിര്‍ച്വല്‍ കൂടിക്കാഴ്ചയിലാണ് കരാറൊപ്പിട്ടത്.

മ്യൂച്ചല്‍ ലോജിസ്റ്റിക്‌സ് സപ്പോര്‍ട്ട് എഗ്രിമെന്റ് അനുസരിച്ച് ഇരു രാജ്യങ്ങളുടെയും സൈനികര്‍ക്ക് പരസ്പരം താവളങ്ങള്‍ ഉപയോഗിച്ച് അറ്റകുറ്റപ്പണികളും സപ്ലൈകളും നിറയ്ക്കാന്‍ കഴിയും, കൂടാതെ മൊത്തത്തിലുള്ള പ്രതിരോധ ബന്ധങ്ങള്‍ ശക്തമാക്കാനും കരാര്‍ അനുവദിക്കുന്നു. യുഎസ്, ഫ്രാന്‍സ്, സിംഗപ്പൂര്‍ എന്നിവയുമായി ഇന്ത്യയ്ക്ക് ഇതിനകം സമാനമായ കരാറുകളുണ്ട്.

പങ്കിട്ട സുരക്ഷാ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനുള്ള പുതിയ മാര്‍ഗ്ഗങ്ങള്‍ വികസിപ്പിക്കുന്നതിനായി തങ്ങളുടെ സൈനികാഭ്യാസവും പരസ്പരമുള്ള ഇടപഴകലുകളുടെ വ്യാപ്തിയും സങ്കീര്‍ണ്ണതയും വര്‍ദ്ധിപ്പിച്ച് പ്രതിരോധ സഹകരണം കൂടുതല്‍ വിപുലമാക്കാനും വിപുലീകരിക്കാനും ഇരുരാജ്യങ്ങളും ധാരണയായി. 
വര്‍ദ്ധിച്ചുവരുന്ന ഭീകരവാദ ഭീഷണി, ഇന്തോ-പസഫിക് മേഖലയിലെ സമുദ്ര സുരക്ഷാ വെല്ലുവിളികള്‍, ലോക വ്യാപാര സംഘടനയിലെ പരിഷ്‌കരണം, കൊറോണ വൈറസ് പ്രതിസന്ധിയെ നേരിടാനുള്ള മാര്‍ഗങ്ങള്‍ തുടങ്ങി നിരവധി വിഷയങ്ങള്‍ ഇരുരാഷ്ട്രതലവന്‍മാര്‍ ചര്‍ച്ച ചെയ്തു.

Latest News