പാക്കിസ്ഥാനെ ഞെട്ടിച്ച് കോവിഡ് രോഗികളില്‍ റെക്കോര്‍ഡ് വര്‍ധന; ചൈനക്കും മുന്നില്‍

ഇസ്‌ലാമാബാദ്- പാക്കിസ്ഥാനില്‍ 24 മണിക്കൂറിനിടെ 4,688 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ കോവിഡ് രോഗികളുടെ എണ്ണം 85,246 ആയി. പുതിയ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുകയും വ്യാപിക്കുകയും ചെയ്ത ചൈനയേക്കാള്‍ മുന്നിലെത്തിയിരിക്കയാണ് പാക്കിസ്ഥാന്‍.
84,160 പേര്‍ക്ക് രോഗം ബാധിച്ച ചൈന ആഗോളതലത്തില്‍ രോഗബാധിതരുടെ പട്ടികയില്‍ ഇപ്പോള്‍ പാക്കിസ്ഥാന് പിറികെ പതിനെട്ടാം സ്ഥാനത്തായി. വ്യാഴാഴ്ച വരെ 1770 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചതെന്ന് പാക്കിസ്ഥാന്‍ ദേശീയ ആരോഗ്യ വകുപ്പ് വ്യക്തമാക്കി. 82 പേര്‍ക്കാണ് 24 മണിക്കൂറിനിടെ ജീവന്‍ നഷ്ടമായത്. 4688 പേര്‍ക്ക് ഒറ്റ ദിവസം രോഗം ബാധിച്ച് ഇതുവരെയുള്ള കണക്കില്‍ റെക്കോര്‍ഡാണ്. 30,128 പേരാണ് ഇതിനകം രോഗമുക്തി നേടിയത്. സിന്ധ് പ്രവിശ്യയില്‍ 32,910 കേസുകളും പഞ്ചാബ് പ്രവിശ്യയില്‍ 31,104 കേസുകളും സ്ഥിരീകരിച്ചു. മറ്റു പ്രവിശ്യകള്‍: പഖ്തൂണ്‍ക്വ-11,373, ബലൂചിസ്ഥാന്‍-5224, ഇസ്്‌ലാമാബാദ്-3544, ഗില്‍ജിത്-ബാള്‍ടിസ്ഥാന്‍-824, പാക്കധീന കശ്മീര്‍-285.
കഴിഞ്ഞ 24 മണിക്കൂറില്‍ 20,167 ടെസ്റ്റ് നടത്താന്‍ കഴിഞ്ഞത് കോവിഡ് പോരാട്ടത്തില്‍ നേട്ടമാണ്. ഇതുവരെ 6,11,511 കോവിഡ് ടെസ്റ്റുകളാണ് നടത്തിയത്. രോഗബാധിതരുടെ എണ്ണം ഗണ്യമായി തുടരുന്നതിനാല്‍ നിയന്ത്രണങ്ങള്‍ പാലിക്കുന്നതിനും മുന്‍കരുതല്‍ നടപടികള്‍ സ്വകീരിക്കുന്നതിനും ദേശവ്യാപകമായി പ്രചാരണവും ബോധവല്‍ക്കരണവും ശക്തമാക്കാന്‍ തീരുമാനിച്ചാതായി ആസൂത്രണ മന്ത്രി ആസാദ് ഉമര്‍ പറഞ്ഞു.
ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ അധ്യക്ഷതവഹിച്ച് സംസാരിക്കുകയായിരുന്നു നാഷണല്‍ കമാന്‍ഡ് ആന്റ് ഓപറേഷന്‍ സെന്റര്‍ ചെയര്‍മാന്‍ കൂടിയായ അദ്ദേഹം.

 

Latest News