ന്യൂദൽഹി- കോവിഡ് വ്യാപനം തടയുന്നതിന് ഏർപ്പെടുത്തിയ ലോക്ഡൗണിൽ കേന്ദ്ര സർക്കാർ സമ്പൂർണ്ണ പരാജയമായിരുന്നുവെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ലോക മഹായുദ്ധ കാലഘട്ടത്തേക്കാൾ മോശമായിട്ടാണ് ലോക്ഡൗൺ ഇന്ത്യയിൽ നടപ്പാക്കിയതെന്നും രാഹുൽ വിമർശിച്ചു. കോവിഡ് പ്രതിസന്ധിയും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയും സംബന്ധിച്ച് ബജാജ് ഓട്ടോ മാനേജിങ് ഡയറക്ടർ രാജീവ് ബജാജുമായി നടത്തിയ ഓൺലൈൻ സംവാദത്തിലാണ് രാഹുൽ ഗാന്ധി ഇക്കാര്യം പറഞ്ഞത്.
'ലോക്ഡൗൺ ഇന്ത്യയിൽ നടപ്പാക്കിയ രീതി ലോകമഹായുദ്ധ കാലഘട്ടത്തേക്കാൾ മോശമായിരിക്കാം. ലോക മഹായുദ്ധകാലത്ത് പോലും ലോകം ഇങ്ങനെ പൂട്ടിയിട്ടിരിക്കുകയായിരുന്നുവെന്ന് ഞാൻ കരുതുന്നില്ല. ഇത് ഒരു അപൂർവ്വവും വിനാശകരവുമായ പ്രതിഭാസമാണ്'രാഹുൽ പറഞ്ഞു.
ദരിദ്രരേയും കുടിയേറ്റ തൊഴിലാളികളേയും ലോക്ഡൗൺ വളരെ മോശമായി ബാധിച്ചു. അവർക്ക് പോകാൻ ഒരിടമില്ലായിരുന്നു. കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് സഹായം നൽകി പ്രാപ്തമാക്കുകയും പോരാട്ടം മുഖ്യമന്ത്രിമാർക്ക് കൈമാറുകയും ചെയ്യണമായിരുന്നു. കേന്ദ്ര സർക്കാർ ഇപ്പോൾ പിൻമാറി. ക്രിയാത്മകമായ നടപടി സ്വീകരിക്കുന്നതിൽ കേന്ദ്രം ഒരുപാട് വൈകുകയും ചെയ്തുവെന്നും രാഹുൽ കൂട്ടിച്ചേർത്തു. എന്ത് ചെയ്യണമായിരുന്നുവെന്ന രാജീവ് ബജാജിന്റെ ചോദ്യത്തോടായിരുന്നു രാഹുലിന്റെ പ്രതികരണം.






